കോഴിക്കോട്: സ്കൂൾ കായികമേളയിലെ പ്രായതട്ടിപ്പ് വിവാദത്തിൽ ആരോപണം നേരിടുന്ന കുട്ടിയെ ടെസ്റ്റിന് അനുവദിക്കില്ലെന്ന് കോരുത്തോട് സ്കൂൾ അധികൃതർ. നിയമാനുസൃതമായ പ്രായം തെളിയിക്കുന്ന രേഖ ജനന സർട്ടിഫിക്കറ്റാണ്. ബോൺ ടെസ്റ്റിൽ കൃത്യമായ പ്രായം അറിയാൻ കഴിയില്ലെന്നും അനുമതി ഇല്ലാതെയാണ് ടെസ്റ്റ് നടത്തിയതെന്നും സ്കൂൾ അധികൃതർ ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇനിയൊരു വിദ്യാർഥിയേയും ബോണ്‍ ടെസ്റ്റിന് അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞു. നിലവിൽ ബോൺ ടെസ്റ്റ് നടത്തണമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് കോടതി ഉത്തരവിൽ വരണം. ബോൺ ടെസ്റ്റിൽ തിരിമറി നടത്തി പ്രായം കൂട്ടിയെന്നും സ്കൂൾ അധികൃതർ ആരോപിച്ചു.ജില്ലാ തലത്തിൽ പരാതി ഉണ്ടായിരുന്നില്ലെന്നും നടന്നത് നീതിനിഷേധമാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായ തട്ടിപ്പ് ആരോപണം ഉയർന്നതിനെ തുടർന്ന് കോരുത്തോട് സ്കൂളിലെ താരം പരിശോധയിൽ പരാജയപ്പെട്ടിരുന്നു. യു.പി സ്വദേശിയായ താരത്തിന് 15നും 18നും ഇടയിൽ പ്രായമുണ്ടെന്നാണ് എല്ല് പരിശോധനയിൽ സ്ഥിരീകരിച്ചത്. സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ പ്രായത്തട്ടിപ്പ് നടത്തിയെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.പിന്നാലെ ആരോപണ വിധേയനായ കോട്ടയം കോരുത്തോട് സ്കൂളിലെ യുപി സ്വദേശിയായ വിദ്യാർഥിയെ അയോഗ്യനാക്കിയിരുന്നു. ഇതോടെ വിദ്യാർഥിക്ക് സബ് ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കാനാകില്ല. മത്സരത്തിലെ രണ്ടാം സ്ഥാനക്കാരന് സ്വർണം നൽകുമെന്നും അധികൃതർ അറിയിച്ചിരുന്നു