ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 17 സീരീസ് ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. എന്നാൽ അർധരാത്രിമുതൽ ആരാധകർ ഐഫോൺ വാങ്ങാൻ തയ്യാറെടുത്തു കഴിഞ്ഞു. ഡൽഹി, മുംബൈ, ബെംഗളൂരു സ്റ്റോറുകളിൽ നീണ്ട ക്യൂവാണ് അർധരാത്രി മുതൽ പ്രത്യക്ഷപ്പെട്ടത്. സൂര്യനുദിക്കുന്നതിനു മുൻപ് തന്നെ എല്ലാ പ്രധാനപ്പെട്ട ഔട്ട്ലെറ്റുകൾക്കു മുന്നിൽ ആളുകൾ തമ്പടിച്ചു കഴിഞ്ഞു. സ്റ്റോറിന്റെ ഗേറ്റുകൾ തുറക്കുമ്പോൾ ആരാധകർ ആർപ്പുവിളിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
പുതിയ മോഡൽ ആദ്യം സ്വന്തമാക്കാൻ ആഗ്രഹിച്ചെത്തിയ നിരവധിപ്പേരാണ് സന്തോഷം അടക്കാനാകാതെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയത്. രാവിലെ 8 മണിക്ക് കട തുറക്കുന്ന സമയം തന്നെ നിയന്ത്രിക്കാനാകാത്ത വിധം ഉപഭോക്താക്കൾ തടിച്ചുകൂടിയിരുന്നു. ആപ്പിളിന്റെ മുൻനിര ഔട്ട്‌ലെറ്റുകളിൽ ആളുകലെ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഐഫോണിന്റെ പുതിയ മോഡലുകൾ ആദ്യ ദിനം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് പല ഉപഭോക്താക്കളും മാധ്യമങ്ങളോട് പ്രതികരിച്ചു.
ഐഫോൺ 17 സീരീസിന്റെ വില 82,900 രൂപ മുതൽ 2,29,900 രൂപ വരെയാണ്. വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി, ആപ്പിളിന്റെ റീട്ടെയിൽ പങ്കാളികളും വിതരണക്കാരും ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസുകൾ, ദീർഘകാല ഇഎംഐ പ്ലാനുകൾ എന്നിവയുൾപ്പെടെ നിരവധി ലോഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഐഫോൺ മോഡലുകളിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ആക്‌സസറികളുടെയും വെയറബിളുകളുടെയും ബണ്ടിൽഡ് ഡീലുകൾ പ്രയോജനപ്പെടുത്താം.