ഉസൈൻ ബോൾട്ട്  Image: Facebook
OTHER SPORTS

പടികള്‍ കയറുമ്പോള്‍ പോലും കിതപ്പുണ്ട്, കുട്ടികളെ നോക്കിയും സിനിമ കണ്ടും സമയം ചെലവഴിക്കുന്നു; അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട്

കുട്ടികളുണ്ടായതോടെ ജീവിതം ആകെ മാറിയെന്നാണ് അതിവേഗ ഓട്ടക്കാരന്‍ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ഈ ഭൂമിയിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍, അങ്ങനെയൊരു വിളിപ്പേര് കിട്ടിയ വ്യക്തിയാണ് ഉസൈന്‍ ബോള്‍ട്ട്. 2017 ല്‍ വിരമിച്ചതിനു ശേഷം ഉസൈന്‍ ബോള്‍ട്ടിന്റെ ജീവിതം എങ്ങനെയായിരിക്കും? ഇപ്പോള്‍ അദ്ദേഹം തന്നെ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്.

ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് കാണാന്‍ ബോള്‍ട്ട് ടോക്കിയോയില്‍ ഉണ്ട്. വിരമിച്ചതിനു ശേഷം ആദ്യമായാണ് ഉസൈന്‍ ബോള്‍ട്ട് ഒരു ലോക വേദിയില്‍ എത്തുന്നത്. ഇവിടെ വെച്ച് ഒരു അഭിമുഖത്തിലാണ് തന്റെ പുതിയ ജീവിതരീതിയെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്.

ഇപ്പോള്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കാറില്ലെന്നും പടികള്‍ കയറുമ്പോള്‍ പോലും തനിക്ക് കിതപ്പു വരുമെന്നുമാണ് താരം പറയുന്നത്. ഭൂരിഭാഗം സമയവും കുട്ടികള്‍ക്കൊപ്പം വീട്ടില്‍ തന്നെയാണ് ചിലവഴിക്കാറ്. ഒഴിവു സമയങ്ങള്‍ സിനിമ കാണാനോ കുട്ടികള്‍ക്കൊപ്പം കളിപ്പാട്ടമുണ്ടാക്കുകയോ ചെയ്യും. കാഴ്ചയില്‍ ഫിറ്റായാണ് ഇരിക്കുന്നതെങ്കിലും കുട്ടികളുണ്ടായതോടെ ജീവിതം ആകെ മാറിയെന്നാണ് 39 കാരനായ അതിവേഗ ഓട്ടക്കാരന്‍ പറയുന്നത്.

നൂറ് മീറ്റര്‍, 200 മീറ്റര്‍, 4X100 മീറ്റര്‍ റിലേ മത്സരങ്ങളില്‍ ലോക റെക്കോര്‍ഡിന് ഉടമയാണ് ഉസൈന്‍ ബോള്‍ട്ട്. പരിശീലനവും വര്‍ക്ക്ഔട്ടുമൊക്കെയായി തിരക്കു പിടിച്ച ജീവിത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് തന്റെ ജീവതമെന്നാണ് ബോള്‍ട്ട് പറയുന്നത്. തന്റെ ഒരു ദിവസത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ, കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് ഉറക്കമുണരും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ദിവസമാണെങ്കില്‍ മൂഡ് ഉണ്ടെങ്കില്‍ കുറച്ചു സമയം വര്‍ക്ക്ഔട്ട് ചെയ്യും. ഇല്ലെങ്കില്‍ കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞു വരുന്നത് വരെ സീരീസോ സിനിമയോ കണ്ടിരിക്കും. കുട്ടികള്‍ വന്നാല്‍ അവര്‍ക്കൊപ്പം കളിക്കും. അവര്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയാല്‍ പുറത്തു പോകും. വീണ്ടും തിരിച്ച് വീട്ടിലെത്തിയാല്‍ സിനിമ കാണും. അല്ലെങ്കില്‍ കുട്ടികള്‍ക്കൊപ്പം കളിപ്പാട്ടമുണ്ടാക്കും. ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ ബോള്‍ട്ട് പറയുന്നു.

അഭിമുഖത്തില്‍ ആരും മറികടക്കാത്ത തന്റെ റെക്കോര്‍ഡുകളെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ തലമുറയിലെ താരങ്ങള്‍ കൂടുതല്‍ കഴിവുള്ളവരാണെന്നായിരുന്നു താരത്തിന്റെ മറുപടി. മാത്രമല്ല, പുതിയ സ്‌പൈക്കുകളും ട്രാക്കും കൂടുതല്‍ വേഗത നല്‍കുന്നുണ്ടെങ്കിലും അത്‌ലറ്റുകളുടെ വ്യക്തിപരമായ കഴിവാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

നാലും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അച്ഛനാണ് ഉസൈന്‍ ബോള്‍ട്ട്. 2008 ല്‍ താന്‍ കരിയര്‍ ആരംഭിച്ച ബീജിങ്ങില്‍ നടക്കുന്ന അടുത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ കുട്ടികളേയും കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ട്. അച്ഛന്‍ ആരാണെന്നും എവിടെ നിന്നാണ് തുടങ്ങിയതെന്നും തന്റെ മക്കള്‍ക്ക് കാണിച്ചു കൊടുക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു. ഒപ്പം കളിക്കുന്ന അച്ഛന്റെ കഴിഞ്ഞ കാലം അവര്‍ക്കറിയില്ല. ബീജിങ്ങില്‍ എത്തുന്നതോടെ അവര്‍ക്ക് കാര്യങ്ങള്‍ കുറച്ചു കൂടി നന്നായി മനസിലാകുമെന്നാണ് ഉസൈന്‍ ബോള്‍ട്ട് എന്ന പിതാവ് പ്രതീക്ഷിക്കുന്നത്.

ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നുണ്ടെങ്കിലും താന്‍ അതിന്റെ ആരാധകനല്ല. അല്‍പകാലം വിട്ടു നിന്നതിനാല്‍ വീണ്ടും ഓടിത്തുടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം ഇപ്പോള്‍ പടികള്‍ കയറുമ്പോള്‍ പോലും കിതപ്പനുഭവപ്പെടുന്നു. വീണ്ടും ഓടിത്തുടങ്ങുന്നതോടെ ശ്വസനമെങ്കിലും ശരിയാകുമെന്നാണ് കരുതുന്നതെന്നും ബോള്‍ട്ട് പറഞ്ഞു.

'ഞാന്‍ കൂടുതലും ജിം വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. ഞാന്‍ ഒരു ആരാധകനല്ല, പക്ഷേ കുറച്ചുനാളായി പുറത്തായിരുന്നതിനാല്‍ ഇപ്പോള്‍ ഓടാന്‍ തുടങ്ങണമെന്ന് എനിക്ക് തോന്നുന്നു. കാരണം ഞാന്‍ പടികള്‍ കയറുമ്പോള്‍ എനിക്ക് ശ്വാസം മുട്ടും. ഞാന്‍ വീണ്ടും അതില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍, എന്റെ ശ്വസനം ശരിയായി ലഭിക്കാന്‍ കുറച്ച് ലാപ്പുകള്‍ ചെയ്യേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു,' ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT