വിനേഷ് ഫോഗട്ട്, പി.ടി ഉഷ 
SPORTS

"ശരീരഭാരം നിയന്ത്രിക്കേണ്ടത് കായികതാരങ്ങളുടെ ഉത്തരവാദിത്വം; മെഡിക്കല്‍ സംഘത്തെ വിമര്‍ശിക്കേണ്ട കാര്യമില്ല"

ആരോപണങ്ങളില്‍ പ്രതികരിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ

Author : ന്യൂസ് ഡെസ്ക്


ഭാരപരിശോധനയില്‍ പരാജയപ്പെട്ട് വിനേഷ് ഫോഗട്ട് ഒളിംപിക് ഫൈനലില്‍ പുറത്തായതിനു പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി.ടി ഉഷ. ശരീരഭാരം നിയന്ത്രിക്കേണ്ടത് കായികതാരങ്ങളുടെ മാത്രം ഉത്തരവാദിത്വമാണെന്ന് ഉഷ പറഞ്ഞു. അതിന്റെ പേരില്‍ ഐഒഎ നിയമിച്ച മെഡിക്കല്‍ സംഘത്തെ വിമര്‍ശിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും ഉള്‍ക്കൊള്ളാനാവില്ല. അത് അപലപിക്കേണ്ട കാര്യമാണെന്നും ഉഷ പ്രസ്താവനയില്‍ വ്യക്തമാക്കി. മെഡിക്കല്‍ സംഘത്തിന്റെ അശ്രദ്ധയാണ് ഭാരപരിശോധനയില്‍ വിനേഷ് പരാജയപ്പെടാന്‍ കാരണമെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഉഷയുടെ പ്രതികരണം.

"ഗുസ്തി, ഭാരോദ്വഹനം, ബോക്സിങ്, ജൂഡോ ഉള്‍പ്പെടെ ഇനങ്ങളില്‍ ശരീരഭാരം ക്രമീകരിക്കേണ്ടത് ഓരോ കായികതാരത്തിന്റെയും അവരുടെ പരിശീലകരുടെയും ഉത്തരവാദിത്വമാണ്. അല്ലാതെ, ഒളിംപിക് അസോസിയേഷന്‍ നിയമിച്ച ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെയോ അദ്ദേഹത്തിന്റെ സംഘത്തിന്റെയോ ഉത്തരവാദിത്വം അല്ല. ഐഒഎ മെഡിക്കല്‍ സംഘത്തിനെതിരായ, പ്രത്യേകിച്ച് ഡോ. പര്‍ദിവാലയ്ക്കെതിരായ വിദ്വേഷ പ്രചരണം അംഗീകരിക്കാനാവില്ല. അത് അപലപിക്കേണ്ടതാണ്. ആരോപണങ്ങളും വിദ്വേഷ പ്രചരണവുമായി ഇറങ്ങുന്നവര്‍, ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളില്‍ എത്തുന്നതിനുമുന്‍പ് വസ്തുതകള്‍ പരിശോധിക്കണം. പാരിസ് ഒളിംപിക്സിനെത്തിയ എല്ലാ കായികതാരങ്ങള്‍ക്കും അവരുടേതായ സപ്പോര്‍ട്ടിങ് ടീം ഉണ്ട്. ഈ സംഘം വര്‍ഷങ്ങളായി അവര്‍ക്കൊപ്പമുള്ളതാണ്. ഐഒഎ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് മെഡിക്കല്‍ സംഘത്തെ നിയമിച്ചത്. മത്സരത്തിനിടെയോ അതിനുശേഷമോ ഉണ്ടാകുന്ന പരുക്കുകളെ കൈകാര്യം ചെയ്യുന്നതിനും ശാരീരികക്ഷമത വീണ്ടെടുക്കാനുമുള്ള സഹായം ലഭ്യമാക്കുകയാണ് അവരുടെ പ്രധാന ഉത്തരവാദിത്വം. സ്വന്തമായി ന്യൂട്രീഷനിസ്റ്റുകളോ, ഫിസിയോതെറാപ്പിസ്റ്റുകളോ ഇല്ലാത്ത കായികതാരങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും സംഘം ലഭ്യമാക്കും" - പി.ടി ഉഷ പ്രസ്താവനയില്‍ പറഞ്ഞു.

