പുതിയ എഐ പ്ലാറ്റ്‌ഫോമുമായി എത്തുന്ന ജെഫ് ബെസോസിനെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്. ജെഫ് ബെസോസ് സഹസ്ഥാപകനായിക്കൊണ്ടാണ് പുതിയ എഐ പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നത്. ഇതിനായി 6.2 ബില്യണ്‍ ഡോളര്‍ ബെസോസ് നിക്ഷേപിക്കുമെന്നുമാണ് വാര്‍ത്തകള്‍.
കമ്പ്യൂട്ടറുകള്‍, എയ്റോസ്പേസ്, ഓട്ടോമൊബൈല്‍സ് തുടങ്ങിയ മേഖലകളിലെ എഞ്ചിനീയറിംഗ്, നിര്‍മ്മാണത്തിനായി AI ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആണ് ബെസോസ് ആരംഭിക്കുന്നത്. മെറ്റ, ഓപ്പണ്‍ എഐ, ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് എന്നിവടിങ്ങളിലെ നൂറോളം പേരെ തന്റെ സ്റ്റാര്‍ട്ടപ്പിലേക്ക് ബെസോസ് നിയമിച്ചു കഴിഞ്ഞതായും വാര്‍ത്തയുണ്ട്.
ഈ വാര്‍ത്തയോടുള്ള പ്രതികരണമായാണ് മസ്‌ക് ബെസോസിനെ പരിഹസിച്ചത്. കോപ്പി കാറ്റ് എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. ഇതാദ്യമായല്ല, ബെസോസ് തന്നെ അനുകരിക്കുന്നുവെന്ന് മസ്‌ക് ആരോപിക്കുന്നത്.
സ്‌പേസ് എക്‌സുമായി മത്സരിക്കാന്‍ ഇന്റര്‍നെറ്റ്-ബീമിംഗ് ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ബെസോസ് വെളിപ്പെടുത്തിയപ്പോഴും, ടെസ് ലയ്ക്ക് വെല്ലുവിളിയായി ആമസോണ്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ സ്റ്റാര്‍ട്ടപ്പായ സൂക്‌സിനെ വാങ്ങിയപ്പോഴും മസ്‌ക് ബെസോസിനെതിരെ രംഗത്തെത്തിയിരുന്നു. മസ്‌കിന്റെ എഐ പ്ലാറ്റ്‌ഫോമായ ഗ്രോക്കിന് വെല്ലുവിൡയായാണ് ബെസോസ് പുതിയ സ്റ്റാര്‍ട്ടപ്പുമായി എത്തുന്നത്.
പ്രൊജക്ട് പ്രൊമിത്യൂസ് എന്നാണ് ബെസോസിന്റെ എഐ സ്റ്റാര്‍ട്ടപ്പിന്റെ പേര്. മുന്‍ ഗൂഗിള്‍ ഗവേഷകന്‍ വിക് ബജാജിനൊപ്പം ചേര്‍ന്നാണ് ബെസോസിന്റെ പുതിയ പദ്ധതി.