നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓരോ കോളിനുമൊപ്പം വിളിക്കുന്നയാളുടെ പേരും സ്‌ക്രീനിൽ തെളിയുന്ന സംവിധാനം വരുന്നു. മൊബൈൽ സിം എടുക്കുമ്പോൾ ഉപയോക്താവ് നൽകുന്ന ഐഡി പ്രൂഫിലെ പേരായിരിക്കും ആരെങ്കിലും വിളിക്കുമ്പോൾ സ്‌ക്രീനില്‍ തെളിയുക. പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള നിർദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അംഗീകാരം നൽകി.
പുതിയ തീരുമാനപ്രകാരം ആരാണ് വിളിക്കുന്നതെന്ന് കാണാൻ സാധിക്കുന്നതിലൂടെ കോൾ എടുക്കണോ, എടുത്താലെന്ത് മറുപടി നൽകുമെന്നും മുൻകൂട്ടി കാണാൻ സാധിക്കും. ഇത് വിശ്വാസ്യത മെച്ചപ്പെടുത്തുകയും അനാവശ്യമോ വഞ്ചനാപരമോ ആയ കോളുകൾ ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുവെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പേര് പ്രദർശിപ്പിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് അവരുടെ ടെലികോം ഓപ്പറേറ്ററെ ബന്ധപ്പെടുന്നതിലൂടെ ഇതിൽ നിന്നും ഒഴിവാകാൻ സാധിക്കും. കോളിന് മറുപടി നൽകുന്നതിന് മുമ്പ് തന്നെ വിളിക്കുന്നയാളുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ സ്‍പാം, സ്‌കാം കോളുകളുടെ വർധിച്ചുവരുന്ന ഭീഷണി തടയാൻ ഫീച്ചർ സഹായിക്കുമെന്ന് ട്രായ് അറിയിച്ചു.
ഇന്ത്യയിൽ മൊബൈൽ ഉപയോഗത്തിലും, അനാവശ്യ കോളുകളുടെ കാര്യത്തിലും വർധന തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നും റിപ്പോർട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള മൊബൈൽ ആശയവിനിമയങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ട്രായ് പങ്കുവയ്ക്കുന്നുണ്ട്.