ഐപിഎൽ 2025 ഫൈനലിലെ പഞ്ചാബ് കിംഗ്സിൻ്റെ തോൽവിക്ക് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടിയും ടീമിൻ്റെ ഉടമയുമായ പ്രീതി സിൻ്റ. ഇത്തവണത്തേത് ആവേശകരമായ യാത്രയായിരുന്നു, എന്നാൽ ആഗ്രഹിച്ച പര്യവസാനമായിരുന്നില്ലെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രീതി സിൻ്റ പങ്കുവെച്ചു. കണക്ക് തീർക്കാൻ ഞങ്ങൾ തിരിച്ചുവരുമെന്നും പ്രീതി സിൻ്റ കുറിപ്പിൽ പറയുന്നു.
പഞ്ചാബ് കിംഗ്സ് ടീം അംഗങ്ങളുടെ നന്ദി എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് പ്രീതി സിൻ്റ കുറിപ്പ് പങ്കുവെച്ചത്. മത്സരത്തിലുടനീളം നമ്മുടെ യുവ ടീമിന്റെ പോരാട്ടവും കരുത്തും എനിക്ക് വളരെ ഇഷ്ടപ്പെട്ടു, നമ്മുടെ ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിക്കുന്ന രീതിയും, ഈ ഐപിഎല്ലിൽ ഇന്ത്യൻ ടീമിൽ ഇല്ലാത്ത കളിക്കാരുടെ ആധിപത്യവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഈ വർഷം മികച്ചതായിരുന്നു. പരിക്കും ദേശീയ ചുമതലയും കാരണം പ്രധാന കളിക്കാരെ നഷ്ടപ്പെട്ടിട്ടും, ടൂർണമെന്റിൽ ഇടവേളയുണ്ടായിട്ടും, ഹോം മത്സരങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടും ഞങ്ങൾ റെക്കോർഡുകൾ തകർത്തുവെന്ന് പ്രീതി സിൻ്റ കുറിപ്പിലെഴുതി.
രണ്ട് മാസത്തിലേറെയായി നീണ്ട ഇത്തവണത്തെ ഐപിഎൽ മാമാങ്കത്തിൽ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനോടാണ് ഫൈനലിൽ പഞ്ചാബ് കിംഗ്സ് തോൽവി ഏറ്റുവാങ്ങിയത്. പഞ്ചാബ് കിംഗ്സിനെതിരെ ആറ് റണ്‍സിനായിരുന്നു ഫൈനലിലെ ബെംഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രേയസിനും കൂട്ടർക്കും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 184 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ഫൈനൽ മത്സരത്തിലെ തോൽവിക്ക് ശേഷം, പ്രീതി സിൻ്റ ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള കളിക്കാരെ സമീപിച്ച് ആശ്വസിപ്പിക്കുകയും ആശ്വാസ വാക്കുകൾ പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. ഐപിഎൽ കിരീടത്തിനായുള്ള പഞ്ചാബിൻ്റെ കാത്തിരിപ്പ് തുടരുകയാണ്. പഞ്ചാബിൻ്റെ ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെയും 11 വർഷത്തിനു ശേഷമുള്ള ആദ്യത്തെയും ഫൈനലായിരുന്നു ഇത്തവണത്തേത്. 2014ലാണ് ടീം ഇതിന് മുൻപ് ഫൈനലിൽ എത്തിയത്.