പ്രതീകാത്മ ചിത്രം Source: Pexels
TECH

'ഇങ്ങ് പോര് അത് ലോക്കാ!' ടിക്ടോക് നിരോധനം നീക്കിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ

വാർത്തകൾ സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ടിക്‌ടോകോ, മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സോ പുറത്തുവിട്ടിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

ചൈന ആസ്ഥാനമായുള്ള ഷോർട്ട് വീഡിയോ ആപ്പായ ടിക്ടോക്കിൻ്റെ നിരോധനം നീക്കിയിട്ടില്ലെന്ന് വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ. കേന്ദ്ര സർക്കാർ നിരോധിച്ച ടിക്‌ടോക്കിന്റെ വെബ്സൈറ്റ് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിഷയത്തിൽ വ്യക്തത വരുത്തി സർക്കാർ രംഗത്തെത്തിയത്.

"ടിക്ടോക്ക് നിരോധനം പിൻവലിക്കാനായി ഇന്ത്യാ ഗവൺമെന്റ് ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. അത്തരം പ്രസ്താവനകളും വാർത്തകളും തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്," സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമൻ്റുകളും പങ്കുവെച്ചത്. ടിക്‌ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ടിക്‌ടോകോ, മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സോ പുറത്തുവിട്ടിരുന്നില്ല.

2020 ജൂണിലാണ് ടിക്ടോക് ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ സർക്കാര്‍ നിരോധിക്കുന്നത്. ടിക്ടോക്, ഷെയർഇറ്റ്, ക്വായ്, യുസി ബ്രൗസർ, യുസി ന്യൂസ്, വിഗോ വീഡിയോ, ബൈഡു മാപ്പ്, ക്ലാഷ് ഓഫ് കിംഗ്സ്, ഡ്യൂ ബാറ്ററി സേവർ തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളാണ് 2020ൽ നിരോധിച്ചത്. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് പിന്നാലെയാണ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

SCROLL FOR NEXT