റാപ്പിഡോയുടെ വരവ് ചെറിയ ഹോട്ടൽ സംരഭങ്ങൾക്ക് ഗുണകരമായിരിക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു Source: AI Generated
TECH

സ്വിഗ്ഗിയും സൊമാറ്റോയും പാടുപെടുമോ? ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെക്കിറങ്ങാൻ റാപ്പിഡോ; ഉപയോക്താക്കൾക്കായി വമ്പൻ ഓഫറുകൾ!

സ്വിഗ്ഗി, സൊമാറ്റോ ആപ്പുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ റസ്റ്റോറൻ്റ് കമ്മീഷനായിരിക്കും റാപ്പിഡോ ഈടാക്കുക.

Author : ന്യൂസ് ഡെസ്ക്

ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്കും ചുവടുവെയ്ക്കാനൊരുങ്ങി ബൈക്ക്-ടാക്സി സർവീസ് കമ്പനി റാപ്പിഡോ. റിപ്പോർട്ടുകളനുസരിച്ച് ഹോട്ടലുകൾക്ക് കുറഞ്ഞ കമ്മീഷൻ നിരക്ക് വാഗ്ദാനം ചെയ്തായിരിക്കും റാപ്പിഡോ ഫുഡ് ഡെലിവറി രംഗത്തേക്കിറങ്ങുക. റാപ്പിഡോയുടെ വരവ് സ്വിഗ്ഗി, സൊമാറ്റോ കമ്പനികൾക്ക് ഭീഷണിയായേക്കുമെന്നും സൂചനയുണ്ട്.

നാഷണൽ റസ്റ്റൊറൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായുള്ള (എൻആർഎഐ) പങ്കാളിത്ത കരാറിലൂടെയാണ് റാപ്പിഡോ ഹോട്ടലുകളുമായുള്ള വാണിജ്യ നിബന്ധനകൾ അംഗീകരിച്ചതെന്ന് 'ദി ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു. അഞ്ച് ലക്ഷത്തിലധികം റെസ്റ്റോറന്റുകളെയാണ് എൻആർഎഐ പ്രതിനിധീകരിക്കുന്നത്. റാപ്പിഡോയുടെ വരവ് ചെറിയ ഹോട്ടൽ സംരഭങ്ങൾക്ക് ഗുണകരമായിരിക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഓർഡറുകളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ റസ്റ്റോറന്റുകളിൽ നിന്ന് 8 മുതൽ 15 ശതമാനം വരെ കമ്മീഷനായിരിക്കും റാപ്പിഡോ ഈടാക്കുക. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ തുക വളരെ കുറവാണ്. 16 മുതൽ 30% വരെയാണ് ഇവരുടെ കമ്മീഷൻ. റിപ്പോർട്ടുകൾ പ്രകാരം, 400 രൂപയിൽ താഴെയുള്ള ഓർഡറുകൾക്ക് 25 രൂപയും 400 രൂപയിൽ കൂടുതലുള്ള ഓർഡറുകൾക്ക് 50 രൂപയും ഫീസാകും റാപ്പിഡോ ഈടാക്കുക.

എൻആർഎഐ പ്രസിഡൻ്റ് സാഗർ ദാര്യാനി റാപ്പിഡോയുമായി ചർച്ച നടത്തിയതായി സ്ഥിരീകരിച്ചു. " ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായുള്ള ചർച്ചകൾക്ക് സമാനമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ റാപ്പിഡോയുമായി ചർച്ച നടത്തിവരികയാണ്. ആരായിരിക്കും ഉപഭോക്താക്കൾ എന്നത് അറിയേണ്ടത് വളരെ പ്രധാനമാണ്, ഇക്കാര്യം അവരെ തുറന്നു അറിയിച്ചിട്ടുണ്ട്," നിബന്ധനകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താതെ എൻആർഎഐ പ്രസിഡന്റ് സാഗർ ദാര്യാനി മാധ്യമങ്ങളോട് പറഞ്ഞു.

ഓൺലൈൻ ഭക്ഷണ വിതരണ വിപണിയിലേക്ക് ചുവടുവെക്കുന്ന ആദ്യ ടാക്സി സർവീസ് ആപ്പല്ല റാപ്പിഡോ. 2017 ൽ ഉബർ കമ്പനി ഉബർ ഈറ്റ്‌സ് എന്ന പേരിൽ ഒരു ഓൺലൈൻ ഫുഡ് ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു. എന്നാൽ ഊബർ ബിസിനസ്സ് സൊമാറ്റോയ്ക്ക് വിറ്റു. ഓല കമ്പനിയും നിലവിൽ ഫുഡ് ഡെലിവറി രംഗത്തുണ്ട്.

SCROLL FOR NEXT