ഡൽഹി: യുഎസിന് പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ്ബ് ഇന്ത്യയിൽ സ്ഥാപിക്കാനൊരുങ്ങി ഗൂഗിൾ. ആന്ധ്രാ പ്രദേശിൽ ഏകദേശം 10 ബില്യൺ ഡോളർ മുതൽമുടക്കിലാണ് ഗൂഗിളിൻ്റെ ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസും ഒരുങ്ങുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും ഗൂഗിൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. എഐ ഹബ്ബിനായുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ വ്യക്തമാക്കി.
'ലാൻഡ്‌മാർക്ക് ഡെവലപ്മെൻ്റ്' എന്നാണ് സുന്ദർ പിച്ചൈ എഐ ഹബ്ബിനെ വിശേഷിപ്പിച്ചത്. "എഐ ഹബ്ബിലൂടെ ഗൂഗിൾ സാങ്കേതികവിദ്യ ഇന്ത്യയിലെ സംരംഭങ്ങളിലേക്കും ഉപയോക്താക്കളിലേക്കും എത്തിക്കുകയും, എഐ നവീകരണം ത്വരിതപ്പെടുത്തുകയും രാജ്യത്തുടനീളമുള്ള വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും," സുന്ദർ പിച്ചൈ എക്‌സിൽ പോസ്റ്റ് ചെയ്തു.
വിശാഖപ്പട്ടണത്ത് ഒരുങ്ങുന്ന എഐ ഹബ്ബിൽ, അടിസ്ഥാന സൗകര്യങ്ങൾ, വലിയ തോതിലുള്ള ഊർജ്ജ സ്രോതസ്സുകൾ, വികസിപ്പിച്ച ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് എന്നിവയുണ്ടാകും. ഡൽഹിയിൽ വെച്ച് ഇത് സംബന്ധിച്ച ഔപചാരിക കരാറിൽ ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ ഒപ്പുവെച്ചു.
യുഎസിന് പുറത്ത് ഗൂഗിൾ ഒരുക്കുന്ന ഏറ്റവും വലിയ എഐ ഹബ്ബായിരിക്കും ഇതെന്ന് പരിപാടിയിൽ തോമസ് കുര്യൻ പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, അശ്വിനി വൈഷ്ണവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, സംസ്ഥാന ഐടി മന്ത്രി നര ലോകേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഗൂഗിൾ ഹബ്ബ് എത്തുന്നതോടെ, ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇന്ത്യയിലൊരുങ്ങുമെന്നാണ് പ്രതീക്ഷ. ഇത് ഇന്ത്യൻ ടെക് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്നായി (എഫ്‌ഡിഐ) മാറും. ഇന്ത്യയുടെ വർധിച്ചുവരുന്ന ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുമെന്ന് മാത്രമല്ല, ഗൂഗിളിന്റെ ആഗോള എഐ ഇൻഫ്രാസ്ട്രക്ചറിലെ നിർണായക നോഡായും വിശാഖപട്ടണത്തെ എഐ ഹബ് പ്രവർത്തിക്കും.
ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ നിർമിക്കുന്നതിനായി മൈക്രോസോഫ്റ്റും ആമസോണും ഇതിനകം തന്നെ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ഓഫീസ് തുറക്കുമെന്ന് ഓപ്പൺഎഐയും അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് ചാറ്റ്ജിപിടി ഉപയോഗം നാലിരട്ടിയായി വർധിച്ചതായി ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാനും അഭിപ്രായപ്പെട്ടു.