Photo | BBC
FOOTBALL

യുവേഫ നേഷൻസ് ലീഗ്: സ്പെയിനിന്റെ അപരാജിതകുതിപ്പിന് ഫുൾ സ്റ്റോപ്പിട്ട് ഇംഗ്ലണ്ട്

ഇന്നലെ നടന്ന മറ്റുമത്സരങ്ങളിൽ ഫ്രാൻസ് തുർക്കിയയെ 2-1 നും ബെൽജിയം ഇറ്റലിയെ 4-1 നും തകർത്തു. നേഷൻസ്‌ലീഗിലെ നിർണായക മത്സരത്തിൽ മുൻലോക ചാമ്പ്യന്മാരായ ജർമനി ഇന്ന് നെതർലാൻഡ്സിനെ നേരിടും

Author : ന്യൂസ് ഡെസ്ക്

മാഡ്രിഡ്: നാല്പത്തിമൂന്ന് മത്സരങ്ങളുടെ അപരാജിത കുതിപ്പുമായി സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ടിനെ നേരിട്ട സ്പാനിഷ് പടക്ക് തോൽവി. തീർത്തും നിഷ്പ്രഭരായ മത്സരത്തിൽ 3-2 നാണ് തോൽവി. എന്നാൽ സ്‌കോർ കാർഡിൽ നിന്നും വിഭിന്നമായി ഇംഗ്ലണ്ട് നിറഞ്ഞു കളിച്ച മത്സരത്തിൽ, എലിയറ്റ് ആൻഡേഴ്സൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ആണ് സ്പെയിൻ മത്സരത്തിലേക്ക് തിരിച്ചുവന്നതും രണ്ട് ഗോൾ തിരിച്ചടിച്ചതും.

ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ ഗോൾ സ്കോറിങ് തുടങ്ങിവെച്ചപ്പോൾ പ്രതിരോധനിരക്കാരൻ കോൻസയും ബെൻ വൈറ്റും ഗോളടി പൂർത്തിയാക്കി. ഗോളടിക്കാനായില്ലെങ്കിലും അസിസ്റ്റുമായി ഇംഗ്ളണ്ടിനുവേണ്ടി കളം നിറഞ്ഞു കളിച്ചത് റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്‌ഹാമാണ്.സ്പാനിഷ് പടക്കായി സ്‌ട്രൈക്കർ ഒയർസബാളും നിക്കോ വില്യംസും ഗോളുകൾ നേടി. സ്പാനിഷ് മധ്യനിരയിൽ കളിമെനയുന്ന റോഡ്രിയുടെ അഭാവം പ്രകടമായിരുന്നു.

ഇന്നലെ നടന്ന മറ്റുമത്സരങ്ങളിൽ ഫ്രാൻസ് തുർക്കിയയെ 2-1 നും ബെൽജിയം ഇറ്റലിയെ 4-1 നും തകർത്തു. നേഷൻസ്‌ലീഗിലെ നിർണായക മത്സരത്തിൽ മുൻലോക ചാമ്പ്യന്മാരായ ജർമനി ഇന്ന് നെതർലാൻഡ്സിനെ നേരിടും. ഗ്രീസുകൂടി അടങ്ങുന്ന 'മരണഗ്രൂപ്പി'ൽ നിന്ന് പുറത്ത് കടക്കാൻ ജർമനിക്ക് വിജയം അനിവാര്യമാണ്. കഴിഞ്ഞ കളിയിൽ ഗ്രീസിനെ ഏഴുഗോളുകൾക്ക് തോല്പിച്ച് തകർപ്പൻഫോമിലാണ് ഡച്ച് പട. ആരാധകർക്ക് വിരുന്നാകും ബെർലിന് ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ.

SCROLL FOR NEXT