

ഡൽഹി: വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചർ പരിശോധിക്കാൻ കേന്ദ്ര സർക്കാർ. ഫീച്ചർ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കാൻ കാരണമാകുമോ എന്ന് ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഐടി ആഭ്യന്തര മന്ത്രാലയങ്ങൾ. ആവശ്യമെങ്കിൽ മെറ്റയ്ക്ക് നോട്ടീസ് അയക്കാനും കേന്ദ്രസർക്കാർ നീക്കം. പുത്തൻ ഫീച്ചറുമായി ബന്ധപ്പെട്ട സ്വകാര്യതയും സുരക്ഷാ പ്രത്യാഘാതങ്ങളും ഉദ്യോഗസ്ഥർ അവലോകനം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.
ഫോൺ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം ഉപയോക്താക്കൾക്ക് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ കണക്റ്റ് ചെയ്യാമെന്നായിരുന്നു മെറ്റയുടെ വാദം. എന്നാൽ, പുതിയ ഫീച്ചറിൽ സൈബർ തട്ടിപ്പുകൾ വർധിക്കാനുള്ള സാധ്യത വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കേന്ദ്രം പരിശോധനയ്ക്ക് തയ്യാറായത്. എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ മെറ്റയ്ക്ക് നോട്ടീസ് ലഭിച്ചേക്കാം.
പുതിയ ഫീച്ചർ ഉപയോഗിച്ചാൽ ടെലഗ്രാമിന് സമാനമായി വാട്സ് ആപ്പും മാറുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. ആർക്കും എന്ത് തരത്തിലുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ സൗകര്യമുണ്ടാകും. അത് വലിയ സുരക്ഷാ ഭീഷണിയാകുമെന്നും ആരോപണം ഉയർന്നു. സൈബർ കുറ്റവാളികൾക്ക് ഐഡന്റിറ്റികൾ മറയ്ക്കുന്നത് എളുപ്പമാകും എന്നതിനാൽ അത്തരം കേസുകളിൽ അന്വേഷണം കൂടുതൽ ദുഷ്കരമാക്കുമെന്ന അഭിപ്രായവും ചിലർ ഉയർത്തി.