മാർക്ക് മാർക്വേസ് photo| MOTOGP
OTHER SPORTS

ട്രാക്ക് ഒഴിയാൻ ഇതിഹാസം; മാർക്ക് മാർക്വേസിന്റെ അവസാന മത്സരം ഇന്ന്

കഴിഞ്ഞ വാരം പോർച്ചുഗലിൽ എട്ടാം പ്രീമിയർ ക്ലാസ് കിരീടം ചൂടി വാലന്റീനോ റോസിയുടെയും ജിയാകോമോ അഗോസ്റ്റിനിയുടെയും റെക്കോർഡുകൾക്കൊപ്പമെത്തിയപ്പോൾ ആരാധകർ കരുതിക്കാണില്ല അത് മാർക്വേസിന്റെ അവസാന കിരീടനേട്ടമാകുമെന്ന്

Author : Vivek PG

വലെൻസിയ: ട്രാക്കിലെ തീപ്പൊരി വേഗവും വീഴ്ചകളിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ പോരാട്ടവീര്യവും ഇനി ഓർമ്മകളിലേക്ക്. മോട്ടോ ജിപിയിലെ ആവേശത്തിന് പര്യായമായിരുന്ന മാർക്ക് മാർക്വേസ് എന്ന മുപ്പത്തിമൂന്നുകാരൻ, തന്റെ പ്രിയപ്പെട്ട റേസിംഗ് സ്യൂട്ട് അഴിച്ചുവെക്കാൻ ഒരുങ്ങുകയാണ്. വലെൻസിയയിലെ സർക്യൂട്ട് റിക്കാർഡോ ടോർമോയിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6:30-ന് ലൈറ്റുകൾ അണയുമ്പോൾ, അതൊരു മത്സരത്തിന്റെ തുടക്കം മാത്രമല്ല; ഒരു സുവർണ്ണ കാലഘട്ടത്തിന്റെ വിടവാങ്ങൽ കൂടിയാകും.

കഴിഞ്ഞ വാരം പോർച്ചുഗലിൽ എട്ടാം പ്രീമിയർ ക്ലാസ് കിരീടം ചൂടി വാലന്റീനോ റോസിയുടെയും ജിയാകോമോ അഗോസ്റ്റിനിയുടെയും റെക്കോർഡുകൾക്കൊപ്പമെത്തിയപ്പോൾ ആരാധകർ കരുതിക്കാണില്ല അത് മാർക്വേസിന്റെ അവസാന കിരീടനേട്ടമാകുമെന്ന്. ഡുക്കാട്ടിയുമായി പുതിയ കരാർ ഒപ്പിട്ടിട്ടും, വർഷങ്ങളായി തന്നെ വേട്ടയാടുന്ന പരിക്കുകളോടും ശാരീരിക വേദനകളോടും പൊരുതിത്തളർന്ന ആ ചാമ്പ്യൻ ട്രാക്കിനോട് വിടവാങ്ങാൻ തീരുമാനിക്കുകയായിരുന്നു.

വിടവാങ്ങൽ വീക്കെൻഡിൽ ശനിയാഴ്ച നടന്ന സ്പ്രിന്റ് റേസിൽ ബൈക്കിന് തീപിടിച്ചതും 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുമെല്ലാം കരിയറിലെ കയറ്റിറക്കങ്ങളുടെ നേർക്കാഴ്ചയായി. എന്നാൽ ഇന്നത്തെ പ്രധാന പോരാട്ടത്തിൽ രണ്ടാം ഗ്രിഡിൽ നിന്നാണ് ആ 93-ാം നമ്പർ ബൈക്ക് കുതിച്ചുപായുക. സ്വന്തം നാട്ടുകാരുടെ മുന്നിൽ, ആരാധകരുടെ ആരവങ്ങൾക്കിടയിൽ, പ്രിയപ്പെട്ട 'ആന്റ്' ഹെൽമെറ്റ് അഴിച്ചുവെക്കുന്നതിന് മുൻപ് ഒരിക്കൽക്കൂടി പോഡിയത്തിന്റെ നെറുകയിൽ നിൽക്കാനാകും പ്രിയതാരം ലക്ഷ്യമിടുന്നത്; ആരാധകർ ആഗ്രഹിക്കുന്നത്.

SCROLL FOR NEXT