fbwpx
ലോക കായികവേദിയിൽ അവൾ അയോ​ഗ്യയായതോ ആക്കിയതോ, വിനേഷ് ഫോ​ഗട്ടിന് കാലിടറിയതെവിടെ ?
logo

എസ് ഷാനവാസ്

Last Updated : 07 Aug, 2024 11:58 PM

ഒളിംപിക്സില്‍, മുന്‍പുള്ള മത്സരത്തിനായി പരിശോധിക്കുമ്പോള്‍, 49.4 കിലോഗ്രാം ആയിരുന്നു വിനേഷിന്റെ തൂക്കം. ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയതിനു പിന്നാലെ തൂക്കം 2000 ഗ്രാം അതായത് രണ്ട് കിലോഗ്രാം വരെ കൂടിയിരുന്നു

PARIS OLYMPICS

വിനേഷ് ഫോഗട്ട്


ജീവിതത്തില്‍ ഒരു ഗുസ്തി മത്സരം കാണാതിരുന്നവര്‍ പോലും വിനേഷ് ഫോഗട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു. നീതിയ്ക്കായുള്ള പോരാട്ടത്തില്‍ ഭരണകൂടവും, വ്യവസ്ഥകളും ഇടങ്കാലിട്ടു വീഴ്ത്തിയിട്ടും മുന്നേറിയവള്‍ സ്വര്‍ണപതക്കം അണിഞ്ഞു വരുന്നത് കാണാനുള്ള കാത്തിരിപ്പ്. ഇന്നിപ്പോള്‍ ലോക കായികവേദിയില്‍ വിനേഷ് പതറിനില്‍ക്കുമ്പോള്‍, ഇടനെഞ്ച് പൊട്ടുന്നത് കായികപ്രേമികള്‍ക്ക് മാത്രമല്ല. നിരാശയുടെ അങ്ങേത്തലയ്ക്കല്‍നിന്ന് ജനതയൊന്നാകെയാണ് പാരിസിലേക്ക് കണ്ണുകളുയര്‍ത്തുന്നത്. അതില്‍ നിരാശയുണ്ട്, എല്ലാത്തിലുമപരി ആര്‍ക്കു മുന്നിലും തോറ്റുകൊടുക്കരുതെന്ന വാശിയുണ്ട്. പോരാട്ടത്തിന്റെ അവസാനപടിയില്‍ അയോഗ്യയാക്കപ്പെട്ടപ്പോള്‍ മാത്രം വീരനായികയെ ഓര്‍ത്തവരുടെ പക്ഷം രഹസ്യമായെങ്കിലും സന്തോഷിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാം. എല്ലാം മറന്നു തുടങ്ങുമ്പോഴേക്കും കല്ലുകളെറിയാന്‍ അവര്‍ ഒരുമിച്ചു കൂടുമെന്നും ആ ജനതയ്ക്ക് ബോധ്യമുണ്ട്. അവിടെയാണ് വിനേഷിന്റെ അയോഗ്യതയ്ക്കുമേല്‍ സംശയത്തിന്റെ കരിമ്പടം വന്നു വീഴുന്നത്.

