ഡൽഹി: ഇ-റിക്ഷകൾ ബ്ലൂടൂത്ത് വഴി നിയന്ത്രിച്ച് ദുരുപയോഗം ചെയ്ത രണ്ട് ചൈനീസ് ബാറ്ററി മാനേജ്മെൻ്റ് ആപ്പുകളാണ് കേന്ദ്ര സർക്കാർ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നിരോധിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വിവരങ്ങൾ പരിശോധിക്കാൻ ഉപയോഗിക്കുന്ന ഈ ആപ്പുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ പാസ്‌വേഡോ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ഈ ആപ്പുകൾ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഇ-റിക്ഷകളിലേക്ക് കണക്റ്റ് ചെയ്യാനും, വാഹനത്തിൻ്റെ പവർ ഓഫ് ചെയ്യാനും സാധിച്ചിരുന്നു. യാത്രയ്ക്കിടയിൽ പെട്ടെന്ന് വാഹനം ഓഫാകുകയും, ഡ്രൈവർമാർക്ക് സ്വന്തമായി വാഹനം റീസ്റ്റാർട്ട് ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ ആപ്പുകൾ അടിയന്തരമായി നീക്കം ചെയ്യാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇത്തരം സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷകൾ നടുറോഡിൽ വച്ച് നിർത്താൻ യുവാക്കൾ ചൈനീസ് ആപ്പ് ഉപയോഗിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈനയിലെ ഷെൻസെൻ ഗ്രീനർജി ടെക്നോളജി വികസിപ്പിച്ചെടുത്ത ഈ ആപ്പ് ബാറ്ററി മാനേജ്മെൻ്റിനുള്ള ഒരു ടൂളാണ്.
ഇന്ത്യയിലെ പല ബജറ്റ് ഇ-റിക്ഷകളിലും ഇലക്ട്രിക് സ്കൂട്ടറുകളിലും പാസ്‌വേഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ചൈനീസ് ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റം ഉപയോഗിക്കുന്നതാണ് ഈ പ്രശ്നത്തിന് പ്രധാന കാരണം. ഇത്തരം സിസ്റ്റങ്ങളിൽ ഓപ്പൺ ബ്ലൂടൂത്ത് ക്രമീകരണങ്ങളുള്ളതിനാൽ വെരിഫിക്കേഷനുകൾ ഇല്ലാതെ തന്നെ സമീപത്തുള്ള ആർക്കും സ്മാർട്ട്‌ഫോൺ വഴി എളുപ്പത്തിൽ സിസ്റ്റത്തിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും.
10-15 മീറ്റർ ചുറ്റളവിലുള്ള വാഹനങ്ങളുടെ പവർ കട്ട് ചെയ്ത് പെട്ടെന്ന് പ്രവർത്തനരഹിതമാക്കാൻ ഇതിലൂടെ സാധിക്കും. വാഹനം വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതിനായി ഡ്രൈവർമാർക്ക് നൂറും ഇരുന്നൂറും രൂപ വരെ മാറ്റിവയ്ക്കേണ്ടി വരുന്നതായും റിപ്പോർട്ടുണ്ട്.