NEO Robot Source: 1x.technologies
TECH

പാചകം ചെയ്യും,ഷോപ്പിംഗ് ബാഗുകൾ ചുമക്കും, കൊച്ചു വർത്താനവും പറയും; ഇനി ജോലിക്കാരെ അന്വേഷിച്ച് നടക്കേണ്ട!

ഏകദേശം 30 കിലോഗ്രാം ഭാരമുള്ള നിയോയ്ക്ക് 68 കിലോഗ്രാമിൽ കൂടുതൽ ഭാരം ഉയർത്താനും 25 കിലോഗ്രാം വരെ ഭാരം വഹിക്കാനും കഴിയും

Author : ന്യൂസ് ഡെസ്ക്

ഇനി വീടുകളിലേക്ക് ജോലിക്കാരെ തേടി അധികം കഷ്ടപ്പെടേണ്ടി വരില്ല. പാചകം, വൃത്തിയാക്കൽ, ഷോപ്പിംഗ് എന്തിന് ഒറ്റയ്ക്കായാൽ സംസാരിക്കാൻ വരെ കൂട്ടിരിക്കുന്ന ഹ്യൂമനോയിഡ് അസിസ്റ്റൻ്റ് നിയോയെ (NEO) പുറത്തിറക്കിയിരിക്കുകയാണ് അമേരിക്കൻ-നോർവീജിയൻ റോബോട്ടിക്സ് സ്ഥാപനമായ 1X ടെക്നോളജീസ്.

മുമ്പ് ഹാലോഡി റോബോട്ടിക്സ് എന്നറിയപ്പെട്ടിരുന്ന 1X ടെക്നോളജീസ് വ്യാവസായിക, ഗവേഷണ ഇടങ്ങൾക്ക് പുറമേ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്കും ഹ്യൂമനോയിഡ് റോബോട്ടുകളെ കൊണ്ടുവരാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിൻ്റെ ഭാഗമായാണ് നിയോയെ രംഗത്തിറക്കിയിരിക്കുന്നത്. പലതരം ജോലികൾ സ്വതന്ത്രമായി ചെയ്യാൻ കഴിയുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകൾ നിർമിക്കുക എന്നതും ഈ ശ്രമത്തിൻ്റെ ഭാഗമായാണിത്.

ഇതുവരെയുള്ളതിൽ വച്ച് കമ്പനിയുടെ ഏറ്റവും നൂതനമായ സൃഷ്ടിയാണ് നിയോ. ഏകദേശം 30 കിലോഗ്രാം ഭാരമുള്ള നിയോയ്ക്ക് 68 കിലോഗ്രാമിൽ കൂടുതൽ ഭാരം ഉയർത്താനും 25 കിലോഗ്രാം വരെ ഭാരം വഹിക്കാനും കഴിയും. ടാൻ, ഗ്രേ, ഡാർക്ക് ബ്രൗൺ നിറങ്ങളിലാണ് നിയോയുടെ പുറംഭാഗം തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ വീടുകളുടെ അന്തരീക്ഷവുമായി ഇണങ്ങുവാനായി ഒരു നിറ്റ് സ്യൂട്ടും ഷൂസും ഇതിൽ ഉൾപ്പെടുന്നു

22 ഡെസിബെൽ ശബ്ദം മാത്രമേ ഉള്ളൂ എന്നതിനാൽ വീടുകളിൽ വളരെ ശാന്തമായിട്ടായിരിക്കും ഇതിൻ്റെ പ്രവർത്തനം. ചലനങ്ങൾ സുഗമമാക്കുവാനായി 22-ഡിഗ്രി ഫ്രീഡം ഹാൻഡുകളാണ് നിയോയ്ക്ക് ഘടിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ പേറ്റന്റ് നേടിയ ടെൻഡൺ ഡ്രൈവ് ആക്യുവേറ്റർ സിസ്റ്റം ഉപയോഗിച്ച് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നിയോയ്ക്ക് ആളുകൾക്കിടയിലൂടെ സഞ്ചരിക്കാനും കഴിയും.

വൈഫൈ, ബ്ലൂടൂത്ത്, 5G എന്നിവ വഴി നിയോയെ നിയന്ത്രിക്കാനാവും. കൂടാതെ നെഞ്ചിലും പെൽവിസിലും സ്ഥാപിച്ചിരിക്കുന്ന മൂന്ന് സ്പീക്കറുകൾ വഴി വിനോദത്തിനായും നിയോയെ ഉപയോഗിക്കാം. വലിയ ഭാഷാ മാതൃകയെ ആശ്രയിച്ചിച്ച് നിർമിക്കപ്പെട്ടിരിക്കുന്നതിനാൽ സംസാരിക്കുന്നത് മനസ്സിലാക്കാനും, അഭിസംബോധന ചെയ്യുമ്പോൾ തിരിച്ചറിയാനും, അതിനനുസൃതമായി പ്രതികരിക്കാനുമുള്ള കഴിവും ഇതിനുണ്ട്. മികച്ച വിഷ്വൽ സിസ്റ്റം ചേരുവകൾ തിരിച്ചറിയാൻ സഹായിക്കുകയും അതനുസരിച്ച് പാചകക്കുറിപ്പുകൾ നിർദേശിക്കുകയും ചെയ്യും. മികച്ച മെമ്മറി മുമ്പ് നടന്ന ഇടപെടലുകൾ ഓർമ്മിപ്പിക്കുവാനും അതിനനുസരിച്ച് വ്യക്തിഗത പിന്തുണ നൽകുകാനും സഹായിക്കുന്നു.

വീട്ടുജോലികൾ ചെയ്യിപ്പിക്കാൻ ഉടമകൾക്ക് വോയ്‌സ് കമാൻഡുകളോ ബട്ടണുകളോ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാം. റോബോട്ടിന് വീട്ടുജോലികൾ ചെയ്യുവാനും,തത്സമയ ജോലികൾ പൂർത്തിയാക്കാനും 1X ടെക്നോളജീസിലെ വിദഗ്ധരിൽ നിന്ന് കസ്റ്റം ജോലികൾക്കായി പരിശീലനം നേടാനും കഴിയും.

2026 ഓടെ യുഎസിലാണ് ആദ്യമായി കമ്പനി ഇതിൻ്റെ വിതരണം പദ്ധതിയിടുന്നത്. 2027ഓടു കൂടി കൂടുതൽ വിപുലമായ വിതരണവും ലക്ഷ്യമിടുന്നു. റോബോട്ടിന് ആദ്യം ബുക്ക് ചെയ്യാനാവുക $20,000 (ഏകദേശം 17.6 ലക്ഷം രൂപ) നാണ്. $499 നൽകി പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ മോഡലും ലഭ്യമാണ്.

ഹ്യൂമനോയിഡുകളുടെ ചെലവ്, സുരക്ഷ, വിശ്വാസ്യത, നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികൾ മുന്നിലുണ്ടെങ്കിലും അടുത്ത ദശകത്തോടെ ഹ്യൂമനോയിഡ്, സർവീസ് റോബോട്ടുകൾ നൂറുകണക്കിന് ബില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന ആഗോള വ്യവസായമായി വളരുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ

SCROLL FOR NEXT