ALSO READ : വെല്ലുവിളികളെ മലർത്തിയടിച്ച പോരാട്ടവീര്യം, വിനേഷ്, ദി സൂപ്പർ ഹീറോയിൻ

ഒളിംപിക്സില്‍, മുന്‍പുള്ള മത്സരത്തിനായി പരിശോധിക്കുമ്പോള്‍, 49.4 കിലോഗ്രാം ആയിരുന്നു വിനേഷിന്റെ തൂക്കം. ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയതിനു പിന്നാലെ തൂക്കം 2000 ഗ്രാം അതായത് രണ്ട് കിലോഗ്രാം വരെ കൂടിയിരുന്നു. രാത്രി ഉറക്കമിളച്ചും കഠിനമായ വ്യായാമം ചെയ്തും വിനേഷ് ഭാരം കുറയ്ക്കാന്‍ പരിശ്രമിച്ചു. ഫൈനല്‍ പ്രവേശത്തിനു മുന്‍പുള്ള ഭാര പരിശോധനയില്‍ പക്ഷേ 100 ഗ്രാം ഭാരക്കൂടുതല്‍ കണ്ടെത്തി. കഠിനമായി പരിശ്രമിച്ചിട്ടും വിനേഷിന് കുറയ്ക്കാനായത് 1900 ഗ്രാം മാത്രം. ഒടുവില്‍ ആ 100 ഗ്രാം വിനേഷിന് അയോഗ്യത കല്‍പ്പിക്കാനുള്ള കാരണമായി. എന്തുകൊണ്ടായിരിക്കാം? വിനേഷിന്റെ ദുര്‍വിധിയെന്നോ, അശ്രദ്ധയെന്നോ വിലയിരുത്താന്‍ ധൃതി കൂട്ടുന്നവര്‍ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. കായികതാരങ്ങളുടെ ഭക്ഷണക്രമവും ഭക്ഷണവും പരിശീലനവും ഉള്‍പ്പെടെ തീരുമാനിക്കുന്നത് അവര്‍ സ്വന്തമായിട്ടല്ല. അതിന് പരിശീലകരും ഡയറ്റീഷ്യനും ട്രെയ്‍നറും ഉള്‍പ്പെടെ വലിയൊരു സപ്പോര്‍ട്ടിങ് സ്റ്റാഫ് ഉണ്ട്. ഓരോ മത്സരത്തിലേക്കുമുള്ള തയ്യാറെടുപ്പുകളെ സസൂക്ഷ്മം വിലയിരുത്തുന്നതും അവര്‍ തന്നെയാണ്. അവിടെയാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

49.4ല്‍നിന്ന് രണ്ട് കിലോഗ്രാം വരെ കൂടിയത് ആരുടെയെങ്കിലും അശ്രദ്ധയാണോ? മികച്ച പ്രകടനത്തിനൊടുവില്‍ ഫൈനലില്‍ പ്രവേശിച്ച, ഒളിംപിക് മെഡല്‍ ഉറപ്പിച്ചൊരു താരത്തിന്റെ കാര്യത്തില്‍ അത്രയും വലിയ അശ്രദ്ധ ആര്‍ക്ക് എങ്ങനെ സംഭവിച്ചു? ആരെങ്കിലും ബോധപൂര്‍വം ചെയ്തതാണോ? വിനേഷിനെ ഫൈനലിനുമുന്‍പേ ഇങ്ങനെ തോല്‍പ്പിക്കണമെങ്കില്‍ അതിനു പിന്നിലൊരു ചതി ഉണ്ടാകില്ലേ? ഇത്തരം സംശയങ്ങള്‍ക്ക് ബലം പകരുന്നതാണ് ഒളിംപ്യന്‍ വിജേന്ദര്‍ സിങ്ങിന്റെ പ്രതികരണം. അത്ലറ്റുകള്‍ക്ക് അഞ്ച് മുതല്‍ ആറ് കിലോഗ്രാം വരെ ഒറ്റ രാത്രികൊണ്ട് കുറയ്ക്കാനാകുമെന്നാണ് വിജേന്ദര്‍ പറഞ്ഞത്. 100 ഗ്രാം ഒരു തമാശയായി തോന്നുന്നു. ഇതൊരു അട്ടിമറി ആയിരിക്കും എന്നാണ് വിജേന്ദര്‍ പ്രതികരിച്ചത്. 55-56 കിലോ ഭാരമുണ്ടായിരുന്നപ്പോഴാണ് അവര്‍ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചുകൊണ്ടിരുന്നത്. മത്സരത്തിനായി മൂന്ന് കിലോഗ്രാമാണ് വിനേഷ് കുറച്ചുകൊണ്ടിരുന്നത്.



