ചാംപ്യൻസ് ബോട്ട് ലീഗ് 2025 
OTHER SPORTS

തുഴയാവേശത്തിൽ കേരളം; ചാംപ്യൻസ് ബോട്ട് ലീഗ് സെപ്റ്റംബർ 19 മുതല്‍, ആകെ സമ്മാനത്തുക 5.63 കോടി രൂപ

സിബിഎല്‍ മൈക്രോസൈറ്റും പ്രൊമോഷണൽ വീഡിയോയും ടൂറിസം- പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ് പുറത്തിറക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) അഞ്ചാം സീസണ്‍ സെപ്റ്റംബർ 19ന് തുടക്കമാകും. ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ആണ് ഐപിഎൽ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. സിബിഎല്‍ മൈക്രോസൈറ്റും പ്രൊമോഷണൽ വീഡിയോയും ടൂറിസം- പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പുറത്തിറക്കി.

മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സിബിഎൽ ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡൻറ്സ് ട്രോഫിയോടെ സമാപിക്കും. വിജയികൾക്ക് 5.63 കോടി രൂയാണ് സമ്മാനമായി ലഭിക്കുക. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.

ചെറുവള്ളങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് യഥാക്രമം 1.50 ലക്ഷവും 50,000 രൂപയും വീതം ലഭിക്കും. ഈ വിഭാഗത്തിൽ ബോണസായി ഓരോ ടീമിനും ഒരു ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്.

ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യസ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട് ക്ലബ്, ടൗൺ ബോട്ട് ക്ലബ്, തെക്കേക്കര ബോട്ട് ക്ലബ് എന്നീ ക്ലബുകളാണ് സിബിഎല്ലിൽ മത്സരിക്കുക.

ധർമ്മടം (കണ്ണൂർ) താഴത്തങ്ങാടി (കോട്ടയം, സെപ്റ്റംബർ 27), ചെറുവത്തൂർ (കാസർകോട്, ഒക്ടോബർ 2 ), പിറവം(ഒക്ടോബർ 4), മറൈൻ ഡ്രൈവ് (എറണാകുളം, ഒക്ടോബർ 11), ബേപ്പൂർ(കോഴിക്കോട് ഒക്ടോബർ 19), കോട്ടപ്പുറം (തൃശ്ശൂർ, ഒക്ടോബർ 25), പുളിങ്കുന്ന് (നവംബർ 1), കരുവാറ്റ(നവംബർ 8) പാണ്ടനാട്(നവംബർ 15) കായംകുളം(നവംബർ 22, ആലപ്പുഴ),കല്ലട (കൊല്ലം, നവംബർ 29) എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങൾ.

കഴിഞ്ഞ നാല് സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വള്ളങ്ങളാണ് വിജയികളായത്. അഞ്ചാം സീസണിൽ തുഴയ്ക്ക് തീപിടിക്കുന്ന മത്സരങ്ങളാണ് വള്ളംകളി പ്രേമികൾ പ്രതീക്ഷിക്കുന്നത്.

വള്ളംകളികളുടെ ചരിത്രം, മത്സരിക്കുന്ന ക്ലബുകളുടെയും ടീമുകളുടെയും പ്രൊഫൈലുകൾ തുടങ്ങിയ ആകർഷകമായ ഉള്ളടക്കങ്ങള്‍ എന്നിവ സിബിഎല്‍ മൈക്രോ സൈറ്റില്‍ ലഭ്യമാകും. മത്സരങ്ങളുടെ തീയതികൾ, സമയക്രമം, വേദികൾ, പൂർത്തിയായ മത്സരഫലങ്ങൾ, മത്സര അറിയിപ്പുകൾ എന്നിങ്ങനെ നിരവധി അപ്ഡേറ്റുകൾ മൈക്രോസെറ്റിൽ ലഭിക്കും. മികച്ച നിലവാരത്തിലുള്ള ഫോട്ടോ, വീഡിയോ ഗാലറി എന്നിവയും ഇതിലുണ്ട്. ഭാവിയിൽ ആഭ്യന്തര- അന്തർദേശീയ സഞ്ചാരികൾക്കായി ഓൺലൈൻ ടൂർ ബുക്കിംഗ് സംവിധാനം സാധ്യമാകുന്ന വിധത്തിലാണ് മൈക്രോസെറ്റ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പാരമ്പര്യ സാംസ്കാരിക, കായിക വിനോദമായ വള്ളംകളിയുടെ അഭിനിവേശവും പൈതൃകവും ആഘോഷിക്കുന്ന ഒന്നാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മലബാർ മേഖലയിൽ കൂടുതൽ മത്സരവേദികൾ വരുന്നതോടെ സിബിഎല്ലിന് ധാരാളം കാണികളുണ്ടാകും. വിനോദസഞ്ചാരികളെ കൂടുതലായി കേരളത്തിലേക്ക് ആകർഷിക്കാനും സാധിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT