ഓപ്പോ ആരാധകർക്ക് സന്തോഷ വാർത്ത. ഓപ്പോ റെനോ 14 സീരീസിനൊപ്പം ഓപ്പോ പാഡ് എസ്ഇ ഇന്ത്യയിൽ എത്തുമെന്ന് അറിയിച്ചിരുക്കുകയാണ് കമ്പനി. ബജറ്റ് ഫ്രണ്ട്‌ലി ടാബ്‌ലെറ്റ് അടുത്തിടെ ചൈനയിൽ പുറത്തിറക്കിയിരുന്നു. അവസാനമായി 2022 ജൂലൈയിലാണ് ഓപ്പോ അവസാനമായി ടാബ് പുറത്തിറക്കിയത്. അന്ന് പുറത്തിറക്കിയ ആദ്യ ടാബ് ആയ പാഡ് എയറും ഓപ്പോ റെനോ സീരിസിനൊപ്പം തന്നെയാണ് എത്തിയത്. വരാനിരിക്കുന്ന പാഡ് എസ്ഇയും ഓപ്പോ റെനോ 14 സീരീസിനൊപ്പമാണെത്തുന്നതെന്ന കൗതുകം കൂടിയുണ്ട്.
വരാനിരിക്കുന്ന പാഡ് എസ്ഇ അൾട്രാ-ഡ്യൂറബിൾ, ബജറ്റ്-ഫ്രണ്ട്‌ലി ടാബ്‌ലെറ്റ് ആണെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. യാത്ര ചെയ്യുമ്പോൾ പോലുമുള്ള ഉപയോഗത്തിനായാണ് ഇത് നിർമിച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. 11 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ടാബിന് നൽകിയിരിക്കുന്നത്. ദീർഘ നേരം ടാബ് ഉപയോഗിക്കുമ്പോൾ കണ്ണിനുണ്ടാകുന്ന ക്ഷീണം കുറയ്ക്കാനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി പറയുന്നു. കൂടാതെ ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ പെർഫോമൻസ് എന്നിവയ്‌ക്കുള്ള ടിവി റൈൻലാൻഡ് സർട്ടിഫിക്കേഷനുകളും പാഡ് എസ്ഇ നേടിയിട്ടുണ്ടെന്നാണ് ഓപ്പോ അവകാശപ്പെടുന്നത്.
മീഡിയടെക് ഹീലിയോ ജി 100 ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്ന ടാബ്‌ലെറ്റിൽ 2 കെ റെസല്യൂഷനുള്ള 11 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് 500 നിറ്റ്‌സ് ബ്രൈറ്റ്‌നെസ് ലഭിക്കും. 90Hz പാനലാണ് ഓപ്പോ പാഡ് എസ്ഇയ്ക്ക് ഉള്ളത്. 33W ചാർജിംഗിനുള്ള പിന്തുണയുള്ള 9,340mAh ബാറ്ററിയാണ് ഓപ്പോ പാഡ് എസ്ഇയിലുള്ളത്. ഒറ്റ ചാർജിൽ 11 മണിക്കൂർ വരെ തുടർച്ചയായി ഇത് ഉപയോഗിക്കാൻ കഴിയുമെന്നാണ് ഓപ്പോ പറയുന്നത്. 7.39mm വലിപ്പമാണ് പാഡ് SE-യ്ക്കുള്ളത്. സിൽവർ, ബ്ലൂ എന്നീ നിറങ്ങളിൽ ടാബ് ലഭ്യമാകും. അതേസമയം, മെമ്മറി കോൺഫിഗറേഷനുകൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം, 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഓപ്പോ പാഡ് എസ്ഇയാണ് മെയ് മാസത്തിൽ ചൈനയിലും മലേഷ്യയിലും ലോഞ്ച് ചെയ്തത്. നൈറ്റ് ബ്ലൂ, സ്റ്റാർലൈറ്റ് സിൽവർ, നൈറ്റ് ബ്ലൂ സോഫ്റ്റ് എഡിഷൻ, സ്റ്റാർലൈറ്റ് സിൽവർ സോഫ്റ്റ് എഡിഷൻ എന്നിവയിലായിരുന്നു ലോഞ്ചിങ്. വേരിയന്റിന് യഥാക്രമം 11,000 രൂപ, 14,000 രൂപ വിലയാണ് ഏകദേശം പ്രതീക്ഷിക്കുന്നത്. ജൂലൈ 12 നും ജൂലൈ 14 നും ഇടയിൽ നടക്കാനിരിക്കുന്ന ആമസോൺ പ്രൈം ഡേ വിൽപ്പനയിൽ ഇവ വാങ്ങാൻ കഴിയുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.