Source: Instagram/ megha_chavda
TECH

ജെമിനി എഐ സാരീ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നോ? വിൻ്റേജ് ട്രെൻഡിന് പിന്നിൽ അപകടം പതിയിരിപ്പുണ്ട്

ഗൂഗിളിൻ്റെ 'ജെമിനി നാനോ മോഡൽ' എന്ന എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ ട്രെൻഡ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: നിങ്ങൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവരാണെങ്കിൽ ഗൂഗിൾ നാനോ ബനാന ട്രെൻഡും വൈറലായ വിൻ്റേജ് സാരി എഐ എഡിറ്റുകളും ഇതിനോടകം പരീക്ഷിച്ചു നോക്കി കാണുമല്ലോ. അല്ലാത്തവർ മറ്റെവിടെയെങ്കിലും അവയെക്കുറിച്ച് വായിച്ചറിയുകയോ ചെയ്തിട്ടുമുണ്ടാകും. ഗൂഗിളിൻ്റെ ജെമിനി നാനോ മോഡൽ എന്ന എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ ട്രെൻഡും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞിട്ടുണ്ട്.

സാധാരണ ചിത്രങ്ങളെ അപേക്ഷിച്ച് തിളങ്ങുന്ന പ്ലാസ്റ്റിക് പോലുള്ള ചർമം, വലിപ്പമേറിയ കണ്ണുകൾ, കാർട്ടൂൺ പോലുള്ള ത്രീഡി പോർട്രെയ്റ്റ് പ്രതിമ, റെട്രോ മോഡൽ വിൻ്റേജ് സാരികളിലും വസ്ത്രങ്ങളിലുമുള്ള എഐ ചിത്രങ്ങൾ എന്നിവയെല്ലാമാണ് ഗൂഗിൾ നാനോ ബനാന ട്രെൻഡ് കൂടുതൽ പ്രിയങ്കരമാക്കുന്നത്. പതിവ് പോലെ ഈ ചിത്രങ്ങൾ എഐ സാങ്കേതിക വിദ്യയെ കുറിച്ചും വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ചും നിരവധി ആശങ്കകളും ഉയർത്തുന്നുണ്ട്.

'ജെമിനി നാനോ ബനാന' ടൂൾ എത്രത്തോളം സുരക്ഷിതമാണ്?

ഒരാൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ പോലുള്ള കണ്ടൻ്റ് സംരക്ഷിക്കുമെന്ന് ഗൂഗിൾ, ഓപ്പൺ എഐ പോലുള്ള ടെക് കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഉള്ളടക്കം ദുരുപയോഗം ചെയ്യപ്പെടാനോ, സമ്മതമില്ലാതെ പരിഷ്കരിക്കാനോ, തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാനോ ഉള്ള സാധ്യത എത്രത്തോളം ഉണ്ടെന്ന് വ്യക്തമല്ല. ഇത് നിർണയിക്കുന്നത് ഉപയോക്താവിൻ്റെ ഡിവൈസിൻ്റെ സ്വന്തം സുരക്ഷയും, ചിത്രങ്ങൾ കാണാനാകുന്നവരുടെ ഉദ്ദേശ്യവുമാണ്. ചിത്രം ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യൽ, അനുവാദമില്ലാതെ മാറ്റങ്ങൾ വരുത്തൽ, തെറ്റായ അവകാശ വാദം ഉന്നയിക്കൽ എന്നീ പ്രശ്നങ്ങൾ ഉയരാം.

ഗൂഗിളിൻ്റെ നാനോ ബനാന ചിത്രങ്ങളിൽ ഒരു അദൃശ്യ ഡിജിറ്റൽ വാട്ടർ മാർക്ക് അഥവാ 'സിൻന്ത്ഐഡി' (SynthID) ഉണ്ടായിരിക്കും. എഐ ജനറേറ്റഡ് ചിത്രമാണെന്ന് തിരിച്ചറിയാൻ ഉദ്ദേശിച്ചുള്ള ഈ മെറ്റാ ഡാറ്റ ടാഗുകളും വേറെയുണ്ട്.

"ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിച്ചതോ എഡിറ്റ് ചെയ്തതോ ആയ എല്ലാ ചിത്രങ്ങളിലും, എഐ ജനറേറ്റഡ് ആണെന്ന് വ്യക്തമായി തിരിച്ചറിയാൻ ഒരു അദൃശ്യമായ SynthID ഡിജിറ്റൽ വാട്ടർമാർക്ക് ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് ആത്മവിശ്വാസത്തോടെ ഉപയോഗിക്കാനും സുതാര്യത നൽകുകയുമാണ് ലക്ഷ്യം," എന്നാണ് എഐസ്റ്റുഡിയോ.ഗൂഗിൾ.കോമിൽ വിശദീകരിക്കുന്നത്.

ഡീപ് ഫേക്കുകൾക്ക് സാധ്യതയുണ്ടെങ്കിലും നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലെങ്കിലും SynthID ഡിജിറ്റൽ വാട്ടർ മാർക്ക് ഉണ്ടെങ്കിൽ കണ്ടൻ്റ് എഐ ഉപയോഗിച്ച് നിർമിച്ചതാണോയെന്ന് അനായാസം കണ്ടെത്താനാകും. എന്നിരുന്നാലും, ആ വാട്ടർ മാർക്കിനായുള്ള ഡിറ്റക്ഷൻ ടൂൾ ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമല്ല. അതിനാൽ മിക്കയാളുകൾക്കും അത് പരിശോധിക്കാൻ കഴിയില്ലെന്ന് ടാറ്റ്‌ലർ ഏഷ്യ റിപ്പോർട്ട് പറയുന്നു.

