സെർച്ച് അനുഭവത്തിൽ നിർണായക മാറ്റങ്ങളുമായി ഗൂഗിൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനമായ ജെമിനിയെ സെർച്ച് അനുഭവത്തിന്റെ ഭാഗമാക്കുന്നതിന്റെ ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായി പുതിയ സൈഡ്ബാർ അവതരിപ്പിച്ചിരിക്കുകയാണ്.മുമ്പ് നടത്തിയ സേർച്ച് വീണ്ടും കണ്ടെത്താനും പഴയ സംഭാഷണങ്ങൾ തുടരാനും പുതിയ സംവിധാനം ഉപയോക്താക്കളെ സഹായിക്കും.
ഗൂഗിളിന്റെ സെർച്ച് പ്രൊഡക്ട് വൈസ് പ്രസിഡന്റ് റോബി സ്റ്റെയിൻ എക്സിലൂടെയാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചത്.AI സേർച്ച് വിൻഡോയുടെ ഇടതുവശത്തുള്ള ചാരനിറത്തിലുള്ള ബാറിൽ ക്ലിക്ക് ചെയ്താൽ സൈഡ്ബാർ തുറക്കാം. ഇതിൽ സമീപകാല AI അന്വേഷണങ്ങൾ ക്രമീകരിച്ച രീതിയിൽ കാണാനാകും. ഇതിന് പുറമേ പുതിയ ചോദ്യങ്ങൾ ചോദിക്കാനും കഴിയും.
സാധാരണ സെർച്ചിൽ ഓരോ ചോദ്യത്തിനും പ്രത്യേകം ഫലങ്ങൾ ലഭിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാൽ AI മോഡിലൂടെ ഒരു വിഷയം സംബന്ധിച്ച് തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കാനും ലഭിക്കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ തേടാനും സാധിക്കും.
പരീക്ഷണഘട്ടത്തിൽ ഉപയോക്താക്കൾക്ക് തെരയലുകൾ തുടരാനും വിവിധ വിഷയങ്ങൾ കൂടുതൽ വിശദമായി പര്യവേക്ഷണം ചെയ്യാനും ഈ ഫീച്ചർ സഹായകമായതായാണ് ഗൂഗിളിൻ്റെ വിലയിരുത്തൽ. നിലവിൽ പുതിയ സൈഡ്ബാർ ഗൂഗിളിന്റെ AI മോഡിൽ മാത്രമാണ് ലഭ്യമാകുന്നത്. സാധാരണ സെർച്ച് ഉപയോഗിക്കുന്നവർക്ക് ഈ സൗകര്യം നേരിട്ട് കാണാൻ കഴിയണമെന്നില്ല. ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായി ആഗോളതലത്തിൽ ഫീച്ചർ ലഭ്യമാക്കിത്തുടങ്ങിയതായും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇത് എല്ലാ ഉപയോക്താക്കൾക്കും സ്വീകാര്യമായ മാറ്റമായിക്കൊള്ളണമെന്നുമില്ല.പഴയ രീതിയിൽ സേർച്ച് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലെ എഐ ഫീച്ചറുകൾ ചിലപ്പോൾ അനാവശ്യമായി തോന്നിയേക്കാം. വെബ്സൈറ്റുകളിലേക്കുള്ള ട്രാഫിക്കിനെ ബാധിച്ചേക്കാവുന്ന AI-ജനറേറ്റഡ് ഉത്തരങ്ങളുടെ ഗൂഗിളിൻ്റെ വർധിച്ചുവരുന്ന ഉപയോഗത്തിൽ പ്രസാധകരും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.
ജെമിനി അധിഷ്ഠിത ഫീച്ചറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിലൂടെ പരമ്പരാഗത സെർച്ചും AI സഹായത്തോടെയുള്ള വിവരശേഖരണവും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ഗൂഗിളിന്റെ ശ്രമം. വരുംകാലത്ത് ഉപയോക്താക്കൾ ഗൂഗിളിനെ എങ്ങനെ ഉപയോഗിക്കുമെന്നതിലും ഈ മാറ്റങ്ങൾ സ്വാധീനം ചെലുത്തിയേക്കും.