ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്ക് തോൽവി. സ്പോർട്ടിംഗ് ക്ലബ് ഡൽഹിക്കെതിരായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.
പുതിയ ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 36-ാം മിനിറ്റിൽ ഐമനിലൂടെയാണ് ഡൽഹി ലീഡെടുത്തത്. വലതുവശത്തുനിന്നുള്ള മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് ഐമൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ സെറ്റ് പീസുകളിലൂടെയും മറ്റും ബ്ലാസ്റ്റേഴ്‌സ് ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫൈനൽ തേർഡിലെ പോരായ്മകൾ തിരിച്ചടിയായി.
രണ്ടാം പകുതിയിൽ എബിദാസിനെ കളത്തിലിറക്കി ആക്രമണം ശക്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചത്. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾക്കിടെ എബിദാസ് തൊടുത്ത ഒരു ഷോട്ട് ഗോൾകീപ്പർ നോറ ഫെർണാണ്ടസ് തടഞ്ഞിട്ടു. സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് നിരന്തരം സമ്മർദ്ദം ചെലുത്തിയെങ്കിലും ഡൽഹി പ്രതിരോധം ഉറച്ചുനിന്നു.
മത്സരത്തിന്റെ 84ാം മിനിറ്റിൽ ഐബാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. പത്ത് പേരുമായി പൊരുതിയ ബ്ലാസ്റ്റേഴ്‌സിനെതിരെ ഇൻജുറി ടൈമിൽ ബാബോവിച്ചിലൂടെ ഡൽഹി രണ്ടാം ഗോളും നേടി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഏപ്രിൽ 11ന് ബെംഗളൂരുവിൽ ബെംഗളൂരു എഫ്‌സിക്കെതിരെയാണ്.