വാട്ടർമാർക്കിംഗ് ആദ്യം ഒരു മികച്ച പരിഹാരമായി തോന്നാമെങ്കിലും, എളുപ്പത്തിൽ നീക്കം ചെയ്യാനോ വ്യാജമായി മാറ്റിയെടുക്കാനോ കഴിയുമ്പോൾ അതിൻ്റെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യം തന്നെ പരാജയപ്പെടാമെന്നാണ്, എഐ ഡിറ്റക്ഷൻ സ്റ്റാർട്ടപ്പായ റിയാലിറ്റി ഡിഫൻഡറിൻ്റെ സിഇഒ ബെൻ കോൾമാനെ പറയുന്നത്.

"വാട്ടർ മാർക്കിംഗ് എഐയുടെ കണ്ടെത്തലിൽ സഹായിക്കുമെന്ന് ചില വിദഗ്ധർ കരുതുന്നുണ്ട്. പക്ഷേ അതിൻ്റെ പരിമിതികൾ മനസിലാക്കേണ്ടതുണ്ട്. വാട്ടർമാർക്കിംഗ് മാത്രം മതിയാകുമെന്ന് ആരും കരുതുന്നില്ല. ഈ ഉപകരണം മെച്ചപ്പെടുത്തുന്നതും മറ്റു സാങ്കേതിക വിദ്യകൾ കൂടി സംയോജിപ്പിച്ച് ഉപയോഗിക്കുന്നതും അനധികൃതമായ ആർട്ടിഫിഷ്യൽ നിർമാണങ്ങളെ ചെറുക്കും," യുസി ബെർക്ക്‌ലി സ്കൂൾ ഓഫ് ഇൻഫർമേഷനിലെ പ്രൊഫസർ ഹാനി ഫരീദ് പറഞ്ഞു

നിങ്ങളുടെ ഫോട്ടോകൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?

എന്ത് അപ്‌ലോഡ് ചെയ്യുന്നു എന്നതിനെക്കുറിച്ച് സെലക്ടീവായിരിക്കുക:

ഏതൊരു എഐ ടൂളിലേയും പോലെ നിങ്ങൾക്ക് ലഭിക്കുന്നത് നിങ്ങൾ എവിടെ പോസ്റ്റ് ചെയ്യുന്നു എന്നത് പോലെയിരിക്കും അതിൻ്റെ സുരക്ഷിതത്വം. സെൻസിറ്റീവ് ഫോട്ടോകൾ, വ്യക്തിപരമായ നഷ്ടങ്ങൾ വരുത്തുന്ന തരത്തിലുള്ളതും സ്വകാര്യത വെളിപ്പെടുത്തുന്നതുമായ ചിത്രങ്ങൾ കഴിയുന്നത്ര ഷെയർ ചെയ്യുന്നത് ഒഴിവാക്കുക.

മെറ്റാ ഡാറ്റ സ്ട്രിപ്പ് ചെയ്യുക:

അപ്‌ലോഡ് ചെയ്യും മുമ്പ് ലൊക്കേഷൻ ടാഗുകൾ, ഉപകരണ വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ നീക്കം ചെയ്യുക. ഇത് ഉദ്ദേശിക്കാത്ത വിവരങ്ങൾ ചോരുന്നത് തടയാൻ സഹായിക്കും.

സ്വകാര്യതാ ക്രമീകരണങ്ങൾ:

ആപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ശക്തമായ സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും അനുയോജ്യമാണ്. നിങ്ങളുടെ ചിത്രങ്ങൾ ആർക്കൊക്കെ കാണാനാകുമെന്ന് നിയന്ത്രിക്കുന്നത് ഉള്ളടക്കം ദുരുപയോഗം ചെയ്യുന്നതോ, തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതോ തടയാൻ സഹായിക്കും. പൊതുവായി പങ്കിട്ട ശേഷം ചിത്രങ്ങൾ പകർത്താനും മാറ്റം വരുത്താനും സന്ദർഭത്തിന് പുറത്തായി ഉപയോഗിക്കാനും സാധ്യതയുള്ളതിനാൽ വ്യാപകമായി പങ്കിടുന്നതിന് മുമ്പ് ജാഗ്രത പാലിക്കുക.

പകർപ്പുകൾ സൂക്ഷിക്കുക:

നിങ്ങളുടെ യഥാർത്ഥ ചിത്രം സൂക്ഷിക്കുക അല്ലെങ്കിൽ മാറ്റങ്ങളോ ദുരുപയോഗമോ ശ്രദ്ധയിൽപ്പെടുന്നതിന് ഉടനടി ബാക്കപ്പ് ചെയ്യുക.

നിബന്ധനകളും സമ്മതവും ശ്രദ്ധിക്കുക:

അപ്‌ലോഡ് ചെയ്യുന്നത് നിങ്ങളുടെ ചിത്രത്തിൻ്റെ മേൽ പ്ലാറ്റ്‌ഫോമിന് അവകാശങ്ങൾ നൽകുന്നുണ്ടോ, മോഡൽ പരിശീലനത്തിൽ ഇത് ഉപയോഗിക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുക.

SCROLL FOR NEXT