OTHER SPORTS

മുൻ ബോക്സിങ് ലോക ചാംപ്യനെ അജ്ഞാതർ വെടിവച്ചു കൊന്നു

കാറിൽ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഈസ്റ്റേൺ കേപ്പ്: മുൻ ബോക്സിങ് ലോക ചാംപ്യൻ സൊലാനി ടെറ്റെയെ അക്രമികൾ വെടിവച്ചു കൊന്നു. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിലുള്ള ഡാൻ്റ്‌സെയ്നിൽ വച്ചാണ് നടുക്കുന്ന സംഭവം. വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. കാറിൽ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൊലാനി ടെറ്റെയ്ക്കൊപ്പം കാറിൽ ഉണ്ടായിരുന്ന 27കാരിയായ യുവതിയെ ഗുരുതരമായ മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബോക്സിങ് താരത്തിൻ്റെ ദാരുണാന്ത്യം ദക്ഷിണാഫ്രിക്കൻ സ്പോർട്സ് മന്ത്രി ഗേയ്ടൺ മക്കെൻസി സ്ഥിരീകരിച്ചു.

ഡബ്ല്യു.ബി.എഫ് ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ 2007-08 വർഷത്തിലാണ് താരം ലോകജേതാവായത്. 2017, 2019 എന്നീ വർഷങ്ങളിൽ ഡബ്ല്യു.ബി.ഒ ബാൻ്റംവെയ്റ്റ് വിഭാഗത്തിലും കിരീടം ചൂടിയിരുന്നു.

സൊലാനി ടെറ്റെ വീട്ടിലേക്ക് വരുന്നതിനിടെ വസതിക്ക് മുന്നിലെ ഗേറ്റ് തുറക്കാനായി കാർ നിർത്തിയപ്പോഴായിരുന്നു ആക്രമണം. മുഖം മറച്ചെത്തിയ രണ്ട് പേർ തോക്കുകളുമായി ചാടിവീഴുകയും തുരുതുരെ വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു.

SCROLL FOR NEXT