സൗദി സൂപ്പർ കപ്പിൻ്റെ സെമി ഫൈനലിൽ തിളങ്ങിയ ജാവോ ഫെലിക്സിൻ്റേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ആഹ്ളാദം Source: X/ AlNassr FC
FOOTBALL

മരിച്ചുകളിച്ചിട്ടും ക്രിസ്റ്റ്യാനോയോടും കൂട്ടരോടും തോറ്റ് ബെൻസിമയുടെ അൽ ഇത്തിഹാദ്; അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ

61ാം മിനിറ്റിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് പിറന്ന ജാവോ ഫെലിക്സിൻ്റെ ഗോളിൻ്റെ ബലത്തിലാണ് അൽ നസർ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്.

Author : ന്യൂസ് ഡെസ്ക്

സൗദി സൂപ്പർ കപ്പിൻ്റെ ആദ്യ സെമി ഫൈനലിൽ കരീം ബെൻസിമയുടെ അൽ ഇത്തിഹാദിനെ പോർച്ചുഗീസ് പടക്കോപ്പുകളുടെ കൗണ്ടർ അറ്റാക്കിങ്ങിൽ തരിപ്പണമാക്കി അൽ നസർ. 61ാം മിനിറ്റിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് പിറന്ന ജാവോ ഫെലിക്സിൻ്റെ ഗോളിൻ്റെ ബലത്തിലാണ് അൽ നസർ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്.

പത്താം മിനിറ്റിൽ അൽ നസറിനെ മുന്നിലെത്തിച്ച സാദിയോ മാനെ 25ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ട് പുറത്തായിരുന്നു. ഇതോടെ മത്സരത്തിൻ്റെ ഭൂരിഭാഗം സമയത്തും പത്ത് പേരുമായി കളിക്കാനായിരുന്നു അൽ ആലാമികളുടെ വിധി. ആദ്യ പകുതിയിൽ ഇരു ടീമനുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിലായിരുന്നു. 16ാം മിനിറ്റിൽ സ്റ്റീവൻ ബെർഗ്‌വിൻ ആണ് ഇത്തിഹാദിനെ ഒപ്പമെത്തിച്ചത്.

നിലവിലെ സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഇത്തിഹാദിനെ തോൽപ്പിക്കാൻ കഴിഞ്ഞതിലൂടെ അൽ നസറിന് മികച്ചൊരു സീസണാകും സൗദി ലീഗിൽ ഇക്കുറി ഉണ്ടാവുകയെന്നാണ് സൂചന. 65 ശതമാനം ബോൾ പൊസഷൻ ഉണ്ടായിരുന്നിട്ടും കളി ജയിക്കാൻ വേണ്ട ഗോളുകൾ നേടാനായില്ലെന്നതാണ് ഇത്തിഹാദിന് തിരിച്ചടിയായത്. അൽ നസർ പ്രതിരോധവും കളിയിലുടനീളം മികവ് പുലർത്തി.

ബുധനാഴ്ച വൈകിട്ട് 5.30നാണ് രണ്ടാമത്തെ സെമി ഫൈനൽ. ഹോങ് കോങ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അൽ ഖദീസിയയും അൽ ആഹ്‌ലിയും തമ്മിലാണ് മത്സരം. ഈ മത്സരത്തിലെ ജേതാക്കളെയാകും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഓഗസ്റ്റ് 23ന് വൈകിട്ട് 5.30ന് ഫൈനലിൽ നേരിടുക.

SCROLL FOR NEXT