ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകളിലൊന്നാണ് ഗൂഗിൾ പിക്സൽ 10 സീരീസ്. ആഴ്ചകൾക്ക് മുമ്പ് പുതിയ ഫോണുകൾ അടുത്തുതന്നെ പുറത്തിറക്കിയേക്കുമെന്ന് കമ്പനി സൂചന നൽകിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഓഗസ്റ്റ് 13ന് ഫോണുകള്‍ വിപണിയിലെത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കമ്പനിയുടെ മെയ്ഡ് ബൈ ഗൂഗിള്‍ എന്ന പരിപാടിയിലാണ് ഫോണുകള്‍ അവതരിപ്പിക്കുക.
പിക്‌സല്‍ 10 സീരിസില്‍ നാല് പുതിയ വേരിയൻ്റുകള്‍ ഉണ്ടാകും. പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ, പിക്സൽ പ്രോ ഫോൾഡ് എന്നീ മോഡലുകളാണ് പുറത്തിറക്കുന്നത്. ഇവയ്ക്കെല്ലാം ഗൂഗിൾ തന്നെ രൂപകൽപ്പന ചെയ്ത ടെൻസർ ജി5 ചിപ്‌സെറ്റാണ് നൽകുന്നത്. ഇതേ പരിപാടിയിൽ ഗൂഗിൾ പിക്‌സല്‍ വാച്ച് 4 അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പുതിയതും വേഗതയേറിയതുമായ ചിപ്‌സെറ്റിന് പുറമെ, ഇത്തവണ പുറത്തിറങ്ങുന്ന ബേസ് മോഡലിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിഫോട്ടോ ക്യാമറയാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്. പിക്‌സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്‌സ്‌എൽ എന്നിവയിലേക്ക് വരുമ്പോൾ പിക്‌സൽ 9 സീരീസിന് സമാനമായ ക്യാമറകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാല്‍ പ്രൊസസര്‍ ചിപ്പ്‌സെറ്റ് ടെന്‍സര്‍ ജി5 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും മികച്ച എഐ ഫീച്ചറുകൾ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. പിക്സൽ 9 സീരീസിന് സമാനമായ ഡിസൈൻ തന്നെയാകും 10 സീരീസിനും നൽകുക.
ഗൂഗിൾ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച ഔദ്യോഗിക ഗൂഗിൾ സ്റ്റോർ വഴി ഉപയോക്താക്കൾക്ക് പുതിയ പിക്സൽ ഫോണുകൾ വാങ്ങാൻ കഴിയുന്നതാണ്. സീരീസിലെ സ്റ്റാൻഡേർഡ് ഫ്ലാഗ്ഷിപ്പ് മോഡലായ വാനില പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ ഫോൾഡ് എന്നിവയുടെ വില യഥാക്രമം, 79,990 രൂപ, 99,999 രൂപ, 1,72,999 രൂപ മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഗൂഗിൾ പിക്സൽ 10 പ്രോ എക്സ്എല്ലിന്റെ വില ഏകദേശം 1,02,200 രൂപ മുതൽ ആരംഭിക്കാനാണ് സാധ്യത.