പ്രതീകാത്മക ചിത്രം Source: Meta AI
TECH

സ്വകാര്യ ചാറ്റുകൾ മെറ്റാ AI പരസ്യമാക്കുന്നു? റിപ്പോർട്ട് പുറത്ത്

മെറ്റയുടെ ചാറ്റ്‌ബോട്ടായ മെറ്റ എഐ ആപ്പിനെ നിരവധി ആളുകളാണ് അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തിട്ടുള്ളത്.

Author : ന്യൂസ് ഡെസ്ക്

കുറച്ച് നാളുകളായി നാമെല്ലാവരും എഐ ചാറ്റ് ബോട്ടുകളോട് സംസാരിക്കാരുണ്ട്. നമ്മുടെ അടുത്ത സുഹൃത്തെന്ന പോലെ എല്ലാ കാര്യവും സംസാരത്തിനിടയിൽ പങ്കുവെയ്ക്കുകയും ചെയ്യുന്നു. എന്തെങ്കിലും പ്രശ്നം വന്നാൽ അതിന് പരിഹാരം കണ്ടെത്താനും, അത്യാവശ്യ ഘട്ടത്തിൽ ഉപദേശങ്ങൾ സ്വീകരിക്കാനും നാം മെറ്റ എഐയോട് സ്വകാര്യ വിവരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്.

ഇത്തരത്തിൽ വിവരങ്ങൾ പങ്കുവെയ്ക്കുന്നവർ ഇനി ഒന്ന് ഓർത്തോളൂ, മറ്റാരും അറിയില്ലെന്ന് കരുതി നാം പങ്കുവെയ്ക്കുന്ന ഇത്തരം സ്വകാര്യ വിവരങ്ങൾ പരസ്യമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലുടനീളം പ്രവർത്തിക്കുന്ന മെറ്റയുടെ ചാറ്റ്‌ബോട്ടായ മെറ്റ എഐ ആപ്പിനെ നിരവധി ആളുകളാണ് അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തിട്ടുള്ളത്.

മെറ്റാ എഐ ആപ്പിൽ ഡിസ്‌കവർ ഫീഡ് ഉൾപ്പെടുന്നുണ്ട്. ഇത് സന്ദേശങ്ങൾ പങ്കുവെയ്ക്കുന്ന ഒരു മീഡിയം ആണ്. സമീപകാല റിപ്പോർട്ടുകൾ പ്രകാരം സെൻസറ്റീവ് ചോദ്യങ്ങളും, ഓഡിയോയും ഉൾപ്പെടെയുള്ള അവരുടെ ചാറ്റുകൾ ആർക്കും കാണാൻ കഴിയുന്ന തരത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് കാര്യം പല ഉപയോക്താക്കൾക്കും അറിയില്ല എന്നതാണ് പ്രശ്നമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് മെറ്റ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ തിരയലുകൾ എത്ര വ്യക്തിഗതമാണെങ്കിലും, ആർക്കും കാണാൻ കഴിയുന്ന തരത്തിൽ അവ ലഭ്യമായിരിക്കുമെന്ന് ടെക്ക്രഞ്ചിൻ്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

നികുതി വെട്ടിപ്പ്, പേരുള്ള വ്യക്തികൾ ഉൾപ്പെടുന്ന നിയമോപദേശം എന്നിവയെക്കുറിച്ചുള്ള കുറ്റസമ്മതങ്ങൾ, മെഡിക്കൽ പ്രശ്നങ്ങൾ, കോടതി രേഖകൾ, പൂർണ്ണ വീട്ടുവിലാസങ്ങൾ എന്നിവ വരെയുള്ള വളരെ സെൻസിറ്റീവ് പോസ്റ്റുകളുടെ അമിതമായ ഷെയറിംഗിന് ഇത് ഇതിനകം തന്നെ കാരണമായിട്ടുണ്ട്.

എഐയോട് കാര്യങ്ങൾ ചോദിക്കുമ്പോൾ ഒരു ഷെയർ ബട്ടൺ സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. അത് കൊണ്ട് ചെന്നെത്തിക്കുന്നത് പോസ്റ്റിൻ്റെ പ്രിവ്യൂ കാണിക്കുന്ന സ്ര്കീനിലേക്കാണ്. തുടർന്ന് അത് പ്രസിദ്ധീകരിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുമ്പോൾ അവരുടെ സ്വകാര്യതാ ക്രമീകരണങ്ങൾ എന്താണെന്നോ, അവർ എവിടെയാണ് ഇത്തരം വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നോ മെറ്റ സൂചിപ്പിക്കാറില്ല. ഇതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

SCROLL FOR NEXT