TECH

''എന്ത് ചെയ്താലും എഐക്ക് മനുഷ്യ വികാരം സാധ്യമല്ല''; എഐ ഡെവലപ്പര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ തലവന്‍

ശാസ്ത്രജ്ഞരും തത്വചിന്തകരും എന്തിന് പൊതുജനം പോലും എഐക്ക് വികാരങ്ങള്‍ ഉണ്ടാവുമോ എന്ന് ചോദിച്ച് രണ്ട് തട്ടിലാണ്.

Author : ന്യൂസ് ഡെസ്ക്

കോണ്‍ഷ്യസ് എഐയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ക്കും എഐ ഡെവലപ്പര്‍മാര്‍ക്കും മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ തലവന്‍ മുസ്തഫ സുലൈമാന്‍. ഒരു യഥാര്‍ഥ മനുഷ്യന്റെ വൈകാരിക തലങ്ങള്‍ എഐയില്‍ സൃഷ്ടിക്കുകയെന്നത് നടക്കാത്തകാര്യമാണ്. എഐയില്‍ കാണുന്ന എന്ത് തരം വൈകാരിക അനുഭവവും ഒരു സിമുലേഷന്‍ മാത്രമായിരിക്കുമെന്നും മുസ്തഫ സുലൈമാന്‍ പറഞ്ഞു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ആളുകള്‍ ചെയ്യേണ്ട ജോലി അതല്ലെന്ന് ഞാന്‍ വിചാരിക്കുന്നു. നിങ്ങള്‍ തെറ്റായ ചോദ്യം ചോദിച്ചാല്‍ ഒരു തെറ്റുത്തരത്തിലായിരിക്കും അവസാനം എത്തുക. എനിക്ക് തോന്നുന്നു, ഇത് വളരെ തെറ്റായ ഒരു ചോദ്യമാണെന്ന്. ശാരീരികമായി നമുത്ത് ഉണ്ടാകുന്ന വേദനയാണ് ദുഃഖവും ഭീകരാവസ്ഥയുമൊക്കെ നമ്മില്‍ ഉണ്ടാക്കുന്നത്. പക്ഷെ എഐയ്ക്ക് ഒരിക്കലും അങ്ങനെ ഒരു 'വേദന' അനുഭവിച്ച് ദുഃഖം വരില്ല.

എന്തൊക്കെ പറഞ്ഞാലും നമ്മുടെ അനുഭവത്തിന്റെ, നമ്മളെന്ന വികാരത്തിന്റെ, ബോധത്തിന്റെയൊക്കെ വെറും തോന്നല്‍ ജനിപ്പിക്കുക മാത്രമേ ഇതുകൊണ്ട് സാധ്യമാവൂ. ശാസ്ത്രജ്ഞരും തത്വചിന്തകരും എന്തിന് പൊതു ജനം പോലും എഐക്ക് വികാരങ്ങള്‍ ഉണ്ടാവുമോ എന്ന് ചോദിച്ച് രണ്ട് തട്ടിലാണ്. ചിലര്‍ കരുതുന്നത് ബോധമെന്നാല്‍ ബയോളജിക്കല്‍ ആയി, നമ്മുടെ തലച്ചോറുമായി ബന്ധപ്പെട്ട് മനുഷ്യനില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണെന്നാണ്. പക്ഷെ ചിലര്‍ വാദിക്കുന്നത് ബോധത്തെ മെഷീനുകള്‍ക്ക് അല്‍ഗൊരിതത്തിലൂടെ നേടാനാവുമെന്നാണെന്നും മുസ്തഫ സുലൈമാന്‍ പറഞ്ഞു.

എഐ ചാറ്റ്‌ബോട്ടുകള്‍ക്ക് വികാരങ്ങള്‍ തോന്നുമെന്നും കഴിയുമെന്നും ഭാഗികമായി അത് അനുഭവിക്കാന്‍ കഴിയുമെന്നും വാദിച്ചതിന് പിന്നാലെ 2022ല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ബ്ലേക് ലിമോയിണിനെ ഗൂഗിള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എഐ കോണ്‍ഷ്യസ്‌നെസ് എന്നത് ഭാവിയില്‍ യഥാര്‍ഥ്യമാവാന്‍ സാധ്യതയുള്ള ഒന്നാണെന്ന് 2024ല്‍ ആന്ത്രോപികില്‍ എഐ വെല്‍ഫെയര്‍ ഓഫീസര്‍ ആയ കൈല്‍ ഫിഷ് സഹ എഴുത്തുകാരനായിരുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ചാറ്റ്‌ബോട്ടുകള്‍ 15 ശതമാനത്തോളം ഇപ്പോള്‍ തന്നെ കോണ്‍ഷ്യസ്‌നെസ് ഉള്ളവയാണെന്ന് താന്‍ വിശ്വസിക്കുന്നതായും കൈല്‍ ഫിഷ് മുമ്പ് ദ ന്യൂയോര്‍ക്ക് ടൈംസിനോട് പങ്കുവച്ചിരുന്നു.

SCROLL FOR NEXT