courtesy' GETTY
FOOTBALL

നിയമപോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ കിരീടം തിരിച്ചുപിടിച്ച് സെനഗൽ; മൊറോക്കോയ്ക്ക് തിരിച്ചടി

പത്തുമാസത്തെ നിയമപോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ ചാമ്പ്യന്മാരെന്ന പദവി സെനഗലിന് തിരികെ ലഭിച്ചു; ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം മൊറോക്കോയ്ക്ക് നൽകിയ മുൻ ഉത്തരവ് കായിക തർക്കപരിഹാര കോടതി (CAS) റദ്ദാക്കി.

Author : ന്യൂസ് ഡെസ്ക്

ലൊസെയ്ൻ: പത്തുമാസത്തിലേറെ നീണ്ട നാടകീയമായ നിയമപോരാട്ടങ്ങൾക്കൊടുവിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന് തിരികെ ലഭിച്ചു. ഫൈനലിലെ വിവാദങ്ങളെത്തുടർന്ന് കിരീടം മൊറോക്കോയ്ക്ക് കൈമാറാനുള്ള ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അപ്പീൽ ബോർഡിന്റെ മുൻ ഉത്തരവ് കായിക തർക്കപരിഹാര കോടതി (CAS) റദ്ദാക്കിയതോടെയാണ് ആഫ്രിക്കൻ ചാമ്പ്യന്മാരെന്ന പദവി സെനഗലിനെ തേടി വീണ്ടുമെത്തിയത്. വിധി വന്നതിന് പിന്നാലെ വലിയ ആഘോഷമാണ് സെനഗൽ ക്യാമ്പിൽ നടക്കുന്നത്. "ഒരിക്കൽ കൂടി, എന്നെന്നേക്കുമായി ആഫ്രിക്കയുടെ ചാമ്പ്യന്മാർ" എന്നാണ് സെനഗൽ ഫുട്ബോൾ ഫെഡറേഷൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

കഴിഞ്ഞ ജനുവരിയിൽ മൊറോക്കോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ സെനഗൽ ജേതാക്കളായിരുന്നുവെങ്കിലും, മത്സരത്തിന്റെ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് താരങ്ങൾ മൈതാനം വിട്ടിറങ്ങിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടർന്ന് മാർച്ചിൽ ചേർന്ന സി.എ.എഫ് അപ്പീൽ ബോർഡ്, സെനഗലിന്റെ പ്രവൃത്തി ചട്ടലംഘനമാണെന്ന് വിലയിരുത്തി കിരീടം തിരിച്ചെടുക്കുകയും മൊറോക്കോയെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ സെനഗൽ ഫുട്ബോൾ ഫെഡറേഷൻ നൽകിയ അപ്പീലിലാണ് ഇപ്പോൾ നിർണ്ണായക വിധിയുണ്ടായിരിക്കുന്നത്.

പ്രതിഷേധത്തിന് ശേഷം കളി പുനരാരംഭിക്കാൻ റഫറി എൻഡാല എടുത്ത തീരുമാനത്തിൽ യാതൊരുവിധ നിയമപ്പിഴവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കളിക്കാൻ വിസമ്മതിക്കുന്ന ടീമിനെ പരാജിതരായി പ്രഖ്യാപിക്കുന്ന ടൂർണമെന്റ് ചട്ടങ്ങൾ, ഒരു ടീമിന്റെ പെരുമാറ്റം കാരണം റഫറിക്ക് മത്സരം പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ മാത്രമേ ബാധകമാകൂ എന്ന് സി.എ.എസ് പാനൽ വ്യക്തമാക്കി. അങ്ങേയറ്റം സമ്മർദ്ദമേറിയ അന്തരീക്ഷത്തിലാണ് റഫറി തീരുമാനമെടുത്തതെങ്കിലും, അത് ഏകപക്ഷീയമാണെന്നോ പുറമെ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വിധേയമാണെന്നോ പറയാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT