

മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുത്ത് പഠനത്തില്‍ സഹായിക്കുന്നതും അതില്‍ നിന്ന് ചെറിയ വരുമാനമുണ്ടാക്കുന്നതും നമ്മുടെ നാട്ടില്‍ സാധാരണമാണ്. ഈ സമ്പ്രദായത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എംബിബിഎസ് വിദ്യാര്‍ഥികളായ അഭിനവ് തമ്പാനും അദീല റഷീദും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദ വിദ്യാര്‍ഥിയായ അഭിജിത്തും ചേര്‍ന്ന് ഓണ്‍ലൈന്‍ അക്കാദമിക് മെന്റര്‍ഷിപ് ആപ്പിന് രൂപം നല്‍കിയിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്, അക്കാദമിക മികവ് പുലര്‍ത്തുന്ന മുതിര്‍ന്ന വിദ്യാര്‍ഥികളുടെ വ്യക്തിഗത മാര്‍ഗനിര്‍ദേശവും പഠനപിന്തുണയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ അക്കാദമിക് മെന്റര്‍ഷിപ്പ് സംരംഭമായ എംഷിപ്പ് മെന്റേഴ്സ് (MSHIP Mentors) ആപ്പ് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു.
ഐഐടി, എന്‍ഐടി വിദ്യാര്‍ഥികളും മെഡിക്കല്‍ വിദ്യാര്‍ഥികളും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മെന്റര്‍മാരാകുന്ന രീതിയിലാണ് എംഷിപ് മെന്റേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. പഠനത്തിനൊപ്പം പാര്‍ട്ട് ടൈം വരുമാനം നേടാന്‍ യുവ മെന്റര്‍മാര്‍ക്ക് അവസരമൊരുക്കുക, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ലളിതവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഒരുക്കുക, മെന്റര്‍മാര്‍ക്ക് സമൂഹത്തിന് സംഭാവന നല്‍കിക്കൊണ്ട് സ്വന്തം തൊഴില്‍ ചെയ്യാന്‍ അവസരമൊരുക്കുക എന്നതൊക്കെ സംരംഭത്തിന്റെ ലക്ഷ്യങ്ങളാണ്. കുട്ടികള്‍ക്ക് സ്വതന്ത്രമായി സംശയങ്ങള്‍ ചോദിക്കാനും സ്വയം വേഗത്തില്‍ പഠിക്കാനും വിശ്വാസത്തോടെ ആശ്രയിക്കാനും കഴിയുന്ന സൗഹൃദപരമായ ഒരു മെന്ററെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എംഷിപ്പ് രൂപീകരിച്ചതെന്ന് സ്ഥാപകരായ അഭിനവ് തമ്പാന്‍, അദീല റഷീദ്, അഭിജിത്ത് എന്നിവര്‍ പറഞ്ഞു.
നിലവില്‍ ആറ് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് എംഷിപ്പ് മെന്റേഴ്സ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് സേവനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. വ്യക്തിഗത ശ്രദ്ധ, ആശയവ്യക്തത, തുടര്‍ച്ചയായ പരിശീലനം എന്നിവയ്ക്കാണ് എംഷിപ്പ് മുന്‍ഗണന നല്‍കുന്നത്. ഓരോ വിദ്യാര്‍ഥിക്കും പ്രത്യേകം ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നതിലൂടെ സംശയങ്ങള്‍ സ്വതന്ത്രമായി ചോദിക്കാനും സ്വന്തം പഠനവേഗത്തിനനുസരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനും അവസരമൊരുക്കുന്നു. പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രക്ഷിതാക്കളുമായി കൃത്യമായ ഇടവേളകളില്‍ അക്കാദമിക് പുരോഗതി വിലയിരുത്തുകയും കുടുംബങ്ങളുമായുള്ള ഏകോപനത്തിനായി പ്രത്യേക കോണ്‍ടാക്ട് വ്യക്തിയെ നിയോഗിക്കുകയും ചെയ്യുന്ന സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.
സംരംഭകത്വം, വിദ്യാഭ്യാസം, മാനവവികസനം, സംസ്കാരം, സാമൂഹിക മുന്നേറ്റം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളിയും അബുദാബി ആസ്ഥാനമായുള്ളതുമായ ഡോ. അജയ്യ കുമാറിന്റെ പിന്തുണയോടെയാണ് എംഷിപ്പ് വളർന്നുവരുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഒരുമിപ്പിക്കുന്ന വ്യക്തിഗത ബ്രാൻഡായ ബീയിങ് അജയ്യയുടെ ഭാഗമായി സ്ഥാപകസംഘത്തിന് അദ്ദേഹം മാർഗനിർദേശം നൽകുകയും സംരംഭത്തിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.