ഒളിംപിക്സില്‍ വനിതകളുടെ ഗുസ്തി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിനേഷ്. 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷിന്റെ ചരിത്രനേട്ടം. എന്നാല്‍, ഭാരപരിശോധനയില്‍ 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടു. മുന്‍പുള്ള മത്സരത്തിനായി പരിശോധിക്കുമ്പോള്‍, 49.4 കിലോഗ്രാം ആയിരുന്നു വിനേഷിന്റെ തൂക്കം. ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയതിനു പിന്നാലെ തൂക്കം 2000 ഗ്രാം അതായത് രണ്ട് കിലോഗ്രാം വരെ കൂടിയിരുന്നു. രാത്രി ഉറക്കമിളച്ചും കഠിനമായ വ്യായാമം ചെയ്തിട്ടും വിനേഷിന് കുറയ്ക്കാനായത് 1900 ഗ്രാം മാത്രമായിരുന്നു. പിന്നാലെയാണ്, ഐഒഎയ്ക്കെതിരെയും മെഡിക്കല്‍ സംഘത്തിനെതിരെയും ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നത്. മികച്ച പ്രകടനത്തിനൊടുവില്‍ ഫൈനലില്‍ പ്രവേശിച്ച, ഒളിംപിക് മെഡല്‍ ഉറപ്പിച്ചൊരു താരത്തിന് സംഭവിച്ചതിന് ഉത്തരവാദികള്‍ അധികൃതരാണെന്നായിരുന്നു ഭൂരിഭാഗം വിമര്‍ശകരുടെയും പക്ഷം. ഒളിംപ്യന്‍ വിജേന്ദര്‍ സിങ്ങിന്റെ പ്രതികരണം സംശയങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. അത്ലറ്റുകള്‍ക്ക് അഞ്ച് മുതല്‍ ആറ് കിലോഗ്രാം വരെ ഒറ്റ രാത്രികൊണ്ട് കുറയ്ക്കാനാകുമെന്നാണ് വിജേന്ദര്‍ പറഞ്ഞത്. 100 ഗ്രാം ഒരു തമാശയായി തോന്നുന്നു. ഇതൊരു അട്ടിമറി ആയിരിക്കും എന്നാണ് വിജേന്ദര്‍ പ്രതികരിച്ചത്. കായികതാരങ്ങളും, പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെ സാമുഹ്യപ്രവര്‍ത്തകരുടെ വിനേഷിനായി ശബ്ദമുയര്‍ത്തിയിരുന്നു.

ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി വിനേഷും രംഗത്തെത്തിയിരുന്നു. ഫെഡറേഷൻ പ്രസിഡൻ്റ് ഒളിംപിക് വില്ലേജിൽ എത്തിയെന്നും അനാവശ്യ ഇടപെടലുകൾ നടത്തിയെന്നുമായിരുന്നു ആരോപണം. ഒളിംപിക് വില്ലേജിലെത്തി തീരുമാനമെടുത്തത് ഫെഡറേഷൻ അധ്യക്ഷനായ സഞ്ജയ് സിംഗ് ആണെന്നും വിനേഷ് ആരോപിച്ചു. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വിനേഷ് ഡൽഹി ഹൈക്കോടതിയിൽ ഹർജിയും നൽകി. ഒളിംപിക്സ് അയോഗ്യതയ്ക്കെതിരെ വിനേഷ് അന്താരാഷ്ട്ര കായിക കോടതിയിലും അപ്പീല്‍ നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT