FOOTBALL

2026 ഫിഫ ലോകകപ്പിൽ ഇറാന് പകരം ഇറ്റലി?

യുദ്ധ പശ്ചാത്തലത്തിൽ യുഎസ് ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ പങ്കെടുക്കില്ലെന്നായിരുന്നു തുടക്കത്തിൽ ഇറാൻ്റെ നിലപാട്

Author : ലിൻ്റു ഗീത

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ 2026 ഫുട്ബോൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. യുദ്ധ പശ്ചാത്തലത്തിൽ യുഎസ് ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ പങ്കെടുക്കില്ലെന്നായിരുന്നു തുടക്കത്തിൽ ഇറാൻ്റെ നിലപാട്. എന്നാൽ സംഘർഷം ഇറാൻ്റെ പങ്കാളിത്തത്തെ ബാധിക്കില്ലെന്നും.. ലോകകപ്പിൽ ഏഷ്യൻ വമ്പന്മാർ മത്സരിക്കുമെന്നുമാണ് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ വ്യക്തമാക്കിയത്. "രാഷ്ട്രീയവും സ്പോർട്സും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ട" എന്നായിരുന്നു അ​ദ്ദേഹത്തിൻ്റെ പക്ഷം.

ഇപ്പോഴിതാ ലോകകപ്പിൽ നിന്നും ഇറാനെ ഒഴിവാക്കണമെന്ന് ഡൊണാൾഡ് ട്രംപിന്റെ ഉന്നത പ്രതിനിധി ഫിഫയോട് ആവശ്യപ്പെട്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. പകരം ടൂർണമെൻ്റിൽ യോ​ഗ്യത നേടാത്ത ഇറ്റലിയെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെന്നും... ഇതിനായി ഇറ്റലിക്കാരനായ യുഎസിൻ്റെ പ്രത്യേക പ്രതിനിധി ഔദ്യോഗികമായി ഫിഫയെ സമീപിച്ചെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത്.

"ലോകകപ്പിൽ ഇറാന് പകരം ഇറ്റലി കളിക്കണമെന്ന് ട്രംപിനോടും ഫിഫ പ്രസിഡൻ്റിനോടും ഞാൻ നിർദേശിച്ചിരുന്നു. ഇറ്റലിക്കാരനാണ് ഞാൻ. യുഎസ് ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിൽ അസൂറിപ്പടയെ കാണുകയെന്നത് സ്വപ്നമാണ്. നാല് തവണ ജേതാക്കളായ അവർക്ക് അതിനുള്ള യോ​ഗ്യതയുണ്ട്," എന്നിങ്ങനെ യുഎസ് പ്രതിനിധി പറ‍ഞ്ഞെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വാർത്തയോട് വൈറ്റ്ഹൗസോ, ഫിഫയോ, ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനോ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനോ.. ഇതേവരെ പ്രതികരിച്ചിട്ടില്ല.

യൂറോപ്യൻ യോഗ്യതാ റൗണ്ട് പ്ലേഓഫ് ഫൈനലിൽ ബോസ്‌നിയയോട് തോറ്റാണ് ലോകകപ്പിന് യോ​ഗ്യത നേടാനാവാതെ ഇറ്റലി പുറത്തായത്. നാലുവട്ടം ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക്.. 2014ന് ശേഷം ലോകകപ്പിന് യോഗ്യത നേടാനായിട്ടില്ല. അതേസമയം, തുടർച്ചയായ നാലാം തവണയാണ് ഇറാൻ ലോകകപ്പിനെത്തുന്നത്. എന്നാൽ യുദ്ധം ആരംഭിച്ചതോടെ യുഎസിൽ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും ടൂർണമെൻ്റിനുള്ള തയ്യാറെടുപ്പുകളിൽ ടീമിന് സഹായം നൽകാമെന്നു ഫിഫ മറുപടി നൽകി.

ആദ്യം യുഎസിൽ കളിക്കില്ലെന്ന് നിലപാടെടുത്ത ഇറാൻ ഫിഫയുടെ ഇടപെടലിനെ തുടർന്ന് തീരുമാനം മയപ്പെടുത്തി. ലോകകപ്പിനായി തയ്യാറെടുക്കുകയാണെന്നും ഫിഫയുടെ തീരുമാനങ്ങൾ അം​ഗീകരിക്കുമെന്നും വ്യക്തമാക്കി ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് മെഹ്ദി താജും രം​ഗത്തെത്തി. ലോകകപ്പിൽ നിന്നും പിൻമാറിയാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്‌ടവും ഇറാന് മുന്നിലുള്ള വലിയ കടമ്പയാണ്. നിലവിൽ ലോകകപ്പിനില്ലെന്ന കാര്യത്തിൽ ഇറാൻ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ല. ലോകകപ്പില്‍ ജി ഗ്രൂപ്പിലുള്ള അവർക്ക് ഈജിപ്റ്റ്, ബെല്‍ജിയം, ന്യൂസിലന്‍ഡ് ടീമുകളോടാണ് മത്സരിക്കേണ്ടത്.

ലോകകപ്പിൽ ഇറാൻ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചാൽ പകരക്കാരെ തീരുമാനിക്കാൻ ഫിഫയ്ക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. ലോകകപ്പ് ചട്ടങ്ങളിലെ ആർട്ടിക്കിൾ ആറ് പ്രകാരം ടൂർണമെൻ്റിന് മുൻപോ.. ടൂർണമെൻ്റിന് ഇടയിലോ ഒരു രാജ്യം പിന്മാറുകയോ അയോഗ്യരാക്കപ്പെടുകയോ ചെയ്താൽ... ആ ഒഴിവ് നികത്താൻ ഇഷ്ടമുള്ള ഏത് രാജ്യത്തേയും വിളിക്കാൻ ഫിഫയ്ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ ഒഴിവിലേക്കുള്ള ഇറ്റലിയുടെ സാധ്യത അത്ര എളുപ്പമായിരിക്കില്ല. ഇറാന്‍ പിന്‍മാറുന്നതിന് അനുസരിച്ചായിരിക്കും അസൂറികളുടെ വാതില്‍ തുറക്കപ്പെടുക. ഇറാന്‍ പിന്‍മാറിയാലും പകരക്കാരായി ഇറ്റലിയെ നേരിട്ട് യോഗ്യരാക്കാന്‍ ഫിഫയ്ക്ക് സാധിക്കില്ല. മറ്റു ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനുകളുടെ തീരുമാനങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

SCROLL FOR NEXT