ലോകത്തിലെ ആദ്യത്തെ ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണായ 'വാവെയ് മേറ്റ് XT അൾട്ടിമേറ്റി'ന് ശേഷം മേറ്റ് XT 2വുമായി എത്തുകയാണ് ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വാവെയ്. 2024 സെപ്റ്റംബറിലാണ് ബ്രാൻഡ് അവരുടെ ആദ്യത്തെ ട്രിപ്പിൾ സ്‌ക്രീൻ ഫോർട്ടബൾ ഫോൺ പുറത്തിറക്കിയത്. മൂന്നായി മടക്കാനാവുന്ന 10.2 ഇഞ്ച് സ്‌ക്രീനുമായാണ് ഫോൺ എത്തിയത്. സ്‌ക്രീന്‍ ഒരിക്കല്‍ മടക്കിയാല്‍ 7.9 ഇഞ്ച് സ്‌ക്രീനായി വലിപ്പം കുറയും രണ്ടാമതും മടക്കിയാല്‍ 6.4 ഇഞ്ച് സ്‌ക്രീന്‍ ഉപയോഗിക്കാം എന്നതാണ് മേറ്റ് XT അൾട്ടിമേറ്റിൻ്റെ പ്രത്യേകത.
പുതിയ മേറ്റ് XT 2, 2025 പകുതിയാകുന്നതോടെ എത്തുമെന്നാണ് റിപ്പോർട്ട്. മേറ്റ് XT അൾട്ടിമേറ്റ് ഡിസൈനിന്റെ അതേ സ്‌ക്രീൻ റെസല്യൂഷൻ തന്നെയാണ് വാവെയ് മേറ്റ് XT 2വിനും പ്രതീക്ഷിക്കുന്നത്. പുതിയ ചിപ്‌സെറ്റ്, ക്യാമറ അപ്‌ഗ്രേഡുകൾ, മറ്റ് ഹാർഡ്‌വെയർ അപ്ഡേഷനകളും പുതിയ മോഡലിൽ ഉണ്ടാകുമെന്നാണ് സൂചന. മേറ്റ് XT അൾട്ടിമേറ്റിലെ 9010 ചിപ്‌സെറ്റിന് പകരം മേറ്റ് XT 2ൽ കിരിൻ 9020 പ്രോസസർ ഉപയോഗിക്കുമെന്നും വിവരമുണ്ട്.
10.2 ഇഞ്ച് ഫ്ലെക്സിബിൾ LTPO OLED മെയിൻ സ്‌ക്രീനിലാണ് വാവെയ് മേറ്റ് XT അൾട്ടിമേറ്റ് അവതരിപ്പിച്ചത്. 16 ജിബി റാമിനൊപ്പം 56 ജിബി, 512 ജിബി, 1 ടിബി സ്‌റ്റോറേജ് ഓപ്ഷനുകളും നൽകിയിരുന്നു. വാവെയ് മേറ്റ് എക്‌സ് ടി അള്‍ട്ടിമേറ്റിന് 50 എംപി ക്യാമറയാണുള്ളത്. ഒപ്പം 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും 12 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉണ്ട്. 8 എംപി ക്യാമറയാണ് ഡിസ്‌പ്ലേയ്‌ക്കൊപ്പം ഉള്ളത്. 5ജി, 4ജി കണക്ടിവിറ്റി. 5600 എംഎഎച്ച് ബാറ്ററിയില്‍ 66 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം, 50 വാട്ട് വയര്‍ലെസ് ചാര്‍ജിങും ഇതിൽ സാധ്യമാണ്. ഹാര്‍മണി ഒഎസ് 4.2 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് വാവെയ് മേറ്റ് XT അൾട്ടിമേറ്റ്.