സെമിയില്‍ ഫ്രാന്‍സിനെതിരായ വിജയാഘോഷത്തില്‍ സ്പെയിന്‍ താരങ്ങള്‍ Source: X/ UEFA EURO
FOOTBALL

UEFA Nations League| ഫൈനല്‍ പോരില്‍‌ ക്രിസ്റ്റ്യാനോയും യമാലും നേർക്കുനേർ; ത്രില്ലർ സെമിയില്‍ ഫ്രാൻസിനെ തകർത്ത് സ്പാനിഷ് പട

തുടർച്ചയായ മൂന്നാം തവണയാണ് സ്പെയിന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

യുവേഫ നേഷൻസ് ലീഗ് ഫുട്ബോള്‍ സെമിയില്‍ ഫ്രാൻസിനെ തകർത്ത് സ്‌പെയിൻ ഫൈനലിൽ. നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ്  MHP അരീനയിലെ സ്‌പെയിനിന്റെ ജയം. സെമിയില്‍ ഇരട്ട ഗോള്‍ നേടിയ പതിനേഴുകാരനായ സൂപ്പർതാരം യാമിന്‍ യമാലിന്റെ കരുത്തിലാണ് സ്പെയിന്‍ ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് സ്പെയിന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്.

22-ാം മിനിറ്റില്‍ നിക്കോ വില്യംസിലൂടെയാണ് സ്പെയിന്‍ കളിയില്‍ ലീഡെടുത്തത്. മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തില്‍ മിഖേൽ മെറീനോയും (25') സ്പെയിനിനായി വല ചലിപ്പിച്ചു. 54-ാം മിനിറ്റിൽ സ്പെയിനിന് അനുകൂലമായ ലഭിച്ച പെനാൽറ്റി ഗോളാക്കി യമാല്‍ ലീഡ് ഉയർത്തി (3-0). 55-ാം മിനിറ്റില്‍ പെഡ്രിയും ഗോള്‍ കണ്ടെത്തിയതോടെ സ്പെയിന്‍ സ്കോർ 4-0 ആയി ഉയർന്നു. 59-ാം മിനിറ്റില്‍ കിലിയന്‍ എംബാപെയിലൂടെ ഫ്രാന്‍സ് ഒരു ഗോള്‍ മടക്കിയെങ്കിലും യമാലിന്റെ 67-ാം മിനിറ്റിലെ രണ്ടാം ഗോളിലൂടെ സ്പെയിന്‍ തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ചു.

നാല് ഗോളിന് പിന്നില്‍ നിന്ന ഫ്രാന്‍സ് സർവശക്തിയുമെടുത്ത് തിരിച്ചുവരവിന് ശ്രമിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. 79-ാം മിനിറ്റില്‍ ഫ്രാന്‍സിനു വേണ്ടി റയാന്‍ ചെർക്കി രണ്ടാം ഗോള്‍ നേടി. ഇതോടെ സ്കോർ 5-2 എന്നായി. 84-ാം മിനിറ്റില്‍ സ്പെയിന്‍ താരം ഡാനി വിവിയന്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ സ്കോർ വ്യത്യാസം കുറഞ്ഞു (5-3). അവസാന വിസിലിന് തൊട്ടുമുമ്പാണ് കോലോ മുവാനി ഫ്രാന്‍സിനായി നാലാമത്തേയും അവസാനത്തേയും ഗോള്‍ നേടിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പോർച്ചുഗലാണ് സ്പെയിന്റെ എതിരാളികള്‍. സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റൊണാള്‍ഡോയും സംഘവും ഫൈനലിനിറങ്ങുന്നത്. പറങ്കിപടയ്ക്കായി റൊണാള്‍ഡോയും ഫ്രാന്‍സിസ്‌ക്കോയുമാണ് ഗോളുകള്‍ നേടിയത്.

SCROLL FOR NEXT