TECH

ഉത്സവകാലത്ത് രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞു; ഇനി വരുന്നത് വന്‍ വിലക്കയറ്റമെന്ന് റിപ്പോര്‍ട്ട്

ചിപ്പുകളുടെയും മെമ്മറിയുടെയും വിലക്കയറ്റം വിപണിയെ ബാധിച്ചു; 20,000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിൽപ്പന പകുതിയോളം കുറഞ്ഞു, പ്രീമിയം ഫോണുകൾ 2 ലക്ഷത്തിലേക്ക് അടുക്കുന്നു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: 2026-ലെ ഉത്സവകാലത്ത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ ഇടിവുണ്ടായതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. സീസൺ ആരംഭിക്കുന്നതിന് മുമ്പ് 12 ശതമാനം ഇടിവ് മാത്രമായിരുന്നു വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒക്ടോബർ 8 മുതൽ 18 വരെയുള്ള ആദ്യഘട്ട സെയിലിൽ തന്നെ വിൽപ്പന 19 ശതമാനം ഇടിഞ്ഞുവെന്നാണ് റിപ്പോർട്ട്.

വിറ്റഴിച്ച ഫോണുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, സ്മാർട്ട്ഫോണുകളുടെ ശരാശരി വിൽപ്പന വില കഴിഞ്ഞ വർഷത്തേക്കാൾ 28 ശതമാനം വർദ്ധിച്ചതിനാൽ വിപണിയിലെ ആകെ വരുമാനത്തിൽ വലിയ ഇടിവുണ്ടായില്ല. ഡി-റാം , നാൻഡ്മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം എൻട്രി ലെവൽ ഫോണുകളുടെ വരെ വില ഉയരാൻ കാരണമായി. 2025-ൽ 35 മുതൽ 40 ശതമാനം വരെ ഉത്സവകാല ഡിസ്കൗണ്ടുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 10 മുതൽ 25 ശതമാനം വരെ മാത്രമാണ് കമ്പനികൾക്ക് വിലക്കുറവ് നൽകാനായത്. ഉപഭോക്താക്കളെ ആകർഷിക്കാൻ നോ കോസ്റ്റ് ഇ.എം.ഐ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് സ്കീമുകൾ എന്നിവയെയാണ് ബ്രാൻഡുകൾ പ്രധാനമായും ആശ്രയിച്ചത്. ആകെ വിൽപ്പനയുടെ 48 ശതമാനവും വായ്പാ-ഇ.എം.ഐ പദ്ധതികളിലൂടെയാണ് നടന്നത്.

20,000 രൂപയ്ക്ക് താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഈ വിഭാഗത്തെ ആശ്രയിക്കുന്ന ബ്രാൻഡുകളുടെ വിൽപ്പന ഏകദേശം 50 ശതമാനത്തോളം ഇടിഞ്ഞു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സന്ദർശകരുടെ എണ്ണം വർദ്ധിച്ചെങ്കിലും അത് വിൽപ്പനയായി മാറിയില്ല. അതേസമയം പ്രീമിയം ഫോണുകളാണ് വിപണി മൂല്യം പിടിച്ചുനിർത്തിയത്. വിൽപ്പനയിൽ 8 ശതമാനം ഇടിവുണ്ടായെങ്കിലും 21 ശതമാനം വിപണി വിഹിതവുമായി സാംസങ് വിവോയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഗാലക്സി എസ്25 അൾട്രാ, എസ്25 മോഡലുകളാണ് സാംസങ്ങിന് കരുത്തായത്.

വിവോയുടെ വിൽപ്പന 21 ശതമാനവും ഒപ്പോയുടെ വിൽപ്പന 24 ശതമാനവും കുറഞ്ഞു. റീഫർബിഷ്ഡ് ഐഫോണുകളോടുള്ള താല്പര്യം വർദ്ധിച്ചതിനാൽ ആപ്പിളിന്റെ പുതിയ ഫോൺ വിൽപ്പനയിലും ഇരട്ടയക്ക ഇടിവുണ്ടായെങ്കിലും ഐഫോൺ 18 പ്രോ സീരീസിന് മികച്ച പ്രതികരണം ലഭിച്ചു. ഷവോമിക്ക് വലിയ ഇടിവ് നേരിട്ടെങ്കിലും ദീപാവലി സമയത്ത് റെഡ്മി നോട്ട് 15, നോട്ട് 17 സീരീസുകളിലൂടെ വിൽപ്പന മെച്ചപ്പെടുത്തി. 45,000 രൂപയ്ക്ക് മുകളിലുള്ള അൾട്രാ പ്രീമിയം വിഭാഗത്തിൽ ഗൂഗിൾ പിക്സൽ ഫോണുകൾ റെക്കോർഡ് വളർച്ച നേടിയപ്പോൾ പത്തു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് 'എ.ഐ പ്ലസ് സ്മാർട്ട്ഫോൺ' അതിവേഗം വളരുന്ന ബ്രാൻഡായി മാറി.

ഇതിനിടെ 2026 അവസാനത്തോടെ ഇന്ത്യയിലെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുടെ വില 2025 നെ അപേക്ഷിച്ച് 30 ശതമാനത്തിലധികം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കൗണ്ടർപോയിന്റിന്റെ മറ്റൊരു റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എ.ഐ ഡാറ്റാ സെന്ററുകളിൽ നിന്നുള്ള വൻ ഡിമാൻഡ് കാരണം മെമ്മറി ചിപ്പുകളുടെ വില കുതിച്ചുയർന്നതോടെ ഒരു ഫോണിന്റെ ആകെ നിർമ്മാണച്ചെലവിൽ മെമ്മറിയുടെ വിഹിതം 2025 തുടക്കത്തിലെ 13 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിന് മുകളിലേക്ക് ഉയർന്നു. ഇതോടെ ഇന്ത്യയിൽ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വിലനിലവാരം 50,000 , 70,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലേക്ക് മാറും. ആപ്പിൾ, സാംസങ് ഫ്ലാഗ്ഷിപ്പുകൾ രണ്ട് ലക്ഷം രൂപയോട് അടുക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

SCROLL FOR NEXT