ഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ച വിവാദ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് ഫീച്ചര്‍ നീക്കം ചെയ്ത് മെറ്റ. നാല് ദിവസം മുന്‍പ് അവതരിപ്പിച്ച മ്യൂസ് ഇമേജ് എന്ന ടൂളാണ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്.
പബ്ലിക്ക് ആക്കിയിട്ടുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ റഫര്‍ ചെയ്തുകൊണ്ട് എഐ ഇമേജുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുന്നതായിരുന്നു മ്യൂസ് ഇമേജ് ടൂള്‍. ഒരു പ്രോംപ്റ്റില്‍ ഏതെങ്കിലും അക്കൗണ്ട് ഐഡി പരാമര്‍ശിച്ചാല്‍ ആ അക്കൗണ്ടിലെ ഫോട്ടോകളെ അടിസ്ഥാനമാക്കി എഐ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.
അക്കൗണ്ട് ഉടമകള്‍ പോലും അറിയാതെ അവരുടെ ചിത്രങ്ങള്‍ എഐ ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് അഭിനേതാക്കൾ അടക്കമുള്ളവർ പ്രതിഷേധിച്ചതോടെയാണ് ടൂൾ നീക്കം ചെയ്യാൻ മെറ്റ തീരുമാനിച്ചത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍ എന്നിവയിലും കൂടുതല്‍ എഐ ഫീച്ചറുകള്‍ കൊണ്ടുവരാനും എഐ വിഡിയോ ടൂള്‍ നിര്‍മിക്കാനും മെറ്റയ്ക്ക് പദ്ധതിയുണ്ട്.