ലണ്ടൻ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകൾ പറയുന്നതെന്തും ആളുകൾ അന്ധമായി പിന്തുടരരുതെന്ന് ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിൻ്റെ ചീഫ് എക്സിക്യൂട്ടീവായ സുന്ദർ പിച്ചൈ. ബിബിസിക്ക് നൽകിയൊരു അഭിമുഖത്തിലാണ് എഐ ടൂളുകൾക്കും തെറ്റുകൾ പറ്റാമെന്നും അതോടൊപ്പം മറ്റു വഴികൾ കൂടി തേടണമെന്നും നിർദേശിച്ചത്. 'എഐ ബബിൾ ബേസ്റ്റ്' (AI bubble burst) സംഭവിച്ചാൽ പിന്നീട് ഒരു കമ്പനികളും അതിൽ നിന്ന് മോചിതരാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും സുന്ദർ പിച്ചൈ മുന്നറിയിപ്പ് നൽകി.
2025 മെയ് മാസം മുതലാണ് ജെമിനി ചാറ്റ് ബോട്ട് ഉപയോഗിച്ച് ഗൂഗിൾ 'എഐ മോഡ്' എന്ന സങ്കേതം ആരംഭിച്ചത്. ഒരു വിദഗ്ധനോട് എന്ന പോലെ സംസാരിക്കാൻ അവസരം നൽകുന്നതാണ് ഈ ടൂൾ. ഗൂഗിളിൻ്റെ കൺസ്യൂമർ എഐ മോഡലായ 'ജെമിനി 3.0' ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കമ്പനി ഇതുവരെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
"നിങ്ങൾക്ക് എന്തെങ്കിലും സൃഷ്ടിപരമായി എഴുതണമെങ്കിൽ എഐ ഉപകരണങ്ങൾ സഹായകരമാണെങ്കിലും ആളുകൾ അവയെ അന്ധമായി വിശ്വസിക്കരുത്. പകരം അവർക്ക് കഴിവുള്ള കാര്യങ്ങൾക്കായി ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിക്കണം. കഴിയുന്നത്ര കൃത്യമായ വിവരങ്ങൾ നൽകാനായി ഞങ്ങൾ നടത്തുന്ന പരിശ്രമത്തിൽ അഭിമാനമുണ്ട്. പക്ഷേ, നിലവിലെ അത്യാധുനിക എഐ സാങ്കേതിക വിദ്യ ചില പിശകുകൾക്ക് സാധ്യതയുള്ളതാണ്," സുന്ദർ പിച്ചൈ ബിബിസിയോട് പറഞ്ഞു.
"എഐ ടെക് കമ്പനികളുടെ മൂല്യം അടുത്തിടെ വർധിച്ച് വരുന്നതും, നിരവധി കമ്പനികൾ ഭാവി വ്യവസായമെന്ന രീതിയിൽ വലിയ തുകകൾ ഈ മേഖലയിൽ ചെലവഴിക്കുന്നതും സിലിക്കൺ വാലിയിലും അതിന് പുറത്തും വലിയ ആശങ്കയുടേതായ ഒരു കുമിള സൃഷ്ടിക്കുന്നുണ്ട്. ഇൻ്റർനെറ്റ് വന്ന കാലത്തേത് പോലെ തന്നെയാണ് കാര്യങ്ങൾ ഇപ്പോഴുമുള്ളത്. അതിൽ ഒരുപോലെ യുക്തിസഹമായതും യുക്തിരഹിതമായ ഘടകങ്ങളും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു,” സുന്ദർ പിച്ചൈ വിശദീകരിച്ചു.
എഐ ബബിൾ ബേസ്റ്റ് (AI bubble burst) ഉണ്ടായാൽ അതിന് തടയിടാൻ ഗൂഗിളിന് സാധിക്കുമോ എന്ന ചോദ്യത്തിന്, ഒരു കമ്പനികളും അതിൽ നിന്ന് മുക്തരാകില്ലെന്ന് സുന്ദർ പിച്ചൈ മറുപടി നൽകി. അതിൽ നിന്ന് ഗൂഗിളും സ്വതന്ത്രരാകില്ലെന്നും പിച്ചൈ കൂട്ടിച്ചേർന്നു.