TECH

20 മിനുട്ടില്‍ നഷ്ടമായത് അറുപതിനായിരം കോടി; പിന്നില്‍ നോര്‍ത്ത് കൊറിയയിലെ ഹാക്കര്‍മാര്‍?

ക്രിപ്റ്റോ ലോകത്തെ ഞെട്ടിച്ച് ബൈനാൻസ് ഹാക്കിങ്; പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരോ?

Author : ന്യൂസ് ഡെസ്ക്

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബൈനാന്‍സിന് നേരെ വന്‍ സൈബറാക്രമണം. അറുപതിനായിരം കോടി രൂപയുടെ ക്രിപ്‌റ്റോ ആസ്തികള്‍ നഷ്ടപ്പെട്ടെന്ന് വിവരം. പ്ലാറ്റ്‌ഫോമിലെ എല്ലാ ഇടപാടുകളും നിര്‍ത്തി. ക്രിപ്‌റ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

നഷ്ടം നികത്തുമെന്ന് ബൈനാന്‍സ് ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും നഷ്ടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാകാത്തതിനാല്‍ ഉപഭോക്താക്കള്‍ ആശങ്കയിലാണ്. ഡിജിറ്റല്‍ അസറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമാണ് നടന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തുടക്കം ഒരു ലാപ്‌ടോപ്പില്‍ നിന്ന്?

ഹാക്ക് ചെയ്യപ്പെട്ട ഒരു ലാപ്‌ടോപ്പില്‍ നിന്നാണ് എല്ലാത്തിന്റേയും തുടക്കമെന്നാണ് സൂചന. ഒരു എഞ്ചിനീയറുടെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്ത് അതുവഴി ഹാക്കര്‍മാര്‍ ഇന്റേണല്‍ നെറ്റ് വര്‍ക്ക് സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറുകയായിരുന്നുവെന്നാണ് നിഗമനം.

നിക്ഷേപകരുടെ പണം സുരക്ഷിതമെന്ന് ബൈനാന്‍സ്

മോഷണ വിവരം പുറത്തുവന്നതിനു പിന്നാലെ ബൈനാന്‍സ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് കോ-സിഇഒ റിച്ചാര്‍ഡ് ടെങ് എക്‌സിലൂടെ നേരിട്ട് വിശദീകരിച്ചു. വിപണിയിലെ പരിഭ്രാന്തി ഒഴിവാക്കാനും ഉപയോക്താക്കളുടെ ആശങ്കകള്‍ അകറ്റാനുമായി എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചും റിച്ചാര്‍ഡ് ടെങ് വിശദീകരിച്ചിട്ടുണ്ട്.

സുരക്ഷാ പ്രശ്‌നം ആരംഭിച്ചത് എഞ്ചിനീയറുടെ ഹാക്ക് ചെയ്യപ്പട്ട ലാപ് ടോപ്പില്‍ നിന്നാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏതെങ്കിലും ഒരു എഞ്ചിനീയറുടെ അനുമതികള്‍ മാത്രം ഉപയോഗിച്ചോ ഒറ്റ ക്ലിക്കിലോ നടന്ന ഒന്നല്ല. സങ്കീര്‍ണമായ കാര്യങ്ങളാണ് നടന്നത്. അന്വേഷണത്തില്‍ ഏതെങ്കിലും വ്യക്തിയുടെ മേല്‍ ഇതുവരെ ഉത്തരവാദിത്തം ചുമത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാലറ്റ് പ്രവൈറ്റ് കീകള്‍ ചോര്‍ന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കി എല്ലാം വിശദമായി അറിയിക്കും. ഏകദേശം 6.3 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഉപയോക്താക്കള്‍ക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും കമ്പനി നികത്തുമെന്നും ബൈനാന്‍സ് അറിയിച്ചു.

പിന്നില്‍ നോര്‍ത്ത് കൊറിയന്‍ ഹാക്കര്‍മാര്‍?

ബ്ലോക്ക്‌ചെയിന്‍ ഇന്റലിജന്‍സ് സ്ഥാപനങ്ങളായ ടി.ആര്‍.എം ലാബ്‌സ്, ചെയിനാലിസിസ് എന്നിവയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആസൂത്രിതവും സംഘടിതവുമായ ആക്രമണത്തിന് പിന്നില്‍ നോര്‍ത്ത് കൊറിയയിലുള്ള ഹാക്കര്‍മാരാണെന്നാണ് സൂചന. ഹാക്കര്‍മാര്‍ 10 വ്യത്യസ്ത ബ്ലോക്ക് ചെയിനുകളിലായി ബൈനാന്‍സ് വാലറ്റുകളെ ലക്ഷ്യമിടുകയും, വെറും 20 മിനിറ്റിനുള്ളില്‍ ഭൂരിഭാഗം ഫണ്ടുകളും മോഷ്ടിച്ചുവെന്നാണ് ടി.ആര്‍.എം ലാബ്‌സ് പറയുന്നത്.

ഉത്തര കൊറിയയിലെ എലൈറ്റ് ഹാക്കിങ് യൂണിറ്റായ 'ട്രേഡര്‍ട്രെയ്റ്റര്‍' ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ടി.ആര്‍.എം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നത്. ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത് വളരെ ആത്മവിശ്വാസത്തോടെയാണെന്നും ടി.ആര്‍.എം വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, മറ്റൊരു ക്രിപ്റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബൈബിറ്റ് ഹാക്ക് ചെയ്ത് 1.5 ബില്യണ്‍ ഡോളർ കവർന്നിരുന്നു. ഇതിനു പിന്നില്‍ ഉത്തരകൊറിയയും ട്രേഡര്‍ ട്രെയ്റ്ററുമാണെന്നാണ് എഫ്ബിഐ കണ്ടെത്തിയിരുന്നു.

ബൈനാന്‍സിന് നേരെയുണ്ടായ ആക്രമണത്തിന് ബൈബിറ്റ് ഹാക്ക് അടക്കമുള്ള മുന്‍കാല ആക്രമണവുമായി സാമ്യമുണ്ടെന്നാണ് ടി.ആര്‍.എം കണ്ടെത്തല്‍. ബൈനാന്‍സ് ഹാക്കിന് പിന്നില്‍ ട്രേഡര്‍ട്രെയ്റ്റര്‍ തന്നെയാകാമെന്നാണ് ചെയിനാലിസിസിന്റെ സഹസ്ഥാപകനും സിഇഒയുമായ ജോനാഥന്‍ ലെവിനും എക്‌സില്‍ കുറിച്ചു.

SCROLL FOR NEXT