രോഹൻ ബൊപ്പണ്ണ Source: X
SPORTS

"ജീവിതത്തിന് അ‍ർഥം നൽകിയതിനോട് എങ്ങനെ വിട പറയും?"; വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ

22 വ‍ർഷം നീണ്ട കരിയറിനാണ് ബൊപ്പണ്ണ ഇതോടെ വിരാമം കുറിച്ചത്

Author : ന്യൂസ് ഡെസ്ക്

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ. രണ്ട് ​ഗ്രാൻഡ്‌സ്ലാം ഡബിൾസ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ബൊപ്പണ്ണ തൻ്റെ 45ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 22 വ‍ർഷം നീണ്ട കരിയറിനാണ് ബൊപ്പണ്ണ ഇതോടെ വിരാമം കുറിച്ചത്. പാരിസ് മാസ്റ്റേഴ്സ് 1000ൽ അലക്സാണ്ട‍‍ർ ബുബ്ലിക്കിനൊപ്പം പങ്കാളിയായാണ് അവസാന മാച്ചിൽ പങ്കെടുത്തത്. എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

തൻ്റെ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ബൊപ്പണ്ണ "എ ഗുഡ്‌ബൈ... ബട്ട് നോട്ട് ദി എൻഡ്" എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈകാരിക കുറിപ്പിൽ തൻ്റെ ജന്മനാടായ കൂർഗിൽ നിന്ന് ലോക ടെന്നീസിലേക്കുള്ള യാത്രയെപ്പറ്റി ബൊപ്പണ്ണ പറയുന്നുണ്ട്. ജീവിതത്തിന് അ‍ർഥം നൽകിയ ഒന്നിനോട് എങ്ങനെയാണ് വിട പറയുകയെന്ന് ബോപ്പണ്ണ കുറിപ്പിൽ ചോ​ദിക്കുന്നു. ഇരുപത് അവിസ്മരണീയമായ വർഷത്തെ പര്യടനത്തിനു ശേഷം, ടെന്നീസിനോട് വിട പറയാൻ സമയമായി. ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും ബൊപ്പണ്ണ കുറിപ്പിൽ പറയുന്നു. തനിക്കൊപ്പം ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും നിന്നവരോട് ബൊപ്പണ്ണ കുറിപ്പിൽ നന്ദി അറിയിക്കുന്നുണ്ട്.

2024 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് (മാത്യൂ എബ്ഡൻ) നൊപ്പം, 2017 ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസ് (ഗബ്രിയേല ഡബ്രോവ്‌സ്‌കി) ക്കൊപ്പം എന്നീ രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങളുമായാണ് 45 കാരനായ ബൊപ്പണ്ണ തൻ്റെ കരിയർ പൂർത്തിയാക്കിയത്. കൂടാതെ പുരുഷ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി നാല് ഗ്രാൻഡ് സ്ലാം ഫൈനലുകളിലും താരം എത്തിയിട്ടുണ്ട്. 2012ലും 2015ലും എടിപി ഫൈനലിൻ്റെ ഫൈനലിലും ബൊപ്പണ്ണ പങ്കെടുത്തു. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ചാംപ്യനായ ബൊപ്പണ്ണ പുരുഷ ഗ്രാൻഡ് സ്ലാമിൽ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറിയിരുന്നു.

SCROLL FOR NEXT