മോട്ടോറോള എഡ്ജ് 60 Source: Motorola IN
TECH

മോട്ടോറോള എഡ്ജ് 60 ലോഞ്ച് ഇന്ത്യയിൽ ജൂൺ 10ന്; അറിയേണ്ടതെന്തെല്ലാം?

പുതിയ ഫോൺ മോട്ടോറോളയുടെ ഔദ്യോഗിക സൈറ്റിൽ നിന്നോ ഫ്ലിപ്‌കാർട്ട് വഴിയോ വാങ്ങാനാകും

Author : ന്യൂസ് ഡെസ്ക്

മോട്ടോറോള എഡ്ജ് സീരീസിലേക്ക് പുതിയ അതിഥിയെത്തുന്നു. മോട്ടോറോള എഡ്ജ് 60 ജൂൺ പത്തിന് ഇന്ത്യയിൽ ലോഞ്ചിനൊരുങ്ങുന്നു. ഇതിനകം തന്നെ ഈ വർഷം മോട്ടോ എഡ്ജ് 60 സീരീസിലെ മൂന്ന് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു. മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ, മോട്ടറോള എഡ്ജ് 60 സ്റ്റൈലസ്, മോട്ടോറോള എഡ്ജ് 60 പ്രോ എന്നിവയാണ് എഡ്ജ് 60 സീരീസിൽ പുറത്തിറങ്ങിയ ഫോണുകൾ. എന്നാൽ, അക്കൂട്ടത്തിലേക്കൊരു സ്റ്റാൻഡേർഡ് മോഡൽ എന്ന നിലയ്ക്കാണ് മോട്ടോറോള എഡ്ജ് 60 എത്തുന്നത്. ജൂൺ 10ന് ഫോൺ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മോട്ടോറോള എഡ്ജ് 60ൻ്റെ സവിശേഷതകൾ

മോട്ടോറോള എഡ്ജ് 60, HDR10+ പിന്തുണയും 100% DCI-P3 കളർ ഗാമട്ടുമുള്ള 6.7 ഇഞ്ച് 1.5K ക്വാഡ് കർവ്ഡ് pOLED ഡിസ്‌പ്ലേയുമായാണ് വരുന്നത്. ഇത് IP68 + IP69 റേറ്റിംഗോടെ വരും, അതായത് ഫോണിന് 1.5 മീറ്റർ വരെ വെള്ളത്തിൽ മുങ്ങുന്നത് നേരിടാൻ കഴിയും, അതേസമയം ഏത് ദിശയിൽ നിന്നുമുള്ള തണുത്ത/ചൂടുവെള്ളത്തെ കൈകാര്യം ചെയ്യാൻ കഴിയും.

മോട്ടോറോള കാണിച്ചിരിക്കുന്ന ടീസർ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്, വീഗൻ ലെതർ ബാക്കും സ്ക്വയർ ക്യാമറ മൊഡ്യൂളും ഉള്ള ഈ വർഷത്തെ എഡ്ജ് 60 ലൈനപ്പ് ഉപകരണങ്ങളിൽ കണ്ടതിന് സമാനമായി എഡ്ജ് 60ന്റെ രൂപകൽപ്പന തുടരുമെന്നാണ്. 68W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് ഫോണിൽ ഉണ്ടാകുക. വയർലെസ് ചാർജിംഗിനുള്ള സംവിധാനം ഉണ്ടാകുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇന്ത്യൻ വിപണിയിൽ മോട്ടോറോള എഡ്ജ് 60ന് ഏകദേശം 22,999 രൂപയാകും വിലയെന്നാണ് കരുതുന്നത്. എന്നാൽ ഇതുവരെ, കമ്പനി വിലയെ സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടില്ല. പുതിയ ഫോൺ മോട്ടോറോളയുടെ ഔദ്യോഗിക സൈറ്റിൽ നിന്നോ ഫ്ലിപ്‌കാർട്ട് വഴിയോ വാങ്ങാനാകും.

SCROLL FOR NEXT