
UEFA നേഷന്‍സ് ലീഗ് കിരീടത്തിനരികെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും. ആവേശകരമായ സെമിപോരാട്ടത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. പറങ്കിപടയ്ക്കായി റൊണാള്‍ഡോയും ഫ്രാന്‍സിസ്‌ക്കോയും ഗോള്‍ നേടി.
നാല്‍പതാം വയസിലും ഗോള്‍വേട്ട തുടര്‍ന്ന് അത്ഭുതമാകുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജര്‍മന്‍ കോട്ട തകര്‍ത്ത പറങ്കിപടയ്ക്ക് കരുത്തായത് റോണോയുടെ വിജയഗോളാണ്. അതോടെ, ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ഒരിക്കല്‍ കൂടി നേഷന്‍സ് ലീഗ് ഫൈനലിലേക്ക് കടന്നു. അന്ത്യന്തം ആവശകരമായ സെമിപോരില്‍ പോര്‍ച്ചുഗലിനായിരുന്നു മേല്‍ക്കൈ. പന്തടക്കത്തിലും ഷോട്ടുതിര്‍ക്കുന്നതിലും പറങ്കിപ്പട അധിപത്യം പുലര്‍ത്തി.
വിരസമായിരുന്ന ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചപ്പോള്‍, അധികം വൈകാതെ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ഫ്‌ലോറിയന്‍ വിര്‍ട്‌സിലൂടെ ജര്‍മ്മനി മുന്നിലെത്തി. എന്നാല്‍ ആഘോഷങ്ങള്‍ അധികം നീണ്ടും നിന്നില്ല. 63-ാം മിനുറ്റില്‍ പോര്‍ച്ചുഗലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത് ഫ്രാന്‍സിസ്‌ക്കോ കോണ്‍സൈസോ. ഇതോടെ, മൈതാനത്ത് തീപാറുന്ന പോരാട്ടവുമായി ഇരു ടീമുകളും കളം നിറഞ്ഞു. വിജയഗോളിനായി പോര്‍ച്ചുഗലിന്റെ ശ്രമം 68-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ വിജയഗോളില്‍ പറങ്കിപടയുടെ ഫൈനല്‍ പ്രവേശനം.
ഇതിന് മുന്‍പ് 2000ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലാണ് പോര്‍ച്ചുഗല്‍ ജര്‍മനിയെ തോല്‍പ്പിക്കുന്നത്. അന്ന് പോര്‍ച്ചുഗലിനായി ഹാട്രിക്ക് നേടിയ സെര്‍ജിയോ കോണ്‍സൈസോയുടെ മകന്റെ ഗോളാണ് ഇന്ന് പോര്‍ച്ചുഗലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. രണ്ടാം നേഷന്‍സ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന പറങ്കിപട, സ്‌പെയിന്‍-ഫ്രാന്‍സ് മത്സര വിജയികളെ ഫൈനലില്‍ നേരിടും...