2014 കോമൺവെൽത്ത് ഗെയിംസിൽ 48 കിലോയിലും 2018ൽ 50 കിലോയിലും 2022ൽ 53 കിലോയിലും മത്സരിച്ചാണ് വിനേഷ് സ്വർണം നേടിയത്. എന്നാല്‍, ഒളിംപിക്സില്‍ 53 കിലോ വിഭാഗത്തിൽ ആന്റിം പാംഘലിനെ മത്സരിപ്പിക്കാനായിരുന്നു ഗുസ്തി ഫെഡറേഷന്റെ തീരുമാനം. ഇതോടെ, വിനേഷ് 50 കിലോയിലേക്ക് വഴി മാറേണ്ടിവന്നു. പാരീസിലേക്കുള്ള വിനേഷിന്റെ യാത്രകളും അത്രത്തോളം സുഖമുള്ളതായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കിടെ തെരുവില്‍ നീതിക്കായി പോരടിക്കുകയായിരുന്നു വിനേഷും സഹതാരങ്ങളും. ഗുസ്തി ഫെഡറേഷന്റെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളായിരുന്നു ലോകവേദിയില്‍ ഇന്ത്യയുടെ അഭിമാനമായ താരങ്ങളെ തെരുവില്‍ ഇറക്കിയത്. ബ്രിജ് ഭൂഷണിനെതിരെ സമരം ചെയ്തതിനു പിന്നാലെ, സാക്ഷി മാലിക്കിനും ബജ്‌റംഗ് പൂനിയയ്ക്കും നേരിടേണ്ടിവന്നത് വിലക്കായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അത് പിന്‍വലിക്കപ്പെട്ടെങ്കിലും ഇരുവര്‍ക്കും ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിനായില്ല. സാക്ഷി മാലിക്കിനും ബജ്‌റംഗ് പൂനിയയ്ക്കുമൊപ്പം നീതി തേടിയ സഹതാരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ വിനേഷ് ഉപേക്ഷിച്ചിരുന്നു. വിദ്വേഷ പ്രചരണങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും പഞ്ഞമില്ലായിരുന്നു. ഡല്‍ഹി തെരുവില്‍ പൊലീസ് കരുത്ത് പരീക്ഷിച്ചത് ഗുസ്തി താരങ്ങള്‍ക്കെതിരെയായിരുന്നു. സാമുഹ്യമാധ്യങ്ങളില്‍ വലതുസംഘടനകളും അവഹേളനം തുടര്‍ന്നു.

ALSO READ : വിനേഷിൻ്റെ അയോഗ്യത; ചതിയോ അട്ടിമറിയോ? രാഷ്ട്രീയചര്‍ച്ചകളും ചൂടുപിടിക്കുന്നു

ഇത്തരം പ്രതിസന്ധികളെയെല്ലാം സധൈര്യം നേരിട്ടാണ് വിനേഷ് പാരിസിലെത്തിയത്. ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ യുയി സുസാക്കിയെയും അട്ടിമറിച്ച് വിനേഷ് ചരിത്രക്കുതിപ്പ് നടത്തി. ഒളിംപിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായതിനൊപ്പം മെഡല്‍ നേടി ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലായിരുന്നു താരം. ഫൈനലില്‍ എതിരാളി അമേരിക്കയുടെ സാറാ ഹിൽഡെബ്രാൻഡായിരുന്നു. സാറയ്ക്കെതിരെ മികച്ച റെക്കോഡുള്ള വിനേഷ് സ്വര്‍ണം അണിയുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. സുവര്‍ണ നേട്ടം ആഘോഷിക്കാന്‍ ഒരു ജനത കാത്തിരിക്കുമ്പോഴാണ് അയോഗ്യതയുടെ വാറോലയില്‍ വിനേഷിന് അവസരം നഷ്ടമാകുന്നത്. ഇതൊന്നും ഞങ്ങളറിഞ്ഞില്ലേയെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്നൊഴിവാകാന്‍ പരിശീലകരും ട്രെയ്‍നര്‍മാരും ഡയറ്റീഷ്യന്മാരും ഉള്‍പ്പെടുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫിനും കഴിയില്ല. ബ്രിജ് ഭൂഷണിനെതിരായ സമരത്തോളമോ, ഗുസ്തി ഫെഡറേഷനിലേക്കോ വരെ സംശയത്തിന്റെ മിഴിമുനകള്‍ നീണ്ടാല്‍ കുറ്റം പറയാനുമാകില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ് ഇനിയും ക്രൂശിക്കപ്പെടുന്നത് വിനേഷ് തന്നെയായിരിക്കും. പരിശീലനത്തിനായി മുടക്കിയ ലക്ഷങ്ങളുടെ പേരിലും, നല്‍കിയ അവസരത്തിന്റെ പേരിലുമൊക്കെ വിനേഷിനെതിരെ കല്ലേറുണ്ടാകാം. അതുകൊണ്ടാണ് എല്ലാവര്‍ക്കും മുന്നില്‍ ജയിച്ചവളായി വിനേഷിനെ ചേര്‍ത്തുപിടിക്കാന്‍ ഒരു ജനതയൊന്നാകെ ഒപ്പം നില്‍ക്കുന്നത്.

NATIONAL
പഹല്‍ഗാമിൽ കൊല്ലപ്പെട്ടവരില്‍ കശ്മീരി മുസ്ലീം യുവാവും, ആദില്‍ ഹുസൈന്റെ മരണം ടൂറിസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണം തടയുന്നതിനിടെ
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്