ഗൂഗിളിൻ്റെ "മെയ്ഡ് ബൈ ഗൂഗിൾ" വാർഷിക പരിപാടിയിൽ ഗൂഗിൾ പിക്സൽ 10 സീരീസിന്റെ ലോഞ്ച് നമ്മൾ കണ്ടിരുന്നു. ഈ ന്യൂജനറേഷൻ സീരിസിൽ പിക്സൽ 10 , പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ, പിക്സൽ 10 പ്രോ ഫോൾഡ് എന്നിങ്ങനെ നാല് ഹൈ-എൻഡ് മോഡലുകളാണുള്ളത്. പുതിയ കളർ ഓപ്ഷനുകളും അപ്‌ഗ്രേഡുകളും വെച്ച് നോക്കുമ്പോൾ, മുഴുവൻ ലൈനപ്പും മികച്ചതായി തോന്നുമെങ്കിലും, 2025 ൽ വാങ്ങേണ്ട മോഡൽ ഏതാണെന്ന് നോക്കിയാലോ?
സ്പെസിഫിക്കേഷനുകളും ഏറ്റവും പുതിയ സവിശേഷതകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുകയാണെങ്കിൽ, പ്രോ പ്രൈസ് ടാഗ് ഇല്ലാതെ, സ്റ്റാൻഡേർഡ് ഗൂഗിൾ പിക്സൽ 10 മോഡൽ വാങ്ങുന്നതാണ് ഏറ്റവും നല്ലതെന്നാണ് റിപ്പോർട്ട്. മൂന്ന് പ്രോ ഫീച്ചേഴ്സ് അവതരിപ്പിച്ചുകൊണ്ടാണ് ഗൂഗിൾ അതിന്റെ ബേസ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ പിക്സൽ 10 പ്രോ മോഡൽ വാങ്ങുന്നതിന് മുൻപായി ബേസ് മോഡലിനെ പരിഗണിക്കുന്നത് നന്നായിരിക്കും.
ഗൂഗിൾ പിക്സൽ 10ലെ പ്രോ ഫീച്ചേഴ്സ്
ഹൈ പെർഫോർമെൻസുള്ള ടെൻസർ ജി5 ചിപ്പ്: പിക്സൽ 10 പ്രോ മോഡലിന് സമാനമായ പുതിയ ടെൻസർ ജി5 ചിപ്പ് ബേസ് മോഡലിലും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. 34% വേഗതയേറിയ പ്രകടനവും എഐ പ്രോസസ്സിംഗിൽ 60% വർദ്ധനവും ഈ പ്രോസസറിലൂടെ ലഭ്യമാകും. കൂടാതെ, ജെമിനി ലൈവ്, മാജിക് ക്യൂ, ക്യാമറ കോച്ച്, കോൾ ട്രാൻസ്ലേഷൻ തുടങ്ങിയ ഏറ്റവും പുതിയ എല്ലാ സവിശേഷതകളും ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
ട്രിപ്പിൾ ക്യാമറ സിസ്റ്റം : കഴിഞ്ഞ വർഷത്തെ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ നിന്ന് വ്യത്യസ്തമായി, ഗൂഗിൾ പിക്സൽ 10 ന് 5x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന ഒരു ഡെഡിക്കേറ്റഡ് ടെലിഫോട്ടോ ലെൻസടങ്ങിയ ട്രിപ്പിൾ ക്യാമറ സിസ്റ്റം കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിൽ 48എംപി മെയിൻ സെൻസർ, 13എംപി അൾട്രാവൈഡ് ക്യാമറ, 10.8എംപി ടെലിഫോട്ടോ ലെൻസ് എന്നിവയുണ്ട്. കൂടുതൽ വൈവിധ്യമാർന്ന ക്യാമറ സിസ്റ്റം കൊണ്ടുവന്നതിനാൽ ഗൂഗിൾ സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം മാറിയിരിക്കുകയാണ്.
ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകൾ: ഗൂഗിൾ ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് പിക്‌സൽ 10 മോഡൽ വാങ്ങാനുള്ള മറ്റൊരു കാരണം. നിലവിൽ, ആൻഡ്രോയിഡ് 16-ലാണ് ഫോൺ പ്രവർത്തിക്കുന്ന്. ഇത് ആൻഡ്രോയിഡ് 22 വരെ നിലനിൽക്കും. അതിനാൽ, 79,999 രൂപയ്ക്ക് ഗൂഗിൾ 10 ബേസ് മോഡൽ വാങ്ങുന്നതാവും ഉചിതം.