ഐഫോണ്‍ എയർ ഡിസൈനർ അബിദുർ ചൗധരി
ഐഫോണ്‍ എയർ ഡിസൈനർ അബിദുർ ചൗധരി

ഐഫോണിന്റെ 'സ്ലിം ബ്യൂട്ടി'യുടെ ഡിസൈനർ; ആരാണ് അബിദുർ ചൗധരി?

മുൻ മോഡലുകളേക്കാൾ മൂന്നിലൊന്ന് കനം മാത്രമാണ് ഐഫോണ്‍ എയറിനുള്ളത്
Published on

വാഷിങ്ടണ്‍: 'ഓവ് ഡ്രോപ്പിങ്' ഇവന്റില്‍ ഐഫോണ്‍ 17 സീരീസ് മോഡലുകള്‍ക്കൊപ്പം പ്രാധാന്യം നല്‍കിയാണ് ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ എയർ പുറത്തിറക്കിയത്. ടൈറ്റാനിയം കേസിങ്ങോട് കൂടിയ കനംകുറഞ്ഞ, ചെറിയ സ്മാർട്ട് ഫോണ്‍. ഒരു ലക്ഷത്തിലധികം വില വരുന്ന ഈ മോഡലിന് സവിശേഷതകള്‍ അനവധിയാണ്. അതില്‍ ഏറ്റവും പ്രധാനം ഡിസൈന്‍ ആണ്.

മുൻ മോഡലുകളേക്കാൾ മൂന്നിലൊന്ന് കനം മാത്രമാണ് ഐഫോണ്‍ എയറിനുള്ളത്. എഐ സഹായത്തോടെ ഫോട്ടോകള്‍ മെച്ചപ്പെടുത്തുന്ന ടെലിഫോട്ടോ ലെൻസുള്ള ഒരൊറ്റ ക്യാമറ മാത്രമാണ് ഈ മോഡലിനുള്ളത്. ബാറ്ററി ചെറുതെങ്കിലും ഒരു ദിവസം വരെ ബാറ്ററി ലൈഫ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നു. ചിപ്‌സെറ്റ്, സിസ്റ്റം മൊഡ്യൂളുകൾ എന്നിവയ്‌ക്ക് അനുയോജ്യമായ രീതിയിൽ 17 പ്രോ മോഡലുകള്‍ക്ക് സമാനമായി ഐഫോൺ എയറിലും ക്യാമറാ പ്ലാറ്റോ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

"ഭാവിയുടെ ഒരു ഭാഗം പോലെ തോന്നിക്കുന്ന ഒരു ഐഫോൺ നിർമിക്കൂ" എന്നാണ് ആപ്പിള്‍ ഈ മോഡലിന്റെ ഡിസൈനറോട് അവശ്യപ്പെട്ടത്. അതയാള്‍ വിജയകരമായി പൂർത്തിയാക്കി. ഐഫോൺ എയർ സിഇഒ ടിം കൂക്ക് അവതരിപ്പിച്ചതിന് പിന്നാലെ, അതിന്റെ ഡിസൈനിങ് യാത്ര അയാള്‍ വിവരിച്ചു. എന്നാല്‍ അയാള്‍ നേരിട്ട് സ്റ്റേജില്‍ പ്രത്യക്ഷനായില്ല. വേദിയില്‍ പ്രദർശിപ്പിച്ച വീഡിയോയില്‍ അയാളുടെ ശബ്ദവും 'അബിദുർ ചൗധരി' എന്ന പേരും മാത്രമാണ് നമ്മൾ കണ്ടത്.

ഐഫോണ്‍ എയർ ഡിസൈനർ അബിദുർ ചൗധരി
ഫ്രീയായി പ്രതിദിനം എത്ര ഇമേജുകൾ ജനറേറ്റ് ചെയ്യാം? ജെമിനി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വെളിപ്പെടുത്തി ​ഗൂ​ഗിൾ

"നിങ്ങള്‍ വിശ്വാസത്തിലെടുക്കേണ്ട വിരോധാഭാസം" എന്നാണ് ലോഞ്ചിങ് ഇവന്റില്‍ ഐഫോണ്‍ എയറിന്റെ സവിശേഷതകള്‍ ചൂണ്ടിക്കാട്ടി അബിദുർ ചൗധരി പറഞ്ഞത്.

ആരാണ് അബിദുർ ചൗധരി?

