ടെക് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍; അഞ്ച് മാസത്തിനിടെ ജോലി പോയത് 62,114 പേര്‍ക്ക്

ചിപ്പ്മേക്കര്‍മാരായ ഇന്റെല്‍ ആണ് കൂട്ടപ്പിരിച്ചുവിടലില്‍ മുന്നില്‍
Tech Layoffs In 2025
ടെക് മേഖലയില്‍നിന്ന് ഈ വര്‍ഷം ഇതുവരെ ജോലി പോയത് 62,114 പേര്‍ക്ക്Source: Freepik
Published on

ടെക് മേഖലയില്‍നിന്ന് ഈ വര്‍ഷം ഇതുവരെ ജോലി പോയത് 62,114 പേര്‍ക്ക്. 137 കമ്പനികളില്‍ നിന്നായാണ് ഇത്രയും പേരെ പിരിച്ചുവിട്ടത് (lay off). മെയ് മാസത്തില്‍ മാത്രം 16,000 പേരെ പിരിച്ചുവിട്ടതായും Layoffs.fyi വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റെല്‍, ഗൂഗിള്‍, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോണ്‍, പാനസോണിക് ഉള്‍പ്പെടെ കമ്പനികളാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. ചെലവ് ചുരുക്കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയെന്നാണ് കമ്പനികളുടെ വിശദീകരണം.

Tech Layoffs In 2025
ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിന്റെ കണക്ക്Source: layoffs.fyi

ചിപ്പ്മേക്കര്‍മാരായ ഇന്റെല്‍ ആണ് കൂട്ടപ്പിരിച്ചുവിടലില്‍ മുന്നില്‍. 20 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഏപ്രിലില്‍ കമ്പനി അറിയിച്ചിരുന്നു. ഇത്തരത്തില്‍ 22,000 പേരെയാണ് കമ്പനി ഒഴിവാക്കിയത്. ഈ വര്‍ഷം ഇതുവരെ നടന്ന പിരിച്ചുവിടലിന്റെ മൂന്നിലൊന്ന് ഇന്റെലില്‍ നിന്ന് മാത്രമാണ്. പാനസോണിക് 10,000 തൊഴിലവസരങ്ങളാണ് ഇല്ലാതാക്കിയത്. മൊത്തം ജീവനക്കാരുടെ നാല് ശതമാനത്തെയാണ് പിരിച്ചുവിടുന്നത്. ലാഭം കൊണ്ടുവരാത്ത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും, വരുമാനം വര്‍ധിപ്പിക്കുകയുമാണ് പ്രഖ്യാപിത ലക്ഷ്യം. 6000 തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോളതലത്തിലുള്ള മൊത്തം ജീവനക്കാരുടെ മൂന്ന് ശതമാനത്തെയാണ് ഒഴിവാക്കുന്നത്. 2023ല്‍ 10,000 ജീവനക്കാരെ പിരിച്ചുവിട്ടതിനുശേഷമുള്ള ഏറ്റവും വലിയ ഒഴിവാക്കലാണ് ഇത്.

Tech Layoffs In 2025
ഞെട്ടിക്കാൻ 'റിയൽമി നിയോ 7 ടർബോ 5ജി' വരുന്നു; പ്രധാന ഫീച്ചറുകൾ അറിയാം

മെറ്റ 3600 ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. നോര്‍ത്ത് വോള്‍ട്ട് 2800, എച്ച്പി 2000, വര്‍ക്ക് ഡേ 1750, ഓപ്പണ്‍ ടെക്സ്റ്റ് 1600 എന്നിങ്ങനെയാണ് കണക്കുകള്‍. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ് സ്ട്രൈക്ക് അഞ്ഞൂറോളം ജീവനക്കാരെയാണ് ഒഴിവാക്കിയത്. മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനത്തെയാണ് പിരിച്ചുവിട്ടത്. ഗൂഗിള്‍ 200 ജീവനക്കാരെയാണ് പിരിച്ചുവിട്ടു. അലെക്സ, എക്കോ, റിങ് ഉള്‍പ്പെടെ ടീമുകളില്‍ നിന്നായി നൂറോളം ജീവനക്കാരെയാണ് ആമസോണ്‍ ഒഴിവാക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി, 2022നുശേഷം 27,000 ജോലികള്‍ ആമസോണ്‍ ഒഴിവാക്കിയിരുന്നു. 2026ന്റെ തുടക്കത്തില്‍ ഇസ്രയേലിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിട്ടുള്ള ഇബേ അവിടെയുള്ള ഇരുന്നൂറിലധികം ജീവനക്കാരെയാണ് ഒഴിവാക്കുന്നത്.

Tech Layoffs In 2025
ചൈനയെ മറികടന്നു; യുഎസിലേക്ക് ഐഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാമതായി ഇന്ത്യ

വരും നാളുകളിലും ഇതേ നില തുടര്‍ന്നാല്‍ 2025ല്‍ 145,080 ടെക്കികള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2024ല്‍ 152,922 പേര്‍ക്കാണ് ജോലി നഷ്ടമായത്. 2023ല്‍ ജോലി നഷ്ടപ്പെട്ട ടെക്കികളുടെ എണ്ണം 264,220 ആയിരുന്നു. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ വര്‍ഷം ടെക്കികള്‍ക്ക് നേരിയ ആശ്വാസത്തിന് വകയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com