Apple's Foldable iPhone Duo Faces Wave of Customer Complaints News Malayalam 24x7
TECH

സ്ക്രീനിൽ വലിയ വിള്ളലുകൾ, മടക്കുമ്പോൾ ചില്ല് പൊടിയുന്ന ശബ്ദം; ഐഫോൺ ഡ്യുവോയ്ക്കെതിരെ പരാതിപ്രളയം; ആപ്പിളിന് തിരിച്ചടി

ഫോൺ മടക്കുമ്പോഴും നിവർത്തുമ്പോഴും ഉള്ളിൽ നിന്ന് ചില്ല് പൊടിയുന്ന തരത്തിലുള്ള വിചിത്രമായ ശബ്ദം കേൾക്കുന്നതായും ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി.

Author : ന്യൂസ് ഡെസ്ക്

കാലിഫോർണിയ: ഒരു പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ ആപ്പിൾ വിപണിയിലെത്തിച്ച ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ 'ഐഫോൺ ഡ്യുവോ'യുടെസ്ക്രീനുകൾ പൊട്ടിപ്പിളരുന്നതായി ഉപഭോക്താക്കളുടെ വ്യാപക പരാതി . വിപണിയിലെത്തി ദിവസങ്ങൾക്കകം തന്നെ ഫോണിന്റെ ഡിസ്‌പ്ലേയിൽ വലിയ വിള്ളലുകൾ രൂപപ്പെടുന്നതായും, ഫോൺ മടക്കുമ്പോഴും നിവർത്തുമ്പോഴും ഉള്ളിൽ നിന്ന് ചില്ല് പൊടിയുന്ന തരത്തിലുള്ള വിചിത്രമായ ശബ്ദം കേൾക്കുന്നതായും ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി.

"ഫോൺ തുറക്കുമ്പോൾ ഉള്ളിൽ എന്തോ തരിപ്പണമായി പൊടിയുന്നതുപോലെയുള്ള ശബ്ദമാണ് കേൾക്കുന്നത്. വിരലോടിക്കുമ്പോൾ ഡിസ്‌പ്ലേയുടെ മധ്യഭാഗത്ത് ആഴത്തിലുള്ള വിള്ളൽ വിരലിൽ തടയുന്നുണ്ട്," എന്ന് സാൻ ഡിയാഗോയിൽ നിന്നുള്ള ഒരു ഉപഭോക്താവ് ബ്ലൂംബെർഗിനോട് വെളിപ്പെടുത്തി. പ്രമുഖ ടെക് യൂട്യൂബ് ചാനലായ 'ജെറി റിഗ് എവരിതിംഗ്' നടത്തിയ ഡ്യൂറബിലിറ്റി പരീക്ഷണത്തിലും ഐഫോൺ ഡ്യുവോയുടെ മടക്കാവുന്ന സ്ക്രീൻ പൊട്ടി പരാജയപ്പെട്ടതിന്റെ വീഡിയോകൾ പുറത്തുവന്നത് ആപ്പിൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

പ്രശ്നം വളരെ കുറഞ്ഞ എണ്ണം ഫോണുകളെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നാണ് ആപ്പിൾ വിശദീകരിക്കുന്നതെങ്കിലും, പത്ത് വർഷത്തോളം സമയമെടുത്ത് ആപ്പിൾ വികസിപ്പിച്ചെടുത്ത ഏറ്റവും അഭിമാനകരമായ പ്രീമിയം ഫോൾഡബിൾ ഡിവൈസിന് തുടക്കത്തിൽത്തന്നെ ഇത്തരം നിർമ്മാണപ്പിഴവുകൾ സംഭവിച്ചത് കമ്പനിക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. സാംസങ് ഉൾപ്പെടെയുള്ള എതിരാളികൾ ഫോൾഡബിൾ വിപണിയിൽ വൻ മുന്നേറ്റം നടത്തിയ ശേഷമാണ് ആപ്പിൾ തങ്ങളുടെ ഫോൾഡബിൾ ഫോൺ വിപണിയിലെത്തിച്ചത്.

ഫോണിന്റെ ഹിഞ്ചിലും ഫ്ലെക്സിബിൾ ഗ്ലാസിലും പൊടിയോ അവശിഷ്ടങ്ങളോ കയറുന്നതാണ് സ്ക്രീൻ പൊട്ടാൻ കാരണമെന്നാണ് ടെക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. ഐഫോൺ ഡ്യുവോയുടെ ഡിസ്‌പ്ലേയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ഉപഭോക്താക്കൾ തൊട്ടടുത്ത ആപ്പിൾ സ്റ്റോറുകളിലോ ആപ്പിൾ കെയറിലോ ബന്ധപ്പെടണമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് ഫോണിൽ ഉയർന്നുവന്ന ഈ സ്ക്രീൻ തകരാറുകൾ പരിഹരിക്കാൻ ആപ്പിൾ അടിയന്തര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ പരിശോധനകൾ ആരംഭിച്ചിരിക്കുകയാണ്.

SCROLL FOR NEXT