ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കപ്പുമായി കാർലോസ് അല്‍ക്കരാസ് Source: X/ Rolland Garros
OTHER SPORTS

കളിമണ്‍ കോർട്ടിലെ യുവരാജാവ്; ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിർത്തി അല്‍ക്കരാസ്

ലോക ഒന്നാം നമ്പര്‍ യാനിക്ക് സിന്നറിനെയാണ് ത്രില്ലര്‍ പോരില്‍ പരാജയപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍ക്കരാസ്. ലോക ഒന്നാം നമ്പര്‍ യാനിക്ക് സിന്നറിനെയാണ് ത്രില്ലര്‍ പോരില്‍ പരാജയപ്പെടുത്തിയത്. 22ാം വയസില്‍ അല്‍ക്കരാസിന്റെ അഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്.

റൊളണ്ട് ഗാരോസില്‍ അല്‍ക്കരാസിന്റെ സാമ്രാജ്യം തകര്‍ക്കാന്‍ സിന്നര്‍ അവനാഴിയിലെ സര്‍വത്ര അസ്ത്രങ്ങളും തൊടുത്തു. പക്ഷെ കളിമണില്‍ ഉറച്ച് നിന്ന അല്‍ക്കരാസിനെ വീഴ്ത്താന്‍ അതിലൊന്നും പ്രാപ്തമായിരുന്നില്ല. സ്പാനിഷ് പോരാട്ട വീര്യത്തിന് മുന്‍പില്‍ സിന്നര്‍ അടിയറവ് പറഞ്ഞപ്പോള്‍ കായികലോകം സാക്ഷ്യം വഹിച്ചത് എക്കാലത്തെയും മികച്ച ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ ഒന്നിനാണ്.

ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും കൈവിടാതെയാണ് സിന്നര്‍ ഫൈനലില്‍ എത്തുന്നത്, സെമിയില്‍ സാക്ഷാല്‍ നൊവാക്ക് ജോക്കോവിച്ചിനോട് പോലും നേരിട്ടുള്ള സെറ്റുകള്‍ളുടെ ജയം. ഫൈനലിലും അതേ ഫോം തുടര്‍ന്നതോടെ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടത്തിന് ഒടുവില്‍ ജയം. ഒരു സെറ്റ് കൂടെ നേടിയാല്‍ കിരീടമെന്നിരിക്കെയാണ് മൂന്നാം സെറ്റില്‍ അല്‍ക്കരാസിന്റെ ശക്തമായ തിരിച്ചുവരവ്.

നാലാം സെറ്റിലും മിന്നും പ്രകടനം ആണ് സിന്നര്‍ പുറത്തെടുത്തത്. അനായാസം ഗെയിമുകള്‍ സ്വന്തമാക്കി സ്വപ്ന കിരീടത്തിലേക്ക് അടുത്ത ഇറ്റാലിയന്‍ താരത്തിനെ പോരാട്ട വീര്യം കൊണ്ട് അല്‍ക്കരാസ് തടുത്തു. സിന്നറിന്റെ മൂന്ന് ചാംപ്യന്‍ഷിപ് പോയിന്റുകളെ മറികടന്ന സ്പാനിഷ് താരം ടൈ ബ്രേക്കറില്‍ സെറ്റ് സ്വന്തമാക്കി.

കിരീടം ഉറപ്പിക്കുന്ന അവസാന സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ആദ്യ രണ്ട് ഗെയിമുകള്‍ സ്വന്തമാക്കി അല്‍ക്കരാസ് നയം വ്യക്തമാക്കി. പിന്നാലെ സിന്നറിന്റെ ശക്തമായ തിരിച്ചുവരവ്. അവസാന സെറ്റില്‍ ലീഡ് എടുത്ത അല്‍ക്കരാസിനെ പോലും ഞെട്ടിച്ച് കൊണ്ട് 6 ഗെയിമുകള്‍ സ്വന്തമാക്കി കിരീടത്തിന് അരികിലേക്ക് അടുത്തു. പക്ഷെ, അല്‍ക്കരാസിന്റെ പോരാട്ടവീര്യത്തെ തകര്‍ക്കാന്‍ സിന്നറിന്റെ ചാംപ്യന്‍ഷിപ് പോയിന്റുകള്‍ക്ക് ആയില്ല. അപ്പോഴേക്കും ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിലെ റെക്കോര്‍ഡ് സമയം ഇരുവരും മറികടന്നിരുന്നു. ഒടുവില്‍ അഞ്ചാം സെറ്റിന്റെ ടൈ ബ്രേക്കറില്‍ തുടര്‍ച്ചയായ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ അല്‍ക്കരാസ് മുത്തമിട്ടു.

22ാം വയസില്‍ അഞ്ചാം ഗ്രാന്‍ഡ് സ്ലാം നേട്ടത്തോടെ സാക്ഷാല്‍ റാഫേല്‍ നദാലിന്റെ നേട്ടത്തിനൊപ്പം എത്തി കാര്‍ലോസ് അല്‍ക്കരാസ്. ഇരുവരും 22ാം വയസില്‍ സ്വന്തമാക്കിയത് അഞ്ച് വീതം ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ്. തോല്‍വിയിലും തലയുയര്‍ത്തി തന്നെയാണ് ലോക ഒന്നാം നമ്പര്‍ യാനിക്ക് സിന്നറിന് മടങ്ങുന്നത്. അവസാന നിമിഷം വരെ കാണിച്ച പോരാട്ട വീരത്തിലൂടെ കായിക പ്രേമികള്‍ക്ക് ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്ന് സമ്മാനിച്ചാണ സിന്നറിന്‌റെ മടക്കം.

SCROLL FOR NEXT