നീരജ് ചോപ്ര Source;X
OTHER SPORTS

നിരാശ; ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡലില്ലാതെ മടങ്ങാൻ നീരജ് ചോപ്ര

ഇന്ത്യയുടെ സച്ചിൻ യാദവ് മിന്നും പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി

Author : ന്യൂസ് ഡെസ്ക്

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡലില്ലാതെ നീരജ് ചോപ്രയ്ക്ക് മടക്കം. മുൻ ഒളിംപിക് ചാംപ്യൻ കെഷോൺ വാൽക്കോട്ട് സ്വർണം നേടിയപ്പോൾ ആൻഡേഴ്‌സൻ പീറ്റേഴ്‌സ് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയുടെ സച്ചിൻ യാദവ് മിന്നും പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി.

നീരജ് ചോപ്രയെന്നാൽ ഇന്ത്യക്ക് വിശ്വാസം എന്ന് കൂടിയാണ് അർഥം. ഏത് ലോകവേദിയിലും മെഡലുറപ്പിൻ്റെ മറുപേര്. ടോക്കിയോയിൽ ആ പതിവ് തെറ്റി. രണ്ട് ത്രോകൾ ഫൗളായി മാറി നിരാശപ്പെടുത്തിയ ലോകചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യന് എട്ടാം സ്ഥാനം മാത്രം. മികച്ച ദൂരം 84.03 മീറ്റർ. സമീപകാലത്ത് നടന്ന മീറ്റുകളിലെല്ലാം പോഡിയത്തിലെത്തിയ ചാംപ്യനാണ് നീരജ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായാണ് നീരജ് മെഡലില്ലാതെ മടങ്ങുന്നത്.

ഇന്ത്യ, പാകിസ്ഥാൻ പോരാട്ടമെന്ന നിലയിൽ ശ്രദ്ധേയമായ ലോക ചാംപ്യൻഷിപ്പിൽ പാകിസ്ഥാൻ്റെ ഒളിംപിക് ചാംപ്യൻ അർഷദ് നദീമിനും തിളങ്ങാനായില്ല. 82.75 മീറ്റർ മാത്രമെറിഞ്ഞ അർഷദ് ഫിനിഷ് ചെയ്തത് പത്താം സ്ഥാനത്തെത്തി. 2012 ഒളിംപിക് ചാംപ്യൻ കെഷോൻ വാൽക്കോട്ട് 88.16 മീറ്ററോടെ സ്വർണം സ്വന്തമാക്കി.

ഒളിംപിക് മെഡൽ നേടി 13 വർഷത്തിന് ശേഷം ട്രിനിഡാഡ് താരത്തിൻ്റെ തിരിച്ചുവരവ്. ഗ്രനാഡയുടെ ആൻഡേഴ്‌സൻ പീറ്റേഴ്‌സ് 87.38 മീറ്റർ എറിഞ്ഞ് വെള്ളി സ്വന്തമാക്കി. യുഎസിൻ്റെ കർട്ടിസ് തോംപ്സണാണ് വെങ്കലം. ദൂരം 86.67. വെറും .40 മീറ്റർ ദൂരത്തിനാണ് നീരജിനൊപ്പം മത്സരിച്ച ഇന്ത്യയുടെ സച്ചിൻ യാദവിന് വെങ്കലം നഷ്ടമായത്. 86.27 മീറ്റർ ദൂരമെറിഞ്ഞ് കരിയറിലെ മികച്ച ദൂരം കണ്ടെത്തിയാണ് സച്ചിൻ യാദവ് നാലാം സ്ഥാനത്തെത്തിയത്. ലോകത്തിലെ 11 രാജ്യങ്ങളിൽ നിന്നുള്ള സൂപ്പർതാരങ്ങൾ പോരടിച്ച മത്സരത്തിൽ പക്ഷേ ആർക്കും 90 മീറ്റർ മറികടക്കാനായില്ല.

SCROLL FOR NEXT