അഹമ്മദാബാദ്: പ്രൈം വോളിബോൾ ലീഗിൻ്റെ അഞ്ചാം സീസൺ അഹമ്മദാബാദിൽ അരങ്ങേറും. നരൻപുരയിലെ വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ 2026 നവംബർ 30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. രാജ്യത്തുടനീളം പ്രൊഫഷണൽ വോളിബോളിൻ്റെ സ്വാധീനവും ജനപ്രീതിയും വർദ്ധിപ്പിക്കുകയെന്ന ലീഗിൻ്റെ ലക്ഷ്യം.
2030 കോമൺവെൽത്ത് ഗെയിംസിനായുള്ള ഒരുക്കങ്ങളും 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളായി അഹമ്മദാബാദ് ഒരു പ്രധാന കായിക കേന്ദ്രമായി സ്വയം ശക്തിപ്പെടുന്നതിനിടെയാണ് പ്രൈം വോളിബോൾ ലീഗ് സീസൺ 5 ൻ്റെ വേദി പ്രഖ്യാപനം. നഗരത്തിൻ്റെ അന്താരാഷ്ട്ര കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സ്, ഇന്ത്യയിലെ മുൻനിര പ്രൊഫഷണൽ വോളിബോൾ ലീഗിന് അനുയോജ്യമായ വേദിയാണ് ഒരുക്കുന്നത്.
കഴിഞ്ഞ സീസണിലെ പോലെ ഇത്തവണയും പത്ത് ടീമുകൾ കിരീടത്തിനായി മാറ്റുരയ്ക്കും. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ബെംഗളൂരു ടോർപ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡൽഹി തൂഫാൻസ്, ഗോവ ഗാർഡിയൻസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ്, കൊൽക്കത്ത തണ്ടർബോൾട്ട്സ്, മുംബൈ മിറ്റിയോർസ്, തെലുങ്ക് ബ്ലാക്ക് ഹോക്സ് ടീമുകളാണ് മത്സരിക്കുക. ബെംഗളൂരു ടോർപ്പിഡോസ് ആണ് നിലവിലെ ചാമ്പ്യന്മാർ.
സീസൺ 5 അഹമ്മദാബാദിലേക്ക് എത്തിക്കുന്നത് ഇന്ത്യയിലുടനീളം പ്രൊഫഷണൽ വോളിബോൾ വളർത്താനുള്ള യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണന്ന് പ്രൈം വോളിബോൾ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ പിവിഎൽ സംഘടിപ്പിക്കുന്നത് നഗരത്തിൻ്റെ കായിക ശേഷി പ്രകടിപ്പിക്കാനുള്ള മറ്റൊരു മികച്ച അവസരമാണെന്ന് ബേസ്‌ലൈൻ വെഞ്ചേഴ്‌സ് എംഡിയും സഹസ്ഥാപകനും പ്രൈം വോളിബോൾ ലീഗ് ഡയറക്ടറുമായ തുഹിൻ മിശ്ര പറഞ്ഞു.