

മുംബൈ: വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയ ഉയർത്തിയ 339 റൺസിൻ്റെ റൺമല ചേസ് ചെയ്യവെ ലക്ഷ്യത്തിലെത്തുമോ എന്നതിനെ കുറിച്ച് ആശങ്കപ്പെട്ടിരുന്നുവെന്ന് ജെമീമ റോഡ്രിഗസ്. ഇക്കാര്യം ടീമിലെ സഹതാരം ദീപ്തി ശർമയോട് തുറന്നുപറഞ്ഞെന്നും താരം മത്സര ശേഷം ഡ്രസിങ് റൂമിൽ വെച്ച് വെളിപ്പെടുത്തി.
"ഇന്ത്യയുടെ റൺ ചേസിനിടെ വ്യക്തിഗത സ്കോർ 85ൽ എത്തുമ്പോഴേക്കും ഞാൻ തളർന്നിരുന്നു. ആ സമയത്തെല്ലാം ഞാൻ ദീപ്തിയോട് സംസാരിച്ചു കൊണ്ടിരുന്നു. എന്നോട് സംസാരിക്കൂവെന്നും എന്നെക്കൊണ്ട് ഇനിയും കളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും പലതവണ ദീപ്തിയോട് പറഞ്ഞു. അങ്ങനെ പറഞ്ഞതിന് ശേഷം ഓരോ പന്ത് നേരിടുമ്പോഴും, ഓരോ റൺസ് നേടുമ്പോഴും അവൾ എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു. കൂടാതെ എൻ്റെ ഒരു റണ്ണിന് വേണ്ടി ദീപ്തി അവളുടെ വിക്കറ്റ് പോലും ത്യജിച്ചു. തിരികെ നടക്കുമ്പോൾ കുഴപ്പമില്ല, മത്സരം പൂർത്തിയാക്കിയിട്ട് മടങ്ങിവരൂവെന്നാണ് അവൾ പറഞ്ഞത്," ജെമീമ ഓർത്തെടുത്തു.
മികച്ച കൂട്ടുകെട്ടുകൾ ഇല്ലാതെ ഈ ജയം സാധ്യമാകുമായിരുന്നില്ല. ദീപ്തിയുടെയും റിച്ചയുടേയും അമൻജോത് കൗറിൻ്റെയും ഇന്നിങ്സുകൾ എൻ്റെ മുകളിലുണ്ടായിരുന്ന സമ്മർദ്ദം ഒരുപാട് കുറച്ചു. ക്യാപ്റ്റൻ ഹർമൻപ്രീതും ഞാനും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കി. മുൻകാലങ്ങളിൽ ഞങ്ങളിൽ ഒരാളുടെ വിക്കറ്റ് നഷ്ടപ്പെട്ടാൽ ഞങ്ങൾ മത്സരം തോൽക്കുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഈ മത്സരത്തോടെ ഞങ്ങൾ അതെല്ലാം തിരുത്തിക്കുറിച്ചു," ജെമീമ റോഡ്രിഗസ് വിശദീകരിച്ചു.
ഏഴ് തവണ ലോക ചാംപ്യന്മാരും നിലവിലെ ലോക ജേതാക്കളുമായ ഓസ്ട്രേലിയയുടെ കലാശപ്പോരിലേക്കുള്ള കുതിപ്പിന് തടയിട്ട ഇന്ത്യൻ ക്രിക്കറ്റർ, ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ജെമീമ റോഡ്രിഗസിൻ്റെ പേര് സുവർണ ലിപികളാൽ എഴുതിവയ്ക്കപ്പെടും. തുടർച്ചയായ 15 ലോകകപ്പ് മത്സരങ്ങളിൽ തോൽവി അറിയാത്ത ഓസീസ് ടീമിനെയാണ് നീലപ്പട കഴിഞ്ഞ ദിവസം മുട്ടുകുത്തിച്ചത്.