
കൊച്ചി: ഇന്ത്യൻ ഫുട്ബോൾ പരിശീലകരുടെ ചുരുക്കപ്പട്ടികയിൽ നിന്നും സ്പാനിഷ് ഇതിഹാസം സാവി ഫെർണാണ്ടസിനെ ഒഴിവാക്കിയിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ടെക്നിക്കൽ കമ്മിറ്റി ഡയറക്ടർ ഐ.എം. വിജയൻ. 170 അപേക്ഷകരിൽ നിന്നും തയ്യാറാക്കിയ 10 പേരുടെ ചുരുക്കപ്പട്ടികയിൽ ഒന്നാം പരിഗണന സാവിക്കാണ്. എഐഎഫ്എഫ് ഭാരവാഹികൾ പ്രതിഫലത്തുക സംബന്ധിച്ച് ചർച്ച നടത്തുകയാണെന്നും ഐ.എം. വിജയന്‍. സ്പാനിഷ് കോച്ച് മനോളോ മാര്‍ക്വേസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനെ കണ്ടെത്താന്‍ എഐഎഫ്എഫ് അപേക്ഷ ക്ഷണിച്ചത്.
സാവി പരിശീലകനായി എത്തണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം എന്ന് വിജയൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇന്ത്യയെ അറിയുന്ന പരിശീലകൻ തന്നെയാണ് രാജ്യത്തെ ഫുട്ബോളിന് ഗുണം ചെയ്യുക. എന്നാൽ, സാവിയെപ്പോലൊരു ഇതിഹാസ താരം ഇന്ത്യയിലേക്ക് എത്തുന്നത് അഭിമാനമാണെന്നും വിജയൻ. അർജന്റീന ടീമും ലയണൽ മെസ്സിയും കേരളത്തിൽ എത്തുമെന്നും. അർജനിറീന ദേശീയ ടീമുമായി സർക്കാർ കരാറിൽ ഏർപ്പെട്ടതായി കായിക മന്ത്രി അറിയിച്ചതായും ഐ.എം. വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം, സാവിയുടെയും പെപ് ഗ്വാർഡിയോളയുടെയും അപേക്ഷകളുടെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് എഐഎഫ്എഫ് പറയുന്നത്. സ്പെയിനിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സാവിയും എഐഎഫ്എഫും തമ്മില്‍ യാതൊരു തരത്തിലുമുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നാണ് ലോകപ്രശസ്ത ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ പറയുന്നത്.
സ്‌പെയിനിന്റെ 2010 ലോകകപ്പ് വിജയത്തില്‍ മുഖ്യപങ്കാളിയായിരുന്നു സാവി ഫെർണാണ്ടസ്. ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ വിശ്വസ്ത മധ്യനിര താരമായിരുന്നു. ക്ലബിനായി എഴുന്നൂറിലേറെ മത്സരങ്ങള്‍ കളിച്ച സാവി മൂന്നുതവണ ചാമ്പ്യന്‍സ് ലീഗും അഞ്ചുതവണ ലാലിഗയും നേടിയ ടീമിലുണ്ടായിരുന്നു. 2021-24 കാലയളവില്‍ ബാഴ്‌സലോണയുടെ പരിശീലകനുമായിരുന്നു.