TECH

ഇൻസ്റ്റ​ഗ്രാമിൽ വൻ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

സൈബർ സെക്യൂരിറ്റി സ്ഥാപനമായ മാൽവെയർ ബൈറ്റ്‌സ് ആണ് സുരക്ഷാ വീഴ്ചയുണ്ടായെന്ന വിവരം പുറത്തുവിട്ടത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

യുവാക്കൾക്ക് ഇടയിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റ​ഗ്രാമിൽ ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായാണ് സംശയം. ലൊക്കേഷൻ, ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവരങ്ങൾ ഡാർക്ക് വെബ്ബിൽ പ്രസിദ്ധീകരിച്ചെന്നും വിൽപനയ്ക്ക് വച്ചെന്നും റിപ്പോർട്ടുണ്ട്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ മാൽവെയർ ബൈറ്റ്‌സ് ആണ് സുരക്ഷാ വീഴ്ചയുണ്ടായെന്ന വിവരം പുറത്തുവിട്ടത്.

അതേസമയം, നിരവധി ഉപയോക്താക്കൾക്ക് പാസ്‍വേർഡ് റീസെറ്റ് മെയിലുകൾ ലഭിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പണം ആക്സസ് ചെയ്യാൻ സൈബർ ആക്രമണത്തിന് പിന്നിലുള്ളവർ സജീവമായി ശ്രമിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംഭവത്തിൽ ഇൻസ്റ്റഗ്രാമിൻ്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ വിശദമായ സാങ്കേതിക വിശദീകരണം നൽകിയിട്ടില്ല.

അതേസമയം, സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇൻസ്റ്റഗ്രാം പാസ്‌വേർഡ് അടിയന്തരമായി മാറ്റാനും ടു ഫാക്ടർ ഓതൻ്റിക്കേഷൻ സംവിധാനം ഏർപ്പെടുത്താനും സൈബർ വിദഗ്ധർ നിർദേശിക്കുന്നു. കൂടാതെ ലോഗിൻ ആക്ടിവിറ്റി കൃത്യമായി പരിശോധിക്കാനും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനും ഉപയോക്താക്കൾ ജാഗ്രത പാലിക്കണം.

2024ൽ ഇൻസ്റ്റഗ്രാം എപിഐ ഡാറ്റാ ലീക്കിലൂടെ സംഭവിച്ച വിവരങ്ങളുടെ ചോരലിൽ നഷ്ടമായ വിവരങ്ങളാണ് ഇപ്പോൾ ഡാർക്ക് വെബ്ബിൽ പ്രചരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

SCROLL FOR NEXT