Source: ANI
FOOTBALL

മെസ്സിയും ഇൻ്റർ മയാമി ടീമംഗങ്ങളും ഹൈദരാബാദിലേക്ക്; രേവന്ത് റെഡ്ഡിയുടെ സെലിബ്രിറ്റി ടീമിനെതിരെ പന്ത് തട്ടും

'റൈസിങ് തെലങ്കാന 2047'ൻ്റെ അംബാസഡറായി മെസ്സിയെ അവതരിപ്പിക്കാനാണ് കോൺഗ്രസ് സർക്കാരിൻ്റെ നീക്കം.

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: ഡിസംബർ 13ന് ആരംഭിക്കുന്ന ലയണൽ മെസ്സിയുടെയും ഇൻ്റർ മയാമിയിലെ സഹതാരങ്ങളുടെയും ഗോട്ട് ടൂറിൻ്റെ ഭാഗമായി അർജൻ്റൈൻ ഇതിഹാസ താരം മെസ്സി ഹൈദരാബാദിലെത്തും. ടൂറിസം, കായിക, നിക്ഷേപ, വ്യവസായ മേഖലകളിൽ തെലങ്കാനയുടെ കുതിച്ചു ചാട്ടം സ്വപ്നം കാണുന്ന, 'റൈസിങ് തെലങ്കാന 2047'ൻ്റെ അംബാസഡറായി മെസ്സിയെ അവതരിപ്പിക്കാനാണ് കോൺഗ്രസ് സർക്കാരിൻ്റെ നീക്കം.

ഡിസംബർ 13ന് കൊൽക്കത്തയിൽ എത്തുന്ന മെസ്സിയും സംഘവും അതേ ദിവസം തന്നെ ഹൈദരാബാദിലും എത്തും. ഡിസംബർ 14ന് മുംബൈയിലും 15ന് ഡൽഹിയിലുമായാണ് പിന്നീടുള്ള സന്ദർശനം. ഹൈദരാബാദിൽ മെസ്സിയും ലൂയി സുവാരസും റോഡ്രിഗോ ഡി പോളും ഉൾപ്പെടുന്ന ഇൻ്റർ മയാമി ടീമും സെലിബ്രിറ്റി ടീമും തമ്മിൽ 'ഗോട്ട് കപ്പ്' പ്രദർശന മത്സരം നടക്കും.

സെലിബ്രിറ്റി ടീമിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മെസ്സിക്കെതിരെ ബൂട്ട് കെട്ടി കളിക്കാനെത്തും. ഉപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലോ അല്ലെങ്കിൽ ഗച്ചി ബൗളി സ്റ്റേഡിയത്തിലോ ആയിരിക്കും പ്രദർശന മത്സരം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ഇൻ്റർ മയാമിയുടെ ഹൈദരാബാദ് സന്ദർശനത്തിൻ്റെ പോസ്റ്റർ പുറത്തിറക്കി.

SCROLL FOR NEXT