സാവി ഫെർണാണ്ടസ് Source: X
FOOTBALL

ആ അപേക്ഷ സാവിയുടേതല്ല! എഐഎഫ്എഫിന് കിട്ടിയ മെയില്‍ 19കാരന്റെ തമാശ

സാവി ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനാകാന്‍ അപേക്ഷിച്ചിട്ടില്ലെന്ന് ബാർസാ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ സ്പാനിഷ് മുന്‍ താരം സാവി ഫെർണാണ്ടസ് അപേക്ഷ സമർപ്പിച്ചിട്ടില്ല. സാവിയുടേത് എന്ന തരത്തില്‍ അപേക്ഷ നല്‍കി 19കാരന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) പറ്റിക്കുകയായിരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകള്‍.

എഐഎഫ്എഫ് ദേശീയ ടീം ഡയറക്ടർ സുബ്രത പോൾ ആദ്യം സാവിയുടെ അപേക്ഷ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോയിൽ ‘xaviofficialfcb@gmail.com’ എന്ന വിലാസത്തിൽ നിന്നുള്ള പ്രാങ്ക് ഇമെയിൽ കാണിച്ചു.

സാവി പറഞ്ഞ പ്രതിഫലം താങ്ങാനാകുന്നതല്ല എന്ന് ചൂണ്ടിക്കാട്ടി എഐഎഫ്എഫ് ഈ അപേക്ഷ നിരസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്പോർട്സ് ജേണലിസ്റ്റ് നമൻ സൂരി സോഷ്യൽ മീഡിയയിൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. യഥാർത്ഥത്തിൽ ആ അപേക്ഷ ഒരു കൗമാരക്കാരന്റെ തമാശയായിരുന്നു എന്നാണ് നമൻ സൂരിയുടെ എക്സ് പോസ്റ്റ്.

"ഇന്ത്യയുടെ പരിശീലകനാകാൻ അപേക്ഷിച്ചത് സാവി അല്ല. വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് ഒരു 19 വയസുകാരനായിരുന്നു. ഞാൻ അയാളോട് സംസാരിച്ചു. അയാള്‍ തന്റെ സെന്റ് ഫോൾഡറിൽ നിന്നുള്ള ഒരു സ്ക്രീൻ റെക്കോർഡിംഗ് എനിക്ക് കാണിച്ചുതന്നു,” സൂരി എക്സില്‍ കുറിച്ചു. സ്ക്രീന്‍ റെക്കോർഡിങ്ങും സൂരി പങ്കുവെച്ചു.

സാവി ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനാകാന്‍ അപേക്ഷിച്ചിട്ടില്ലെന്ന് ബാർസാ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. സാവിയും എഐഎഫ്എഫും തമ്മില്‍ യാതൊരു തരത്തിലുമുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നാണ് ലോകപ്രശസ്ത ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയും പറഞ്ഞിരുന്നു.

SCROLL FOR NEXT