1. ഇംഗ്ലണ്ടിലെ ലണ്ടനിൽ ജനിച്ചു വളർന്ന അബിദുർ ചൗധരി നിലവിൽ സാൻ ഫ്രാൻസിസ്കോയിൽ ഡിസൈനറായി ജോലി ചെയ്യുകയാണ്. "പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ഇഷ്ടപ്പെടുന്ന" ഒരാളായാണ് സ്വയം വിശേഷിപ്പിക്കുന്നത്. "ആളുകൾക്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത" ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുകയാണ് അബിദുറിന്റെ ലക്ഷ്യം.

2. ലൗബറോ സർവകലാശാലയിൽ നിന്ന് പ്രൊഡക്ട് ഡിസൈനിലും ടെക്നോളജിയിലും ബാച്ചിലേഴ്സ് ബിരുദം നേടി. വിദ്യാർഥിയായിരിക്കുന്ന കാലത്ത്, പ്രൊഡക്ട് ഡിസൈനിങ്ങിനുള്ള ത്രീഡി ഹബ്സ് സ്റ്റുഡന്റ് ഗ്രാന്റ്, ജെയിംസ് ഡൈസൺ ഫൗണ്ടേഷൻ ബർസറി, ന്യൂ ഡിസൈനേഴ്‌സ് കെൻവുഡ് അപ്ലയൻസസ് അവാർഡ്, സെയ്‌മൂർ പവൽ ഡിസൈൻ വീക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ അവാർഡുകൾ നേടി. 'പ്ലഗ് ആൻഡ് പ്ലേ' ഡിസൈനിന് 2016 ൽ റെഡ് ഡോട്ട് ഡിസൈൻ അവാർഡും സ്വന്തമാക്കി.

3. യുകെയിൽ കേംബ്രിഡ്ജ് കൺസൾട്ടന്റിലും കർവെന്റയിലും ഇന്റേൺ ആയി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ലണ്ടനിലെ ലെയർ ഡിസൈനിൽ ഇൻഡസ്ട്രിയൽ ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചു.

ഐഫോണ്‍ എയർ ഡിസൈനർ അബിദുർ ചൗധരി
ഇതിനൊക്കെ ഇപ്പോഴും പ്രസക്തിയുണ്ടോ? ഐഫോണ്‍ 17 അവതരിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി സാംസങ്ങ്

4. 2018 മുതൽ 2019 വരെ, സ്വന്തം കൺസൾട്ടൻസിയായ അബിദുർ ചൗധരി ഡിസൈനിലാണ് പ്രവർത്തിച്ചത്. ഡിസൈൻ ഏജൻസികൾ, ഇന്നൊവേറ്റീവ് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി ചേർന്ന് ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയും അവയുടെ ഡിസൈൻ തന്ത്രങ്ങൾ രൂപീകരിക്കുന്നതിലുമാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

5. 2019 ജനുവരിയിൽ, ആപ്പിളിൽ ഇൻഡസ്ട്രിയൽ ഡിസൈനറായി ചേർന്നു. പുതിയതായി പുറത്തിറക്കിയ ഐഫോൺ എയർ ഉൾപ്പെടെ കമ്പനിയുടെ ഏറ്റവും നൂതനമായ ചില ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ പങ്കാളിയായി. ഇതുവരെ പുറത്തിറങ്ങിയ ഐഫോണുകളില്‍ വച്ച് ഏറ്റവും മെലിഞ്ഞ മോഡലാണ് ഐഫോൺ എയർ.

ഐഫോൺ എയറിനൊപ്പം ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നീ മോഡലുകളും കഴിഞ്ഞ ദിവസം നടന്ന ലോഞ്ചിങ് ഇവന്റില്‍ ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. അപ്‌ഗ്രേഡ് ചെയ്ത ക്യാമറകൾ, പുതിയ ആപ്പിൾ എ 19 പ്രോ ചിപ്പ്, വലിയ ഡിസ്‌പ്ലേകൾ എന്നിവ ഉൾക്കൊള്ളുന്നവയാണ് 17 സീരീസ് ഐഫോണുകള്‍. ഇന്ത്യൻ വിപണിയിൽ ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളിലും പുതിയ കളർ വേരിയന്റുകളിലും ഈ ഫോണുകള്‍ ലഭ്യമാകും.

News Malayalam 24x7
newsmalayalam.com